ഖുര്‍ആന്‍: മാനവികതയുടെ മാര്‍ഗദര്‍ശന ഗ്രന്ഥം

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

ഏക സമുദായമായിട്ടാണ് ഭൂമിയില്‍ മനുഷ്യവര്‍ഗത്തിന്റെ നിയോഗം. ആദ്യമനുഷ്യന്‍ ആദ്യ പ്രവാചകന്‍കൂടി ആയിരുന്നതിനാല്‍ ആ സമുദായത്തെ സംസ്‌കരിച്ച് പരിപാലിക്കേണ്ട ബാധ്യത അദ്ദേഹത്തിനായിരുന്നു. പിശാചിന്റെ പ്രലോഭനങ്ങള്‍ക്ക് വശംവദനായി കാലാന്തരത്തില്‍ മനുഷ്യന്‍ സത്യമാര്‍ഗത്തില്‍നിന്ന് അകലുകയും വിഘടിച്ച് വിവിധ വിഭാഗങ്ങളായി മാറുകയും ചെയ്തു. ഏകദൈവാരാധനയില്‍നിന്നും ബഹുദൈവാരാധനയിലേക്കുള്ള മാറ്റമായിരുന്നു ഇതില്‍ ഏറ്റവും രൂക്ഷതയേറിയത്. ഇത് അവരെ അധാര്‍മികതയിലേക്കും അരുതായ്മകളിലേക്കും കൊണ്ടെത്തിച്ചു. ദൈവിക കല്‍പനകള്‍ യഥായോഗ്യം മാനിക്കാത്തതുകാരണം സത്യമാര്‍ഗത്തില്‍നിന്നുമകലുകയും ഭിന്നിച്ചുപോവുകയും ചെയ്ത മനുഷ്യരെ സത്യപാതയിലേക്കു തിരികെ കൊണ്ടുവന്ന് ഏകീകരിക്കാന്‍വേണ്ടിയാണ് പ്രവാചകന്മാര്‍ നിയോഗിതരായത്. മനുഷ്യ മാര്‍ഗദര്‍ശനം ലക്ഷ്യംവെച്ച് ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍പരം ദൈവദൂതന്മാര്‍ അയക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന് നേര്‍മാര്‍ഗം കാണിക്കാനും അവരെ സത്യദീനിന്റെ മൗലിക സിദ്ധാന്തങ്ങളിലേക്ക് അടുപ്പിക്കാനുമായി അവരില്‍ പലരോടൊപ്പവും ദൈവിക ഗ്രന്ഥങ്ങളും അവതരിച്ചിരുന്നു. ഈ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് അതതു കാലങ്ങളിലെ പ്രവാചകന്മാര്‍ പ്രബോധനം നടത്തിയിരുന്നത്.
കാലാന്തരങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) സത്യദീനിന്റെ പ്രബോധനാര്‍ഥം നിയോഗിതനായി. തങ്ങള്‍ക്ക് ഊര്‍ജം പകരാനും മാര്‍ഗനിര്‍ദേശം നല്‍കാനും അല്ലാഹു വിശ്രുത ഗ്രന്ഥമായ ഖുര്‍ആന്‍ ഇറക്കിക്കൊടുത്തു. മനുഷ്യസൃഷ്ടിപ്പിന്റെ അര്‍ഥവും ലക്ഷ്യവും സവിസ്തരം പ്രതിപാദിക്കുന്ന ദൈവിക ഉദ്‌ബോധനങ്ങളുടെ സമഗ്ര നിദര്‍ശനമാണ് വിശുദ്ധ ഖുര്‍ആന്‍. മാനവരാശിയുടെ ഉല്‍ഭവവും വികാസവും പരിണാമങ്ങളും ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ മാര്‍ഗദര്‍ശനത്തിന്റെയും മാര്‍ഗഭ്രംശത്തിന്റെയും കഥകള്‍ പച്ചയായി അനാവരണം ചെയ്യുന്ന പ്രഥമ ദൈവിക ഗ്രന്ഥമാണിത്. മാനവനാഗരികതകളെയും പ്രാചീന സമുദായങ്ങളെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുകവഴി ഒരു പുതിയ തലമുറയുടെ സൃഷ്ടിപ്പിനെയാണ് ഖുര്‍ആന്‍ പ്രതിനിധീകരിക്കുന്നത്. മനുഷ്യോല്‍പത്തി മുതല്‍ പ്രവാചകരുടെ കാലംവരെയുള്ള എല്ലാ കാലങ്ങളെയും ജനങ്ങളെയും അത് പരിചയപ്പെടുത്തുന്നു. അസംസ്‌കൃതരായ ജനതിയുടെ ദാരുണമായ പരിണതികളില്‍നിന്നും പാഠമുള്‍ക്കൊണ്ട് നാഗരികരും സംസ്‌കൃതരുമായ ഒരു വിഭാഗത്തെ വളര്‍ത്തിയെടുക്കാനാണ് അത് ശ്രമിക്കുന്നത്. ലോകാന്ത്യംവരെ വരാനിരിക്കുന്ന ജനസമൂഹത്തിന് തങ്ങളുടെ ജീവിതം തൗഹീദിന്റെ അര്‍ഥതലങ്ങളില്‍ ഊന്നിനിന്ന് പുനര്‍നിര്‍മിതി നടത്താന്‍ അത് ആഹ്വാനം ചെയ്യുന്നു. ‘ഫാത്തിഹ’ എന്ന ഔദ്യോഗിക തുടക്കത്തിനു ശേഷം ‘ബഖറ’ (പശു) എന്ന അധ്യായത്തില്‍തുടങ്ങി ‘നാസ്’ (ജനങ്ങള്‍) എന്ന അധ്യായത്തില്‍ പര്യവസാനിക്കുമ്പോള്‍ പശുവിന്റെ മൃഗീയതയില്‍നിന്നും ജനങ്ങളുടെ നാഗരികതയിലേക്കും മനുഷ്യത്വത്തിലേക്കും ഒരു സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവന്ന കഥയാണ് ഖുര്‍ആന്‍ പറയുന്നത്. അതോടൊപ്പം, മൂല്യങ്ങള്‍ക്കുമുന്‍പില്‍ അന്ധത ബാധിക്കുകയും വിവരസാങ്കേതിക രംഗത്ത് അത്യുന്നതി പ്രാപിക്കുകയും ചെയ്ത വര്‍ത്തമാനകാലത്തുപോലും അത്തരം ഒരു വിപ്ലവം അനിവാര്യമാണെന്നും അത് ഉദ്‌ഘോഷിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ മനുഷ്യനാഗരികതകള്‍ക്കും ഭൗമോപരിതലത്തിലെ മനുഷ്യ നിയോഗത്തിനുമുള്ള ഒരു മുഖവുരയായി വിശുദ്ധ ഖുര്‍ആനെ കണ്ടെത്താം.
മനുഷ്യചരിത്രത്തിന്റെ യഥാര്‍ഥ നാള്‍വഴികള്‍ പരിചയപ്പെടുത്തുകയാണ് വിശുദ്ധ ഖുര്‍ആന്‍. അതുകൊണ്ടുതന്നെ, ഭൂതത്തിനു നല്‍കുന്ന അതേ പ്രാധാന്യം ഭാവിക്കും കല്‍പിക്കുന്നു. ആദ്യപിതാവായ ആദം നബി(അ) യില്‍നിന്നും തുടങ്ങുന്ന മനുഷ്യസൃഷ്ടിപ്പിന്റെ ചരിത്രം ഈ ലോക ജീവിതത്തിനു ശേഷം വരാനിരിക്കുന്ന ശാശ്വതമായ പാരത്രിക ജീവിതത്തോടെയാണ് പര്യവസാനിക്കുന്നതെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. മനുഷ്യജന്മത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വെച്ചുപുലര്‍ത്തപ്പെടുന്ന വികലവിശ്വാസങ്ങള്‍ അസത്യവും അബദ്ധജടിലവുമാണെന്ന തിരിച്ചറിവാണ് ഇത് മുന്നോട്ടുവെക്കുന്നത്.
നൂഹ്‌നബിയുടെ കാലംമുതല്‍തന്നെ ഭൂമിയില്‍ മനുഷ്യന്‍ വ്യവസ്ഥാപിതമായനിലക്ക് സാമൂഹിക ജീവിതം ആരംഭിച്ചിട്ടുണ്ട്. ആ സന്താനപരമ്പരയില്‍നിന്നാണ് ലോകത്തിന്റെ സര്‍വ ദിക്കുകളിലും മനുഷ്യകുലം വ്യാപിച്ചത്. ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാരും ദൈവദൂതന്മാരും ലോകത്ത് കടന്നുവന്നിട്ടുണ്ടെന്നതാണ് ചരിത്രം. ഇതില്‍ 25 പ്രധാനികളെ വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറയുകയും അവരുടെ പ്രവര്‍ത്തനങ്ങളെ സവിശദം പ്രതിപാദിക്കുകയും ചെയ്യുന്നു. യഅ്ഖൂബ് നബി(അ) യും അവിടെനിന്നാരംഭിക്കുന്ന ബനൂ ഇസ്‌റാഈല്യരും ഖുര്‍ആനിലെ വലിയൊരു ചര്‍ച്ചാവിഷയമാണ്. മൂസാനബി(അ) യും ഈസാനബി(അ) യും വലിയ രണ്ടു സമുദായങ്ങളുടെ പ്രതിനിധികളായിരുന്നു. ഇവയ്‌ക്കെല്ലാംപുറമെ ഫറോവമാരെക്കുറിച്ചും ദഖ്‌യാനൂസുമാരെക്കുറിച്ചും അബ്‌റഹത്തുമാരെക്കുറിച്ചും ഖുര്‍ആന്‍ ആഴത്തിലുള്ള പാഠങ്ങള്‍ നല്‍കി. അവരുടെ കാലത്തെ സാംസ്‌കാരിക നാഗരിക മാറ്റങ്ങളെയും ധര്‍മ-അധര്‍മ വ്യാപനത്തെയും അത് വിലയിരുത്തി. നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഇവിടങ്ങളിലെല്ലാം കൈകാര്യം ചെയ്യപ്പെട്ടത്. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാലാനുക്രമ ചരിത്രചിത്രണമെന്ന ഒരു ശൈലിയായിരുന്നില്ല ഇവിടെ സ്വീകരിക്കപ്പെട്ടിരുന്നത്. പ്രത്യുത, വിവിധ സമൂഹങ്ങളെ മൊത്തമായെടുത്ത് മൂല്യങ്ങളുടെ അളവുകോലില്‍ അളന്നെടുത്ത് വസ്തുതാപരമായ ചരിത്രാവലോകനം നടത്തുകയായിരുന്നു ഖുര്‍ആന്‍.
ക്രിസ്തുവര്‍ഷം ആറാം ശതകത്തില്‍ പ്രവാചകന്‍ മുഹമ്മദ്(സ്വ) യുടെ നിയോഗം ഉണ്ടായതോടെ ഖുര്‍ആന്‍ നിഷ്‌കര്‍ളിക്കുന്ന മൂല്യാധിഷ്ഠിത ജീവിതത്തിന്റെ ഏറ്റവും അനുകരണീയമായ മാതൃക അവതരിക്കപ്പെടുകയായിരുന്നു. ഒരു വ്യക്തിയുടെ ചരിത്രാംശങ്ങള്‍ അവതരിപ്പിക്കുക മാത്രമായിരുന്നില്ല പ്രവാചകരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അനാവരണം ചെയ്യുന്നതിലൂടെ ഖുര്‍ആന്‍ ചെയ്തിരുന്നത്. മറിച്ച്, മതങ്ങളുടെ പൗരസ്ത്യന്‍ ഭൂമികയില്‍ നാനാവിധേനയും ഏറ്റവും അധ:പതിച്ച ഒരു സമൂഹത്തെ സാംസ്‌കാരികമായും സാമ്പത്തികമായും സാമൂഹികമായും സംസ്‌കരിക്കുകവഴി ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുകയും അവരെ ലോകത്തിന് മാതൃകയാക്കി വളര്‍ത്തിയെടുക്കുകയുമായിരുന്നു. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇത് ഫലംകാണുകയും ചെയ്തു. ഖുര്‍ആനിക ആഹ്വാനങ്ങളുടെ വെളിച്ചത്തില്‍ പ്രവാചകന്‍ സാധിച്ചെടുത്ത ഈ സാമൂഹിക വിപ്ലവം ലോകചരിത്രത്തില്‍തന്നെ അത്യുദാത്തവും തുല്യതയില്ലാത്തതുമാണ്. വിശ്വനാഗരികതകളുടെ ചാലകശക്തികളും നിര്‍ണായക ശില്‍പികളുമായി പ്രവാചകാനുയായികള്‍ ഇതോടെ കടന്നുവരികയായിരുന്നു. ഖുര്‍ആനിക ചിന്തകളില്‍നിന്നും ആവേശമുള്‍ക്കൊണ്ടായിരുന്നു അവരിതിന് നായകത്വം വഹിച്ചിരുന്നത്. പിന്നീടങ്ങോട്ട്, ശാസ്ത്രീയ ചിന്തകളും വൈജ്ഞാനിക ചര്‍ച്ചകളും ശക്തമാവുകയും പുതിയൊരു ലോകാന്തരീക്ഷം സാധ്യമാവുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനായിരുന്നു ഇത്തരം വൈജ്ഞാനിക-സാംസ്‌കാരിക-ധൈഷണിക മാറ്റങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി വര്‍ത്തിച്ചതെന്ന് സുതര്യം വ്യക്തമാകും.
മനുഷ്യനും അവന്റെ ജീവിതവുമാണ് അടിസ്ഥാനപരമായും ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയം. ഐഹിക ലോകത്ത് മനുഷ്യ ജീവിതത്തിന്റെ അര്‍ഥം, ലക്ഷ്യം, ഉദ്ദേശ്യം, മരണാനന്തരജീവിതം, അനന്തര വിധിനിര്‍ണയങ്ങള്‍, രക്ഷാ-ശിക്ഷാ മുറകള്‍, ശാശ്വത ജയാപചയങ്ങള്‍ തുടങ്ങിയവയെ വലയംചെയ്തുകൊണ്ടാണ് അതിലെ ഓരോ അധ്യായങ്ങളും സൂക്തങ്ങളും കടന്നുപോകുന്നത്. ഭൂമിയില്‍ മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്നും ഏകത്വത്തില്‍ വിശ്വസിച്ച് അവന്റെ കല്‍പനകള്‍ക്കു വിധേയനായി ജീവിക്കേണ്ടവനാണെന്നുമുള്ള ഒരു ധ്വനി ഖുര്‍ആനില്‍ മുഴുക്കെ കാണാവുന്നതാണ്. വിവിധ സമുദായങ്ങളുടെയും കാലങ്ങളുടെയും അനുഭവങ്ങളും ചരിത്രങ്ങളും അവലോകനം ചെയ്യുമ്പോഴും അത് അഭിമുഖീകരിക്കുന്ന കാലത്തെ ജനങ്ങളുടെ ജീവിതശുദ്ധിയാണ് ഖുര്‍ആന്‍ ഉന്നം വെക്കുന്നത്. മനുഷ്യന്റെ ഐഹിക ജീവിതം ഭാസുരവും സംഭവബഹുലവുമായി മാറാന്‍വേണ്ടിയാണ് അത് ജീവിതത്തിന്റെ നാനാതുറകളിലെ വ്യവഹാരങ്ങളെയുംകുറിച്ച് സമഗ്രമായി ബോധനം നല്‍കുന്നത്.
ഖുര്‍ആന്‍ ഉയര്‍ത്തിയിരുന്ന ചിന്തകളെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കി ജീവിതം നയിച്ച തലമുറയാണ് ലോകത്ത് വിജ്ഞാനവിപ്ലവം സാധ്യമാക്കിയത്. മധ്യകാലത്തെ ശാസ്ത്രീയ വളര്‍ച്ചക്കും വിവരവിസ്‌ഫോടനത്തിനും പിന്നില്‍ ഇതിന്റെ പ്രചോദനമായിരുന്നു. സാക്ഷാല്‍ മനുഷ്യനായി ജീവിക്കാന്‍ പഠിപ്പിക്കുകവഴി ലോകത്തെ വൈജ്ഞാനികമായി കീഴടക്കാനും സംസ്‌കാര സമ്പന്നരായ പുതിയൊരു തലമുറയെ വാര്‍ത്തെടുക്കാനുമാണ് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത്. ഇതിന്റെ വിജയകരമായ സാക്ഷാത്കാരമാണ് ലോകചരിത്രത്തില്‍ മുസ്‌ലിംകള്‍ക്ക് അത്ഭുതകരമായ മേല്‍വിലാസം നല്‍കിയത് എന്നുകാണാം.

Leave a Reply

Your email address will not be published. Required fields are marked *