തിരയടങ്ങാത്ത മഹാത്ഭുതം

ശൈഖുനാ. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

(ജന.സിക്രട്ടറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ)

സൃഷ്ടികളില്‍ അത്യുത്തമരായ തിരുനബി(സ്വ) ക്ക് ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ ഭൂമിലോകത്തേക്കവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രേഷ്ഠവും ഉമ്മത്തു മുഹമ്മദിയ്യക്ക് ലഭിച്ച അത്യപൂര്‍വ്വ സമ്മാനവുമാണ് . ജിബ്‌രീല്‍(അ) മുഖേന തിരുമേനിക്ക് ലഭിച്ച ഈ ഗ്രന്ഥത്തിലൂടെ അല്ലാഹു ലോകസമൂഹത്തോട് സംവദിക്കുകയാണ്. മാനവലോകത്തിന്റെ ജീവിത ഭരണഘടനയായ പരിശുദ്ധകലാമിനെ ആ വലിയ പ്രാധാന്യത്തോടെ സമൂഹം എന്നും നെഞ്ചേറ്റിയിട്ടുണ്ട്.
ഖുര്‍ആന്‍ അവതരിക്കപ്പെടുന്ന കാലത്ത് അത് മനപാഠമാക്കുവാനും എഴുതി സൂക്ഷിക്കുവാനും സ്വഹാബത് കാണിച്ച ഉത്സാഹം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം സ്വഹാബികളും ഉടനടി സൂക്തങ്ങള്‍ ഹൃദിസ്ഥമാക്കുന്നവരായിരുന്നു. മറ്റൊരു വിഭാഗം തങ്ങള്‍ക്ക് ലഭ്യമായ എല്ലിന്‍ കഷ്ണങ്ങളിലും തോലുകളിലും ഖുര്‍ആന്‍ എഴുതി സൂക്ഷിച്ചു.
യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ ഹാഫിളീങ്ങളായ എഴുപതോളം സ്വഹാബത് ശഹീദായപ്പോഴാണ് ഖുര്‍ആന്‍ ക്രോഢീകരിക്കേണ്ടതിന്റെ ആവശ്യകതയുമായി ഉമര്‍(റ) അബക്കര്‍(റ) വുമായി കൂടിക്കാഴ്ച നടത്തുന്നത്. ഒരുപാട് ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം സൈദ്ബ്‌നുസാബിത്(റ) ന്റെ നേതൃത്വത്തില്‍ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ആ വലിയ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ടു.
ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും സംവേദനത്തിനും എന്തിനേറെ വെറുതെ നോക്കിയിരിക്കുന്നതിന് പോലും ഇസ്‌ലാം വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. ഇമാം തിര്‍മുദി(റ)നിവേദനം ചെയ്യുന്ന ഹദീസില്‍ അബ്ദുല്ലാഹിബ്‌നുമസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു:”ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരു അക്ഷരം ഓതിയാല്‍ അത് അവനൊരു നന്‍മയായി രേഖപ്പെടുത്തും. ഒരു നന്‍മ പത്തിരട്ടിയായി മാറും. അലിഫ്‌ലാംമീം എന്നത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയില്ല. അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം മൂന്നാമതൊരക്ഷരവുമാണ്.”. അബൂമൂസല്‍അശ്അരിയില്‍ നിന്നുള്ള നിവേദനത്തില്‍ ഇങ്ങനെ കാണാം, നബി(സ്വ) പറയുന്നു: ‘ഖുര്‍ആന്‍ പതിവായി പാരായണം ചെയ്യുന്ന സത്യവിശ്വാസിയുടെ ഉപമ മധുരനാരങ്ങ പോലെയാണ്. അതിന്റെ ഗന്ധം സുഗന്ധപൂര്‍ണവും രൂചി മധുരതരവുമാണ്. ഖുര്‍ആന്‍ പാരായണം പതിവില്ലാത്ത വിശ്വാസിയുടെ ഉപമ കാരക്ക പോലെയാണ്. അതിന് നല്ല മാധുര്യമുണ്ടെങ്കിലും സുഗന്ധമില്ല. ഖുര്‍ആന്‍ ഓതുന്ന കപടവിശ്വാസിയുടെ ഉപമ റൈഹാന്‍ പുഷ്പമാണ്. അതിന് നല്ല സുഗന്ധമുണ്ട്. പക്ഷെ കൈപാണതിന്റെ രുചി. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത കപടന്റെ ഉപമ ആട്ടങ്ങപോലെയാണ്. അതിന് നല്ല കൈപ് രുചിയാണ് വാസനയില്ല താനും'(മുത്തഫഖുന്‍അലൈഹി).
നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും അത് മറ്റുള്ളവര്‍ക്ക് പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്ന് പുണ്യനബി(സ്വ) പറഞ്ഞതായി ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) ഉദ്ധരിക്കുന്ന ഹദീസ് ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ജാബിര്‍(റ)പറയുന്നു:”ഉഹ്ദില്‍ ശഹീദായവരെ അടക്കം ചെയ്യുമ്പോള്‍ ഒന്നില്‍ കൂടുതലാളുകളെ ഒരു ഖബറില്‍ മറവ് ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ പഠിച്ച വ്യക്തിയാരെന്ന് നബി(സ്വ) ചോദിക്കുകയും ഏതെങ്കിലും ഒരു വ്യക്തിയെ അവര്‍ ചൂണ്ടിക്കാണിച്ചാല്‍ അദ്ദേഹത്തെ ലഹ്ദിനുള്ളിലാക്കുകയും ചെയ്തിരുന്നു”(ബുഖാരി).
അനസ്ബ്‌നു മാലിക്(റ) പറയുന്നു; നബി(സ്വ) പറയുകയുണ്ടായി:”അല്ലാഹുവിന് ചില പ്രത്യേകക്കാരുണ്ട്. സ്വഹാബത് ചോദിച്ചു അവര്‍ ആരാണ് നബിയെ? നബി(സ്വ) പറഞ്ഞു: ഖുര്‍ആനുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ അല്ലാഹുവിന്റെ ആളുകളും അവന്റെ പ്രത്യേകക്കാരുമാണ്”. ഖുര്‍ആനുമായി വലിയ ബന്ധം പുലര്‍ത്തി ജീവിച്ച വ്യക്തികളെ നാളെ നരകത്തിലേക്ക് കൊണ്ട്‌പോകുമ്പോള്‍ അല്ലാഹുവിന്റെ അടുത്ത് ചെന്ന് നിന്റെ കലാമായ എന്നെ കൊണ്ട്‌നടന്ന ആ വ്യക്തിയെ നീ നരകത്തിലേക്കെറിയരുതെന്ന് ഖുര്‍ആന്‍ പറയുമത്രെ.
ബുദ്ധിയെയും ആത്മാവിനെയും പരിപോഷിിപ്പിക്കുകയും ശരീരത്തെ സംരക്ഷിക്കുകയും വിജയം സുനിശ്ചിതമാക്കിത്തരുകയും ചെയ്യുന്ന കാര്യങ്ങളില്‍ അല്ലാഹുവിന്റെ കലാമിലേക്ക് നോട്ടം നിത്യേന വര്‍ദ്ധിത തോതില്‍ പതിവാക്കുന്നതിനേക്കാള്‍ മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ലെന്ന് ചില പണ്ഡിതര്‍ രേഖപ്പെടുത്തി വെച്ചത് കാണാം. ഒരു മഹാനോട് ഒരു വ്യക്തി വന്ന് ഇപ്രകാരം ചോദിച്ചു:”എത്ര കണ്ട് ഞാന്‍ ഖുര്‍ആന്‍ ഓതണം? എത്ര കണ്ട് വിജയിക്കണമെന്നാണ് നീ ഉദ്ദേശിക്കുന്നത് അത്ര കണ്ട് നീ ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിക്കണമെന്നാണ് മഹാനുഭാവന്റെ പ്രതികരണം”
സ്വന്തമായി പാരായണം ചെയ്യാന്‍ കഴിയുന്ന കാലത്ത് ആയിരക്കണക്കിന് ഖത്മുകള്‍ ഓതിത്തീര്‍ത്ത മഹാന്‍മാരെ നമുക്ക് ചരിത്രത്തില്‍ കാണാം. ഇബ്‌നുഹജര്‍അല്‍ഹൈതമി(റ)തന്റെ ഫതാവല്‍ഹദീസിയ്യയില്‍ അങ്ങനെയുള്ള നിരവധി മഹത്തുക്കളെ എണ്ണിപ്പറയുന്നുണ്ട്. പകലില്‍ നാലും രാത്രി നാലുമായി ഒരു ദിവസത്തില്‍ എട്ട് ഖത്മ് ഓതിത്തീര്‍ത്തിരുന്ന മഹാനാണ് അസ്സയ്യിദുല്‍ജലീല്‍ ഇബ്‌നുല്‍കാതിബുസ്സ്വൂഫി(റ)യെന്ന് ഇമാം നവവി(റ) പറയുന്നതായി ഇബ്‌നുഹജര്‍(റ) ഉദ്ധരിക്കുന്നു. തന്റെ അന്ത്യനിദ്രക്ക് വേണ്ടി ആദ്യമേ ഖബ്‌റൊരുക്കി അതിലിരുന്ന് ഖുര്‍ആന്‍ ഖത്മുകള്‍ വര്‍ദ്ധിപ്പിച്ച മഹാന്‍മാരും മഹതികളുമുണ്ട്. സ്വൂഫിയായിരുന്ന അബൂബക്ര്‍ അഹ്മദ്ബ്‌നുഅലി അത്ത്വുറൈസീസി(റ) ബിശ്‌റുനില്‍ഹാഫി(റ)തങ്ങളുടെ ഖബ്‌റിനടുത്ത് തനിക്ക് വേണ്ടി കുഴിച്ച് വെച്ച ഖബ്‌റില്‍ ഉറങ്ങുകയും ഓരോ ആഴ്ചയിലും ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് അബൂബക്ര്‍ ഖതീബുല്‍ബഗ്ദാദി(റ)ന് അവിടെ മറവ് ചെയ്യപ്പെടാന്‍ ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കി ആ ഖബ്ര്‍ ഒഴിഞ്ഞു കൊടുത്തുവന്ന് കിതാബുകളില്‍ കാണാം.
നമ്മുടെ കേരളീയരായ മുന്‍കാല മഹത്തുക്കളും ഖുര്‍ആന്റെ കാര്യത്തില്‍ വലിയ സൂക്ഷ്മത പുലര്‍ത്തിയിരുന്നവരാണ്. ഓത്തുപള്ളികളിലും മറ്റും കാര്യമായി പഠിച്ചിരുന്നത് ഖുര്‍ആന്‍ മാത്രമാണ്. പല ആലിമീങ്ങളും സ്വന്തം വീട്ടില്‍ വെച്ച് പോലും ആണിനും പെണ്ണിനും ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നുവെന്നത് ഒരു വലിയ സത്യമാണ്. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ തന്റെ കയ്യില്‍ കൊണ്ട് നടന്നിരുന്ന മൂന്ന് വസ്തുക്കളില്‍ ഒന്ന് മുസ്വ്ഹഫായിരുന്നു. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ നതൃത്വത്തില്‍ കേരളീയ സമൂഹത്തില്‍ പ്രത്യേകിച്ച് ഖുര്‍ആന്‍ പഠനത്തിന് വലിയ പ്രാധാന്യം തന്നെ നല്‍കിയിട്ടുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ തങ്ങളുടെ ഉത്തരവാദിത്വമെന്തെന്നറിയാതെ ഉയലുന്ന പുതുതലമുറക്ക് നേരിന്റെയും വിജയത്തിന്റെയും സമാധാനത്തിന്റേയും തീരത്തേക്കണയാന്‍ അല്ലാഹുവിന്റെ കലാം മുറുകെ പിടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ”ഖുര്‍ആന്‍ കൈവെടിഞ്ഞവന്റെ സര്‍വ്വ അധ്വാനങ്ങളും വൃഥാവിലാണ്. യഥാര്‍ത്ഥ ഒരു മുസ്‌ലിം ഖുര്‍ആന്‍ കൈവെടിയുമോ!?” എന്ന കവിവാക്യം എത്ര അര്‍ത്ഥവത്താണ്.

Leave a Reply

Your email address will not be published. Required fields are marked *