About Noorul ulama Students association

നൂറുല്‍ ഉലമ

നൂറുല്‍ ഉലമ; കാല ഭേദങ്ങളില്‍ കാലിടറാതെ
ജ്ഞാനീയ മേഖലയില്‍ അരനൂറ്റാണ്ട് കൊണ്ട് വിപ്ലവങ്ങള്‍ തീര്‍ത്ത ദക്ഷിണഭാരതത്തിലെ ഉന്നത കലാലയമാണ് ജാമിഅ. പിന്നിട്ട വഴികളില്‍ സുകൃതങ്ങള്‍ മാത്രം സംഭാവന ചെയ്ത്, സമൂഹം അതിന്റെ അനുഭൂതി ആവോളം നുകര്‍ന്ന് കൊണ്ടിരിക്കുന്നു. കാല യവനികക്കുള്ളില്‍ മറഞ്ഞ് പോയ പ്രപിതാക്കളായ പണ്ഡിതരും, സാദാത്തീങ്ങളും, ഉമറാക്കളും വിയര്‍പ്പ് കണങ്ങളൊഴുക്കി അധ്വാനിച്ച് പടുത്തുയര്‍ത്തിയ ഈ കലാലയ മുറ്റത്ത് നിന്നും ഏഴായിരത്തോളം പണ്ഡിതര്‍ വിവിധ മേഖലകളില്‍ കര്‍മ്മനിരധരാണ്.
1964 ജൂണ്‍ 24 നാണ് നൂറുല്‍ ഉലമ നിലവില്‍ വരുന്നത്. ധീര തേജസ്വികളായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടേയും, പാണക്കാട് സയ്യിദ് പൂക്കോയ തങ്ങളുടേയും ആശീര്‍ വാദത്തോടെ, പണ്ഡിത സ്രേഷ്ടരുടെ നിറ സാന്നിധ്യത്തോടെയായിരുന്നു നൂറുല്‍ ഉലമയുടെ രൂപീകരണം. പണ്ഡിതരുടെ പ്രകാശം എന്നര്‍ത്ഥം വരുന്ന ‘നൂറുല്‍ ഉലമ’ എന്ന് നാമകരണം ചെയ്തത് കോട്ടുമല അബൂബക്കര്‍ മുസ്ലിയാരായിരുന്നു. പ്രഥമ യോഗത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത് താഴെക്കോട് കുഞ്ഞലവി മുസ്ലിയാരായിരുന്നു. അറിഞ്ഞിടത്തോളം കേരളത്തിലെ ആദ്യ മതവിദ്യാര്‍ത്ഥി സംഘടനയാണ് നൂറുല്‍ ഉലമ. നൂറുല്‍ ഉലമയുടെ രൂപീകരണത്തിന്റെ ഒരു ദശകം പിന്നിട്ടാണ് സുന്നി വിദ്യാര്‍ത്ഥി സംഘം രൂപീകൃതമാവുന്നത്. പിന്നീട് വന്ദ്യരായ ഗുരുനാഥന്‍മാരെ നിന്ദിക്കാനും ചില സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കപെടാനും അതിനെ വേദിയാക്കിയപ്പോള്‍ പ്രസ്തുത സംഘടന പിരിച്ചു വിട്ട് സമസ്ത കേരള സുന്നി വിദ്യാര്‍ത്ഥി ഫെഡറേഷന്‍ രൂപീകരിച്ചു.

നന്മകള്‍ക്ക് കരുത്ത് പകരാനും തിന്മകള്‍ക്ക് തിരുത്തായി മാറാനും കഴിയുന്ന, ഫൈസി ബിരുദധാരികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ജാമിഅയോളം പഴക്കമുള്ള ഈ വിദ്യര്‍ത്ഥി സംഘടന നൂറുല്‍ ഉലമാ സ്റ്റുഡന്റ് അസോസിയേഷനാണ് എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. സുവര്‍ണ ജൂബിലി പിന്നിട്ട് സുവര്‍ണ ശോഭയോടെ പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഉലമയുടെ കീഴ്ഘടകങ്ങള്‍ തീര്‍ത്തും ജീവസുറ്റതാണ്. വ്യക്തമായി ഭരണഘടനയുടെ പിന്‍ബലത്തോടെ നിര്‍വ്വാഹക സമിതിയും പ്രവര്‍ത്തക സമിതിയുമടക്കം ഒരു ഡസനോളം ഉപ വിഭാഗങ്ങള്‍ കാമ്പസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

തൂലികാ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച് ഗമിച്ച് കൊണ്ടിരിക്കുന്ന ‘അല്‍മുനീര്‍’ ഇന്ന് സാക്ഷര കേരളം കാത്തിരിക്കുന്ന അക്ഷയജ്ഞാന ഉറവിടമായി മാറിയെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. വിവിധ സെമിനാറുകളില്‍ പോലും നമ്മുടെ രചനകള്‍ അധികരിച്ച ചര്‍ച്ചകളായി കടന്ന് വന്നു കൊണ്ടിരിക്കുന്നു. കൂടാതെ വിദ്യാര്‍ത്ഥികളുടെ രചനാ പാഠവം തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്‍കാനും അവ ആനുകാലിക പ്രസിദ്ധീകരണങ്ങളിലേക്കും പത്ര മാധ്യമങ്ങളിലേക്കും എത്തിക്കാനും ‘അല്‍ മുനീറിന്റെ’ കീഴില്‍ കയ്യെഴുത്ത് മാഗസിന്‍ സമിതിയും പ്രവര്‍ത്തിക്കുന്നു.

പ്രഭാഷണ മേഖലയിലേക്ക് പ്രധിഭാധനരെ സംഭാവന ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് സമാജം ബോര്‍ഡ്. ആറ് ഗ്രൂപ്പുകളായി ആഴ്ച തോറും ഗ്രൂപ്പ് സമാജവും റൂം സമാജവും മാസത്തിലൊരിക്കല്‍ സംയുക്ത സമാജവും സജീവമായി ക്യാംപസില്‍ നടക്കുന്നു. ഖുത്വുബ പരിശീലനത്തിനും മറ്റും ആവശ്യമായ ജ്ഞാനീയ മേഖലകളില്‍ പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യവും സമാജം മുഖേന ഒരുക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന് വേണ്ടി തന്‍ശീത്വേ ത്വലബ- സ്‌പെഷല്‍ സമാജം പ്രവര്‍ത്തിക്കുന്നതോടൊപ്പം ആനുകാലിക വിഷയങ്ങളിലുള്ള ചര്‍ച്ചകളും സെമിനാറുകളും നടത്തി വിദ്യാര്‍ത്ഥികളെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. ഭാഷാ നൈപുണ്യം വളര്‍ത്തി വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടാന്‍ ലാംഗ്വേജ് വിങും സമാജത്തിന് കീഴില്‍ നിലവിലുണ്ട്്.

പ്രസാധന രംഗത്ത്് മികവുറ്റ രചനകള്‍ സംഭാവന ചെയ്ത് വായനക്കാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ നൂറുല്‍ ഉലമ പബ്ലിഷിംഗ് ബ്യൂറോക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. മഹാരഥന്മാരുടെ ചരിത്രങ്ങളും പഠനപുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിരവധി കൃതികളും ഇസ്്‌ലാമിക സാമ്പത്തിക കര്‍മ്മ ശാസ്ത്ര രചനകളും പുറത്തിറക്കാന്‍ സാധിച്ചതില്‍ അതീവ ചാരിതാര്‍ത്ഥ്യമുണ്ട്.
ഇസ്്‌ലാമിക ഗ്രന്ഥങ്ങളുടെയും മറ്റും ബൃഹത്തായ ശേഖരവുമായി നൂറുല്‍ ഉലമ ബുക്ക്സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതും സംഘടനക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

കലാലയങ്ങളുടെ ജീവനാഡി എന്നും വായനയുടെ സൗഗന്ധികം വിതറുന്ന ലൈബ്രറികളാണ്. വായിച്ച് വളരാന്‍ വിശാലമായ കമ്പ്യൂട്ടറൈസ്ഡ് ലെബ്രറി സംവിധാനമാണ് നൂറുല്‍ ഉലമ ഒരുക്കിയിട്ടുള്ളത്. വിവിധ ഭാഷകളില്‍ പത്രങ്ങളും മാഗസിനുകളും നിരവധി റഫറന്‍സ് ഗ്രന്ധങ്ങളും ഉള്‍കൊള്ളിച്ച് ആധുനിക സൗകര്യങ്ങളോടെ വിശാലമായ റീഡിംഗ് & റഫറന്‍സ് സെഷനും സജീവമായി നിലവിലുണ്ട്.

ആദര്‍ശ പ്രബോധന രംഗത്ത് അതുല്യ സംഭാവന ചെയ്ത് അല്‍ മുനാളറ ആദര്‍ശ വിംഗ്, ബിദഈ – വികല ആശയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താനും സംവാദം, മുഖാമുഖം, ചര്‍ച്ചകള്‍, മത താരതമ്യ പഠനം തുടങ്ങിയവ സംഘടിപ്പിച്ച് കഴിവുറ്റ പണ്ഡിതരാക്കി മാറ്റാനുള്ള തീവ്രയത്‌നവും നടത്തുന്നു.
ദീനിജ്ഞാനം കരസ്ഥമാക്കാന്‍ കഴിയാതെ പോയ പാവപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് അറിവ് പഠിപ്പിക്കാനും വഴിതെറ്റുന്ന സുഹൃത്തുക്കള്‍ക്ക് നേര്‍വഴി കാണിച്ച്് കൊടുക്കാനും ആത്മീയ മേഖലയിലേക്ക് വഴി നടത്താനും ഊര്‍ജ്ജ സ്വലത നേടിയ വിഭാഗമാണ് ദഅ്‌വാ വിംഗ് (for soul). കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ദീനീ വിജ്ഞാനങ്ങള്‍ എത്തിച്ചു കൊടുക്കാനും ആരാധനാ കര്‍മ്മങ്ങള്‍ ഓര്‍മ്മപ്പെടുത്താനും ഇസ്്‌ലാമിക വെളിച്ചം നാമമാത്രമായ സ്ഥലങ്ങളില്‍, കേരളത്തിനു പുറത്തുപോലും വിജ്ഞാനം പകര്‍ന്നു കൊടുക്കാനും മതപഠന- ടീനേജ് ക്ലാസുകള്‍ക്ക് നേതൃത്വ നല്‍കാനും നാഥന്റെ തൗഫീഖ് കൊണ്ട് ഇതിനകം സാധിച്ചിട്ടുണ്ട്.
ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും രോഗ ശയ്യയിലുള്ളവര്‍ക്ക് ആതുര സേവനങ്ങള്‍ ലഭ്യമാക്കാനും രക്തമാവശ്യമുള്ളവര്‍ക്ക് രക്തം നല്‍കി സഹകരിക്കാനും മെഡിക്കല്‍ പഠന ക്ലാസുകള്‍ നല്‍കി വിദ്യാര്‍ത്ഥികളെ ഉദ്ബുദ്ധരാക്കാനും പ്രവര്‍ത്തിക്കുന്ന ക്യാംപസിലെ ആരോഗ്യ വിഭാഗമാണ് മെഡിക്കല്‍ ബോര്‍ഡ്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായവും സ്‌കോളര്‍ഷിപ്പും നല്‍കി സഹചാരിയാവാന്‍ റിലീഫ് സെല്ലും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ നിക്ഷേപ സാധ്യത വളര്‍ത്തുന്നതിനും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പണം കടം നല്‍കുന്നതിനും ഇസ്്‌ലാമിക് ബാങ്കും ഇതിനുകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സംഘടനയുടെ ചലനാധി ചലനങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും എത്തിക്കാനും ആധുനിക സാങ്കേതിക സൗകര്യങ്ങളുപയോഗിച്ച് പ്രബോന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മികവുറ്റ മീഡിയാ & ഐ.ടി വിംഗ് നൂറുല്‍ ഉലമക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിവര സാങ്കേതിക വിദ്യ പഠിപ്പിച്ചു കൊടുക്കാനും സുസജ്ജമാണ് ഈ വിംഗ്.
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സമര്‍പ്പിത വിഭാഗമാണ് സോഷ്യല്‍ അഫേഴ്‌സ്. സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ക്ക് വേദിയൊരിക്കാനും ക്യാംപസിന്റെ സൗന്ദര്യമായ ഗാര്‍ഡന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ശുചിത്വം കാത്ത് സൂക്ഷിക്കാനും ‘ക്ലീന്‍ ക്യാംപസ് ഗ്രീന്‍ ക്യാംപസ്’ പ്രവര്‍ത്തനങ്ങള്‍ക്ക്് കരുത്ത് പകര്‍ന്ന് ഊര്‍ജ്ജ സ്വലമായി പ്രവര്‍ത്തിക്കുന്ന വിഭാഗവുമാണ് സോഷ്യല്‍ അഫേഴ്‌സ്.

നശാത്വ് എന്ന പേരില്‍ വൈവിധ്യാമാര്‍ന്ന പഠന ക്ലാസുകളും ഖുര്‍ആന്‍ തജ് വീദ്, കയ്യെഴുത്ത് എന്നിവയില്‍ പ്രത്യേക ട്രൈനിംഗുകളും വിദ്യാര്‍ത്ഥികളുടെ മഴവില്ലഴകാര്‍ന്ന കഴിവുകളെ പരിപോഷിപ്പിച്ച് വലിയ പോരാട്ട വീഥിയിലാക്കി ജാമിഅ ഫെസ്റ്റും നൂറുല്‍ ഉലമ സംഘടിപ്പിക്കുന്നു.
കര്‍മ്മ വീഥിയില്‍ ക്രിയാത്മക ചനലങ്ങള്‍ സൃഷ്ടിച്ച് സാഭിമാനം മുന്നോട്ട് ഗമിക്കുകയാണ് നൂറുല്‍ ഉലമ. കാലഭേദങ്ങളില്‍ കാലിടറാതെ, ആദര്‍ശ പ്രഭുദ്ധതയോടെ, ആത്മാഭിമാനത്തോടെ പിന്നിട്ട അരനൂറ്റാണ്ടില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത കരുത്തിന്‍ പതിന്മടങ്ങോടെ നൂറുല്‍ ഉലമക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ട്, നാഥന്‍ തുണക്കട്ടെ…
നടന്നു പോയ ഇന്നലെകളില്‍ ഈ സംഘടനക്കു വേണ്ടി സേവനം ചെയ്ത വര്‍ക്കും ഗുണകാംക്ഷികളായ ഗുരുവര്യാന്മാര്‍ക്കും പ്രത്യേകിച്ച് ജാമിഅയെ ജീവനു തുല്യം സ്‌നേഹിക്കുകയും നൂറുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നില്‍ക്കുകയും വേണ്ട നിര്‍ദ്ദേശങ്ങളും തിരുത്തലുകളും നല്‍കുകയും ചെയ്തിരുന്ന ശൈഖുനാ മുഹഖിഖുല്‍ ഉലമ കുമരംപുത്തൂര്‍ എ.പി ഉസ്താദിനും ഈ മഹത് സ്ഥാപനത്തെ പടുത്തുയര്‍ത്തിയ മുഴുവന്‍ നേതാക്കന്‍മാര്‍ക്കും ജഗനിയന്താവ് ഇഹപര വിജയം നല്‍കുമാറാവട്ടെ…ആമീന്‍