ഈദുൽ ഫിത്വർ;നന്മ കൊണ്ട് ധന്യമാക്കാം ശൈഖുൽ ജാമിഅ: ആലിക്കുട്ടി ഉസ്താദ്

ഒരുമാസക്കാലം നീണ്ട വ്രതശുദ്ധിയുടേയും സൃഷ്ടാവിനോടുളള ആത്മബന്ധത്തിന്റെയും നിറവിൽ വിശ്വാസി സമൂഹം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. മുസ‌്‌ലീം സമൂഹത്തിന് അനുവദിച്ച രണ്ട് ആഘോഷദിനങ്ങളിൽ ഒന്നാണ് ഈദുൽ ഫിത്വർ. ഫിത്വർ സക്കാത്ത് നിർബന്ധമാക്കപ്പെട്ടത് കൊണ്ടാണ് ഈ ദിവസത്തിന് ഈദുൽ ഫിത്വർ എന്ന് നാമകരണം ചെയ്യാൻ കാരണം. അന്നേ ദിവസത്തെ പ്രധാന കർമ്മവും ഫിത്വർ സക്കാത്ത് തന്നെ. തനിക്കും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കും പെരുന്നാൾ ദിവസത്തിലെ ഭക്ഷണം, വസ്ത്രം എന്നിവ കഴിച്ച് ബാക്കിയുളളവന് ഫിത്വർ സക്കാത്ത് കൊടുക്കൽ നിർബന്ധമാണ്. ഇസ്‌ലാമിന്റെ സാമൂഹ്യവ്യവസ്ഥിതി ഉയർത്തിക്കാട്ടുന്ന ഒരുകർമ്മമാണ് ഫിത്വർ സക്കാത്ത്. കാരണം ആഘോഷ ദിവസമായ പെരുന്നാളിൽ ഒരുവിശ്വാസിയും പട്ടിണികിടക്കരുതെന്നാണ് ഇസ്‌ലാം നൽകുന്ന സന്ദേശം. ദരിദ്രരും ധനികരും തമ്മിലുളള സ്നേഹബന്ധം ഇതിലൂടെ ഊട്ടിയുറപ്പിക്കാനുമാവും. മനുഷ്യഹൃദയങ്ങൾ തമ്മിലുളള നന്മകൾ കൈമാറുന്നതിലൂടെ സാമൂഹ്യബന്ധങ്ങളും സുശക്തമാവുമെന്ന മഹത്തായ സന്ദേശമാണ് ഇസ്‌ലാം ഇതിലൂടെ നൽകുന്നത്. അതിലുപരിയായി മനുഷ്യ മനസ്സിനെ സംസ്കരിക്കാനും സക്കാത്ത് കാരണമാവുമെന്നത് കൊണ്ടാണ് അല്ലാഹു പ്രഖ്യാപിച്ചത്, ” പ്രവാചകരേ, അവരുടെ ധനങ്ങളിൽ നിന്ന് നിർബന്ധ ദാനം നീ വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതാണ് (തൗബ: 103). ഒരുമാസക്കാലം തന്റെ അടിമകൾ ചെയ്ത ഇബാദത്തുകളിലെ വീഴ്ചകൾ പരിഹരിക്കാൻ അല്ലാഹു നൽകിയ അവസരം കൂടിയാണ് ഫിത്വർ സക്കാത്ത്. മുസ്‌ലീം സമൂഹത്തെ സംബന്ധിച്ചെടുത്തോളം ചെറിയ പെരുന്നാൾ, ആഘോഷം എന്നതിലുപരി ഒരു ആരാധനയാണ്. ഈദുൽ ഫിത്വർ ദിവസം അല്ലാഹു മലക്കുകളെ വിളിച്ചുകൊണ്ട് പറയും ”നിങ്ങൾ എന്റെ അടിമകളിലേക്ക് നോക്കുക, അവരോട് ഞാൻ ഒരുമാസക്കാലം നോമ്പനുഷ്ടിക്കാൻ പറഞ്ഞു. അവർ നോമ്പനുഷ്ടിച്ചു. ഇന്ന് അവരോട് നോമ്പ് മുറിക്കാൻ പറയുകയും പളളിയിൽ വന്ന് പെരുന്നാൾ നമസ്കാരം നിർവഹിക്കാനും പറഞ്ഞു, അവരത് ചെയ്തു. അതുകൊണ്ട് തന്നെ അവർക്ക് ഞാൻ അവരുടെ പാപങ്ങൾ പൊറുത്തുകൊടുത്തിരിക്കുന്നു. ” പെരുന്നാളിലെ അതിപ്രധാനമായ ഒരുകർമ്മമാണ് തക്ബീർ ചൊല്ലൽ. പെരുന്നാൾ ദിനത്തിലെ തക്ബീർഘോഷത്തെ സംബന്ധിച്ച് പരിശുദ്ധ ഖുറാനിലെ സുറത്ത് ബഖറയിലെ 185ാം സൂക്തത്തിന്റെ ആശയത്തിൽ ഇമാം ശാഫി(റ) വ്യക്തമാക്കുന്നത് ഇങ്ങനെ ”വിശുദ്ധ റമസാൻ മാസം പൂർത്തീകരിക്കാനും അല്ലാഹുവിനെ അനുസരിക്കാനും നിങ്ങൾക്ക് ലഭിച്ച അവസരത്തെ മാനിച്ച് റമസാൻ സമാപന സന്ദർഭത്തിൽ അല്ലാഹുവിന് നിങ്ങൾ തക്ബീർ ചൊല്ലുക, അതുവഴി നിങ്ങൾ കൃതജ്ഞതയുളളവരായി തീരും ”. പെരുന്നാൾ ദിനത്തിൽ കുളിക്കലും പ്രത്യേകം അണിഞ്ഞൊരുങ്ങലും സുഗന്ധം ഉപയോഗിക്കലും തിരുനബിയുടെ ചര്യയാണ്. പെരുന്നാളിൽ നബി യമൻ നിർമ്മിതമായ വസ്ത്രമാണ് അണിഞ്ഞിരുന്നതെന്ന് ഹദീസുകളിൽ കാണാം. പുതുവസ്ത്രങ്ങളുടെ കാര്യത്തിൽ കുട്ടികളെയും ദരിദ്രരേയും പ്രത്യേകം പരിഗണിക്കണം. കാരണം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിവ്യസന്ദേശമാണ് ഓരോ പെരുന്നാളും വിശ്വാസിക്ക് നൽകുന്നത്. എല്ലാവർക്കും തുല്യരീതിയിൽ സന്തോഷമേകുന്നതാവണം. ഒരിക്കൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നതിനായി പളളിയിലേക്ക് പോവുന്ന പ്രവാചകൻ വഴിയരികിൽ ഒരുകുട്ടി കരയുന്നതായി കണ്ടു. പ്രവാചകൻ കുട്ടിയോട് കാര്യമന്വേഷിച്ചു. എനിക്ക് മറ്റുളള കുട്ടികളെ പോലെ അണിഞ്ഞൊരുങ്ങാനും അവരെ പോലെ പിതാവിന്റെ കൈപിടിച്ച് പളളിയിൽ വരാനുമൊക്കെ ആഗ്രഹമുണ്ട്. എന്നാൽ എനിക്ക് വസ്ത്രങ്ങളില്ല, പിതാവുമില്ലെന്ന് കുട്ടി പ്രവാചകനോട് പറഞ്ഞു. നീ വിശമിക്കേണ്ട, ഇന്ന് മുതൽ നിന്റെ പിതാവ് ഞാനാണെന്ന് പറഞ്ഞ് പ്രവാചകൻ ആ പിഞ്ചുബാലനെ സമാധാനിപ്പിച്ചു. ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പുതുവസ്ത്രങ്ങൾ അണിയിപ്പിച്ചു. കുട്ടിയുടെ കൈകൾപിടിച്ച് പളളിയിലേക്ക് വന്നു. അന്ന് പെരുന്നാൾ ഖുത്തുബ നിർവഹിച്ചപ്പോൾ നബിയുടെ മടിയിൽ ആ കുട്ടിയും ഉണ്ടായിരുന്നെന്ന് ഹദീസുകളിൽ കാണാം. പെരുന്നാൾ ആഘോഷം ധാർമ്മിക മൂല്യങ്ങൾ നിരസിക്കുന്നതും മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതുമാവരുതെന്ന് പ്രവാചകൻ കർശന നി‌ർദ്ദേശം നൽകിയിട്ടുണ്ട്. കുടുംബ വീടുകളിൽ സന്ദർശനം നടത്താനും കുടുംബ ബന്ധങ്ങൾ ദൃഢമാക്കാനും സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ശ്രമിക്കണം. സമൂഹത്തിനുതകുന്ന നല്ല പ്രവർത്തികൾ നിർവഹിച്ചുകൊണ്ട് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുന്ദരസന്ദേശങ്ങൾ പകർന്നു നൽകുന്നതാവണം നമ്മുടെ ഓരോ പെരുന്നാളും.      കടപ്പാട്: കേരള കൗമുദി

Leave a Reply

Your email address will not be published. Required fields are marked *