അവസാനത്തെ പത്തും ലൈലതുല്‍ ഖദ്‌റും(സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍)

റമദാനിലെ ഏറ്റവും അമൂല്യമായ ദിനങ്ങളാണ് അവസാനത്തെ പത്തുദിനങ്ങള്‍. റമദാന്റെ അമൂല്യമായ നിധിയാണ് അവ. പൂര്‍വസൂരികള്‍ ഓരോ ദിനവും എണ്ണിയെണ്ണി കാത്തിരിക്കാറുണ്ടായിരുന്നു. അവസാനത്തെ പത്തിലെ ഏറ്റവും പ്രധാനരാവ് ലൈലതുല്‍ ഖദ്്ര്‍ തന്നെയാണ്. അനസ് ബിന്‍ മാലിക് (റ) പറയുന്നു:’ റമദാന്‍ ആഗതമായപ്പോള്‍ നബിതിരുമേനി(സ്വ) പറഞ്ഞു:’ഈ മാസം നിങ്ങള്‍ക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഒരു രാവുണ്ട് അതില്‍. അത് തടയപ്പെട്ടവന് സകല നന്മകളും തടയപ്പെട്ടിരിക്കുന്നു’.

അല്ലാഹു വിശ്വാസികള്‍ക്കായി ഒരുക്കിയ അവസരമാണ് അവ. അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ പദവി നേടിയെടുക്കാന്‍ അവ മുഖേന വിശ്വാസിക്ക് സാധിക്കുന്നതാണ്. പാപങ്ങളില്ലാത്ത നബി (സ്വ) പോലും ഈ ദിനങ്ങളില്‍ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. ആഇശ(റ) പറയുന്നു:’അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ്വ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയാറാവുകയും ചെയ്യാറുണ്ടായിരുന്നു’.

ലൈലതുല്‍ ഖദ്ര്‍

ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലതുല്‍ ഖദ്ര്‍ നല്‍കി മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തെ അല്ലാഹു ആദരിച്ചതാണ്. മുന്‍കാല സമൂഹത്തിന് ഈ സൗഭാഗ്യം ലഭിച്ചിരുന്നില്ല. ഖദ്ര്‍ സൂറത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ ഇങ്ങനെ കാണാം: മുജാഹിദ് (റ) പറയുന്നു: ബനൂ ഇസ്‌റാഈല്‍ സമൂഹത്തില്‍ പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സായുധസമരം നയിക്കുകയും രാത്രിമുഴുവന്‍ ആരാധന നിര്‍വഹിക്കുകയും ചെയ്ത് ആയിരം മാസം ജീവിച്ച ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചു കേട്ട നബി (സ്വ)യും അനുയായികളും ആശ്ചര്യപ്പെടുകയും തങ്ങളുടെ നന്മകള്‍ എത്ര തുച്ഛമാണെന്ന് പരിഭവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത സൂറത്ത് അവതരിച്ചത് (ത്വബ്‌രി). അനസ് (റ) പറയുന്നു: പൂര്‍വകാല സമുദായത്തിന്റെ ആയുസിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ് എന്ന് തിരുനബി (സ്വ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണു ലൈലതുല്‍ ഖദ്ര്‍ വിളംബരം ചെയ്യുന്ന അധ്യായം ഇറങ്ങിയത്. (മുവത്വ, ബൈഹഖി).

വര്‍ഷത്തില്‍ ഏറ്റവും പുണ്യമുള്ള രാത്രിയാണ് ലൈലതുല്‍ ഖദ്ര്‍. വിധി, തീരുമാനം, മഹത്വം എന്നൊക്കെയാണ് ഖദ്‌റിന്റെ അര്‍ഥം. ഈ രാത്രിയിലെ സല്‍കര്‍മങ്ങള്‍ ലൈലതുല്‍ ഖദ്ര്‍ ഇല്ലാത്ത ആയിരം മാസങ്ങളിലെ സല്‍കര്‍മങ്ങളെക്കാള്‍ ശ്രേഷ്ഠമാണ്. ‘യഥാര്‍ഥ വിശ്വാസത്തോടെയും പ്രത്യേകം പരിഗണിച്ചും ലൈലതുല്‍ ഖദ്‌റില്‍ ആരെങ്കിലും നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും’ എന്ന് നബി(സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്‍കാല പാപങ്ങളും പൊറുക്കുമെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം.

എന്നാണ് ലൈലതുല്‍ ഖദ്ര്‍?

ലൈലതുല്‍ ഖദ്ര്‍ ഏത് ദിവസമാണെന്ന് കൃത്യമായി പറയുക സാധ്യമല്ല. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: ”നബി (സ്വ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി (സ്വ)പറഞ്ഞു. ലൈലതുല്‍ ഖദ്‌റിന്റെ ദിവസം പ്രഖ്യാപിക്കാന്‍ വന്നതായിരുന്നുഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വയ്ക്കുന്നത്. അതോടെ അല്ലാഹു അത് ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം.” ലൈലത്തുല്‍ ഖദ്ര്‍ ഉണ്ട് എന്നത് മുസ്്‌ലിം ലോകം ഏകകണ്‌ഠേന അംഗീകരിച്ച സംഗതിയാണ്. ശിയാക്കളില്‍ നിന്നുള്ള ഒരു വിഭാഗം മാത്രമേ ഇതിനെ നിഷേധിക്കുന്നുള്ളൂ. ഈ ഹദീസില്‍ പരാമര്‍ശിച്ച ‘അത് ഉയര്‍ത്തിക്കളഞ്ഞു’ എന്ന ഭാഗമാണവര്‍ ദുര്‍വ്യാഖ്യാനം ചെയ്തത്. ഇവിടെ ‘ഉയര്‍ത്തിക്കളഞ്ഞു’ എന്നതിന്റെ വിവക്ഷ ഏത് ദിനമാണ് എന്നതിനെ ഉയര്‍ത്തിക്കളഞ്ഞു എന്നാണ്. അല്ലാതെ ലൈലതുല്‍ ഖദ്്‌റിനെ പാടെ ഉയര്‍ത്തി എന്നല്ല.

അതിനെ കുറിച്ച് വ്യക്തമാക്കാതിരുന്നത് ഉമ്മത്തിന്റെ സല്‍കര്‍മ്മങ്ങള്‍ വര്‍ധിക്കാനാണ്. ഏതെങ്കിലും ഒരു പ്രത്യേകദിനത്തില്‍ മാത്രം ഇബാദത്തുകള്‍ ചെയ്ത് ബാക്കി ദിനങ്ങളില്‍ അലസരാകുന്നത് അല്ലാഹു ഇഷ്ടപ്പെട്ടില്ല. നിശ്ചിത രാവാണെന്ന് വ്യക്തമായാല്‍ മറ്റ് രാവുകള്‍ വൃഥാ പാഴാക്കാന്‍ കാരണമാകുന്നു. നിരന്തരം പാപങ്ങളില്‍ മുഴുകുന്നവര്‍ ഈ രാത്രി കൃത്യമായി അറിഞ്ഞിട്ടും തിന്മയില്‍ വ്യാപൃതരാകുമ്പോള്‍ അവര്‍ക്കുള്ള ശിക്ഷ കഠിനമാകുന്നതാണ്. ക്ലിപ്തമായതിന് ശേഷം യാദൃശ്ചികമായി ആ രാവ് നഷ്ടപ്പെട്ടാല്‍ വിശ്വാസിക്കുണ്ടാകുന്ന താങ്ങാനാവാത്ത മനഃപ്രയാസം മറ്റു ഇബാദത്തുകളില്‍ വ്യാപൃതനാകുന്നതിന് തടസ്സമാകാന്‍ കാരണമാകും. അന്ത്യനാളില്‍ വിശ്വാസികളുടെ നന്മകള്‍ക്ക് എങ്ങനെ എങ്കിലും വര്‍ധനവ് ഉണ്ടാകണമെന്നാണ് കാരുണ്യവാനായ അല്ലാഹു ഉദ്ദേശിക്കുന്നത്. മലക്കുകളുടെ മുന്‍പില്‍ അല്ലാഹു അഭിമാനത്തോടെ ഇങ്ങനെ പറയും: ലൈലത്തുല്‍ ഖദ്ര്‍ കൃത്യമായി അറിയാതിരിന്നിട്ടുപോലും എന്റെ അടിമകള്‍ രാത്രിയില്‍ ഇബാദത്തിലാണ്. ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എത്രമാത്രം ഇബാദത്ത് ചെയ്യുമായിരുന്നു.

റമദാന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം. ആഇശാ ബീവി പറയുന്നു: ‘നബി (സ) പറഞ്ഞു: നിങ്ങള്‍ റമദാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ പ്രതീക്ഷിക്കുക’ (ബുഖാരി) ബുഖാരി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: ‘ഇബ്‌നുഉമറി(റ)ല്‍ നിന്ന് നിവേദനം. ചില സ്വഹാബികള്‍ക്ക് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ചുള്ള സ്വപ്നദര്‍ശനമുണ്ടായി. റമദാനിന്റെ അവസാന ഏഴുദിവസങ്ങളിലായിരുന്നു ഇത്. ഇതറിഞ്ഞ നബി (സ്വ) പറഞ്ഞു. നിങ്ങളുടെ സ്വപ്നദര്‍ശന പ്രകാരം ലൈലതുല്‍ ഖദ്ര്‍ കാംക്ഷിക്കുന്നവര്‍ റമദാന്റെ ഒടുവിലത്തെ ഏഴു രാവുകളില്‍ പ്രതീക്ഷിക്കുക.’ ‘നിങ്ങള്‍ റമദാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്‌റ് പ്രതീക്ഷിക്കുക. അതില്‍ തന്നെ 21, 23, 25 രാവുകളില്‍’ (ബുഖാരി) അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു. ‘ലൈലതുല്‍ ഖദ്‌റിനെപ്പറ്റി നബി(സ്വ)യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമദാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.’ (അബൂദാവൂദ്, ത്വബ്‌റാനി). അബൂഹുറൈറ (റ) പറയുന്നു: ‘ഞങ്ങള്‍ നബി (സ്വ)യുടെ അടുക്കല്‍ വച്ച് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തില്‍ എത്രയുണ്ട് ബാക്കി? ഞങ്ങള്‍ പ്രതിവചിച്ചു: 22 ദിനങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു. 22 ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. അതില്‍ 29ാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്‌റ് പ്രതീക്ഷിക്കുക.’

ഖുര്‍ആനില്‍ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്‌വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്‌റ് റമദാന്‍ 27ാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കിയാണ് ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ’27ാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം പണ്ഡിതരുടെ വീക്ഷണവും.’ (തര്‍ശീഹ്, 1168, റാസി 3230). ലൈലതുല്‍ ഖദ്‌റില്‍ ജീവിതത്തിലൊരു തവണയെങ്കിലും സംബന്ധിക്കാന്‍ സാധിച്ചവര്‍ക്ക് 83.4 വര്‍ഷത്തെ ആരാധനാ സൗഭാഗ്യം കരസ്ഥമാകുന്നു. അന്നത്തെ ഓരോ ഇബാദത്തും 83.4 വര്‍ഷത്തെ ആരാധനകള്‍ക്കു തുല്യമാണ്. നമുക്ക് ലഭിച്ച സുവര്‍ണാവസരങ്ങള്‍ പരമാവധി മുതലെടുക്കാനും അതിലൂടെ അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാനും നാം പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ,

(കടപ്പാട്- സുപ്രഭാതം ദിനപത്രം)

Leave a Reply

Your email address will not be published. Required fields are marked *