ഖുര്‍ആന്റെ ശാസ്ത്ര സമീപനം

അബ്ദുല്‍ ഗഫൂര്‍ ഫൈസി മോര്യ

മാനവസമൂഹത്തിന് നേരിന്റെ ദിശാബോധം നല്‍കാന്‍ അവതീര്‍ണ്ണമായ ഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. പ്രത്യുത, സര്‍വവിജ്ഞാന സ്പര്‍ശിയായ വേദഗ്രന്ഥമാണ്. അതുകൊണ്ട് തന്നെ വിശുദ്ധഖുര്‍ആന്‍ മനുഷ്യന്റെ മൗലിക ലക്ഷ്യസാക്ഷാത്കാരത്തോടൊപ്പം കാലാന്തരങ്ങളില്‍ സംഭവിക്കുന്ന ഭൗതിക വികാസങ്ങളെ ഉള്‍ക്കൊള്ളുകയും അവന്റെ അന്വേഷണ തൃഷ്ണയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഭൗതിക ജീവിതത്തിന്റെ പുരോഗതിയുടെ നിദാനമാണ് ശാസ്ത്രം. ശാസ്ത്രീയമായ അറിവുകള്‍ സമ്പാദിക്കാനുള്ള ആഹ്വാനം ഖുര്‍ആനില്‍ ധാരാളം കാണാം. അല്ലെങ്കിലും ചിന്തിക്കാനും പഠിക്കാനും ഇത്രയേറെ പ്രോത്സാഹനം നല്‍കിയ മറ്റൊരു ഗ്രന്ഥം കാണുക പ്രയാസം! മനുഷ്യന്റെ ചിന്താധാരയെ ഉദ്ധീപിപ്പിക്കാനും പ്രാപഞ്ചിക പ്രതിഭാസങ്ങളെപറ്റി പര്യവേഷണം നടത്തി ദൈവാസ്തിത്വം കണ്ടെത്താനുമുള്ള ഖുര്‍ആനികാഹ്വാനം കാണുക.
”വാനഭൂവനങ്ങളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങളുടെ വൈവിധ്യത്തിലും മനുഷ്യോപയോഗ വസ്തുക്കളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന യാനപാത്രങ്ങളിലും വിണ്ണില്‍ നിന്ന് അല്ലാഹു മഴവര്‍ഷിപ്പിച്ച്, നിര്‍ജീവമായിരുന്ന ഭൂമിയെ സജീവമാക്കിയതിലും അതില്‍ സകല ജീവജാലങ്ങളെയും വ്യാപിപ്പിച്ചതിലും കാറ്റുകളെ ചലിപ്പിക്കുന്നതിലും ആകാശ ഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയാക്കി നിര്‍ത്തപ്പെട്ടിട്ടുള്ള മുകിലുകളിലുമെല്ലാം ഗ്രഹിക്കുന്ന ജനത്തിന് ദൃഷ്ടാന്തങ്ങളുണ്ട്”(വിശുദ്ധ ഖുര്‍ആന്‍ 2: 164)
വാനഭൂവനങ്ങളും സൂര്യ ചന്ദ്ര നക്ഷത്രാദി ഗോളങ്ങളും കരയും കടലും സസ്യലതാദികളും പക്ഷിമൃഗാദികളും കപ്പലുകളും കാര്‍മേഘവും മഴയും വെയിലും മാറിവരുന്ന രാപകലുകളും അല്ലാഹുവിന്റെ അസ്തിത്വത്തെയും സൃഷ്ടിവൈഭവത്തെയും പ്രകടമാക്കുന്ന ദൃഷ്ടാന്തങ്ങളാണ്. അല്ലാഹു ചോദിക്കുന്നു: ”ഒട്ടകത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലേ? എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന് ആകാശത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലെ? അത് എങ്ങനെ ഉയര്‍ത്തപ്പെട്ടുവെന്ന്, ശൈലങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലെ? അത് എങ്ങനെ നാട്ടപ്പെട്ടുവെന്ന് ഭൂമിയെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലെ? അത് എങ്ങനെ വിതാനിക്കപ്പെട്ടുവെന്ന്! (വി.ഖു:88: 17-20)
ഒട്ടകത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുവാനും ആകാശം ഉയര്‍ത്തിയതിനെ സംബന്ധിച്ച് ആലോചിക്കുവാനും പര്‍വതങ്ങള്‍ പ്രതിഷ്ഠിച്ചതിനെപറ്റിയും ഭൂമിയെ വിതാനിച്ചതിനെക്കുറിച്ചും അന്വേഷിക്കുവാനും ആഹ്വാനം ചെയ്യുന്നതിലൂടെ ജീവശാസ്ത്രവും ഗോളശാസ്ത്രവും ഭൂമിശാസ്ത്രവുമെല്ലാം പഠനവിധേയമാക്കുവാനും അതുവഴി സ്രഷ്ടാവിന്റെ സൃഷ്ടിമാഹാത്മ്യവും അവന്റെ അസ്തിത്വവും മനസ്സിലാക്കുവാനുമാണ് ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നത്.
തന്റെ ചുറ്റുപാടുകളെ സംബന്ധിച്ചും തന്നെക്കുറിച്ച് തന്നെയും ചിന്തിച്ച് മനസ്സിലാക്കി സൃഷ്ടികര്‍ത്താവിന്റെ അസ്തിത്വം അംഗീകരിക്കാന്‍ മനുഷ്യനെ വിശുദ്ധഖുര്‍ആന്‍ പ്രേരിപ്പിക്കുന്നു. നിഷ്പക്ഷമായി വിശുദ്ധഖുര്‍ആനെ വിശകലനവിധേയമാക്കുന്ന ആര്‍ക്കും അതിന്റെ നിത്യനൂതനത്വവും അമാനുഷികതയും ബോധ്യമാവും. വിമര്‍ശനാത്മകമായി സമീപിച്ചവര്‍പോലും അതിന്റെ വശ്യതക്ക് മുന്‍പില്‍ നമ്രശിരസ്‌കരായിട്ടുണ്ട്!
ചില സൂചനകള്‍
വിശുദ്ധഖുര്‍ആന്‍ ധാരാളം ശാസ്ത്രസത്യങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്. സ്രഷ്ടാവിന്റെ വിവരണങ്ങളായതു കൊണ്ടുതന്നെ അതിലെ വിവരണങ്ങളും സൂചനകളും അന്യൂനമാണ്. എന്നാല്‍ ശാസ്ത്ര നിഗമനങ്ങള്‍ക്കനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് പരമ അബദ്ധമാണ്. അവ ഖുര്‍ആനിലെ സൂചനകളോട് യോജിച്ചു വന്നാല്‍ അംഗീകരിക്കാം. സ്രഷ്ടാവിന്റെ വചനമാണ് ഖുര്‍ആന്‍; അനുമാനങ്ങള്‍ സൃഷ്ടികളുടെയും.
പ്രപഞ്ചോല്‍പത്തിയെപറ്റിയും ജീവന്റെ ഉറവിടത്തെ സംബന്ധിച്ചും ഖുര്‍ആന്‍ ചിന്താര്‍ഹമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ”ആകാശ ഭൂമികള്‍ പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നുവെന്നും പിന്നീട് അവയെ നാം വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ മനസ്സിലാക്കുന്നില്ലെ? സജീവ വസ്തുക്കളെ മുഴുവനും ജലത്തില്‍ ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലയോ?”(വി.ഖു: 21: 30)
നിരവധി വര്‍ഷങ്ങളുടെ നിരീക്ഷണ നൈരന്തര്യങ്ങള്‍ക്കു ശേഷം പ്രപഞ്ചോല്‍പത്തിയെപ്പറ്റി ശാസ്ത്രലോകം പറഞ്ഞത്, കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രപഞ്ച പദാര്‍ഥങ്ങളെല്ലാം ചേര്‍ന്ന് ഒരുഗോളമായിരുന്നുവെന്നും അതിഭയങ്കരമായ ഒരു സ്‌ഫോടനത്തില്‍ ആ ഗോളം തകര്‍ന്ന് നിരവധി കഷ്ണങ്ങളായി മാറിയെന്നുമാണ്. ഈ പൊട്ടിച്ചിതറിയ ശകലങ്ങളാണത്രെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രങ്ങളും. ‘മഹാവിസ്‌ഫോടന സിദ്ധാന്തം'(Bing Bang Theory) എന്നാണ് ഈ ചിന്താഗതിയെപറ്റി പറയുന്നത്. ജോര്‍ജ് ഗാമോവ്, റാല്‍ഫ് ആല്‍ഫര്‍ എന്നിവരാണ് ഇത് ആവിഷ്‌കരിച്ച ശാസ്ത്രചിന്തകന്മാര്‍.
ജീവവര്‍ഗങ്ങളുടെ ഉല്‍ഭവം ജലത്തില്‍ നിന്നായിരുന്നുവെന്ന് പില്‍ക്കാലത്ത് ജീവശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തിയ സത്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ ലോകത്തിന്ന് മുമ്പില്‍ അവതരിപ്പിച്ചത് ഉപര്യുക്ത സൂക്തം ത്വര്യപ്പെടുത്തുന്നുണ്ട്. മറ്റൊരിടത്ത് ഇങ്ങനെ കാണാം. ”സകല ജീവികളെയും അല്ലാഹു ജലത്തില്‍ നിന്ന് സൃഷ്ടിച്ചു” (വി.ഖു: 24: 45). ഇവിടെ ഖുര്‍ആനിന്റെ ശാസ്ത്രീയതയും അല്ലാഹുവിന്റെ അസ്തിത്വവും കൂടുതല്‍ ബോധ്യപ്പെടുകയാണ്.
മഹാവിസ്‌ഫോടന സിദ്ധാന്തം പറയുന്നത് പ്രപഞ്ചം ഒരിക്കലും പൂര്‍വസ്ഥിതിയില്‍ എത്തില്ല എന്നുള്ളതാണ്. അത് വികസിച്ച് കൊണ്ടേയിരിക്കും. ആരംഭത്തില്‍ പൊട്ടിച്ചിതറിയപ്പോള്‍ അവയ്ക്കു കൈവന്ന വേഗതയുടെ ശക്തിയിലാണ് ഇന്നും ഗാലക്‌സികള്‍ അകന്നു പോകുന്നതെന്നും ഈ സിദ്ധാന്തം സമര്‍ത്ഥിക്കുന്നു. പ്രപഞ്ചം വികസിച്ച് കൊണ്ടിരിക്കുകയാണെന്ന വസ്തുതയിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നു. ”ആകാശത്തെ നമ്മുടെ ശക്തികൊണ്ട് നാം നിര്‍മിച്ചു. നിശ്ചയം നാം അതിനെ വികസിപ്പിക്കുന്നവനാണ്”(വി.ഖു:51:47). വിശുദ്ധഖുര്‍ആനിന്റെ അമാനുഷികത വീണ്ടും പ്രകടമാവുകയാണിവിടെ.
വിസ്മയം വിതറുന്ന വിഹായസ്
പ്രപഞ്ച വിസ്മയങ്ങളിലേക്ക് വാതില്‍ തുറക്കുക വഴി ഏകനും സര്‍വശക്തനുമായ അല്ലാഹുവിലേക്ക് ധിഷണാശാലികളെ വഴിനടത്തുകയാണ് വിശുദ്ധ ഖുര്‍ആന്‍. ”തങ്ങള്‍ക്കു മീതെയുള്ള വിണ്ണിലേക്ക് അവര്‍ നോക്കിയിട്ടില്ലെ? എങ്ങനെയാണ് അതിനെ നാം നിര്‍മ്മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല. ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. കൗതുകമാര്‍ന്ന സകലവിധ സസ്യവര്‍ഗങ്ങളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്) മടങ്ങുന്ന ദാസന്മാര്‍ക്കൊക്കെയും കണ്ട് മനസ്സിലാക്കുന്നതിനും ഉദ്‌ബോധനത്തിനും വേണ്ടി ”(വി.ഖു:50:6-8)
വിസ്മയങ്ങളുടെ കലവറയായ വിഹായസിനെപ്പറ്റി പര്യവേക്ഷണം നടത്താന്‍ പ്രചോദിപ്പിക്കുകയാണിവിടെ. അനന്ത വിസ്തൃതമായ പ്രപഞ്ചത്തിലെ നക്ഷത്രക്കൂട്ടങ്ങളാണ് ഗാലക്‌സികള്‍. നക്ഷത്രക്കൂട്ടങ്ങള്‍ തന്നെ കോടിക്കണക്കിന് ഉണ്ടത്രെ! സൂര്യന്‍ അംഗമായിരിക്കുന്ന നക്ഷത്രക്കൂട്ടത്തെ ക്ഷീരപഥം(Milky Way) എന്നാണ് വിളിക്കുന്നത്. ഗാലക്‌സിയുടെ വിസ്തൃതി അപാരമാണ്. ഒരുആകാശ പേടകത്തിന് ഒരു ലക്ഷംവര്‍ഷം കൊണ്ട് മാത്രമെ ഒരു ഗാലക്‌സി മുറിച്ചുകടക്കാന്‍ പറ്റുകയുള്ളൂ.
സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രങ്ങളിലൊന്നാണ് ‘പ്രോക്‌സിമ സെന്റോറി’. നാലു പ്രകാശവര്‍ഷം വരും ഭൂമിയില്‍നിന്ന് ഇതിന്റെ ദൂരം. എന്നുവെച്ചാല്‍, സെക്കന്റില്‍ മൂന്ന് ലക്ഷം കി.മീ വേഗത്തില്‍ സഞ്ചരിക്കുന്ന പ്രകാശരശ്മികളില്‍ നാലുവര്‍ഷം സഞ്ചരിച്ചാലേ അവിടെയെത്താന്‍ കഴിയൂ എന്നര്‍ഥം.
‘സൂര്യന്‍’, അതൊരു വമ്പന്‍ നക്ഷത്രമാണ്. മറ്റുപല വമ്പന്‍ നക്ഷത്രങ്ങളെക്കാളും ചെറുതും പ്രകാശം കുറഞ്ഞതുമാണ് സൂര്യന്‍ എന്നതും വിസ്മയം തന്നെ. 15 കോടി കിലോമീറ്റര്‍ ആണ് ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം. അനേക ലക്ഷം നക്ഷത്രങ്ങളില്‍ ഒന്നുമാത്രമായ സൂര്യന്‍ മറ്റുള്ളവയെ അപേക്ഷിച്ച് ചെറുതും നിസ്സാരനുമാണ്. പക്ഷെ, നമ്മുടെ ഭൂമിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കേമന്‍! സൂര്യന്റെ വ്യാസാര്‍ദ്ധം 13,92,000 കി.മീ! ഭൂമിയുടേതിനെക്കാള്‍ പതിമൂന്നു ലക്ഷത്തി നാലായിരം മടങ്ങ് വ്യാപ്തമുണ്ടെത്രെ സൂര്യഗോളത്തിന്! ഭൂമിയെ അപേക്ഷിച്ച് 3,33,000 ഇരട്ടി ഭാരം കൂടുതലാണ് സൂര്യന്. സൂര്യന്റെ ബാഹ്യതലത്തിന്റെ ചൂട് ആറായിരം മുതല്‍ 10,00,000 ഡിഗ്രി സെല്‍ഷ്യസ് വരെ ആണത്രെ! എന്നാല്‍ അകത്തെ താപനില കോടിക്കണക്കിന് ഡിഗ്രി തന്നെ. നമ്മുടെ ഭൂമിയിലെ ഉയര്‍ന്ന താപനില അസാധാരണമായാല്‍ 50ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനാവശ്യമായ വെളിച്ചവും ചൂടും സൂര്യനില്‍നിന്നും സദാസമയവും ഒഴുകിയെത്തുന്നു. സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തിയാണ് ഇവിടെ സര്‍വ ചരാചരങ്ങളും ഉയിര്‍കൊള്ളുന്നത്.
ഭൂമി ചന്ദ്രന്റെ നിഴലിലാകുമ്പോഴാണ് സൂര്യഗ്രഹണം നടക്കുക. അതുപോലെ ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ സഞ്ചരിക്കുന്ന വേളയിലാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. എല്ലാ കറുത്തവാവു ദിവസങ്ങളിലും ചന്ദ്രഗോളം ഭൂമിക്കും സൂര്യനുമിടയില്‍ വരുന്നുണ്ടെങ്കിലും ചന്ദ്രന്റെയും ഭൂമിയുടെയും പരിക്രമണതലങ്ങള്‍ അഞ്ച് ഡിഗ്രി ചെരിഞ്ഞിരിക്കുന്നതിനാല്‍ ഗ്രഹണം നടക്കുന്നില്ല.
ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗോളമാണ് ചന്ദ്രന്‍. ഭൂമിയില്‍ നിന്ന് 3,84,400 കി.മീ അകലത്തിലുള്ള ചന്ദ്രന്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്‍ സ്വയം പ്രകാശിക്കാന്‍ കഴിവുള്ള ഒരു ഗ്രഹമല്ല. പ്രത്യുത സൂര്യനില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശം അത് പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്.
ഉയര്‍ന്ന കൊടുമുടികളും ആഴമേറിയ താഴ്‌വരകളും നിറഞ്ഞതാണ് ചന്ദ്രന്റെ ഉപരിതലം. അവിടുത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിക്ക് ഭൂമിയിലെ എവറസ്റ്റ് കൊടുമുടിയെക്കാളും ഉയരമാണുള്ളത്. 10,000 മീറ്റര്‍ ഉയരമുണ്ടത്രെ ചന്ദ്രനിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തിന്. ഏറ്റവും വിസ്താരമേറിയ കുഴിക്ക് 300 കി.മീ വ്യാസാര്‍ദ്ധമുണ്ട്. 7000 മീറ്റര്‍ ആഴമുള്ള കുഴികള്‍ ചന്ദ്രനില്‍ സാധാരണമാണ്. ചന്ദ്രഗോളത്തിന്റെ വ്യാസാര്‍ദ്ധം 3,476 കിലോമീറ്റര്‍ വരും. ഭൂമിയുടെ നാലിലൊന്ന് വലിപ്പം മാത്രമേ ചന്ദ്രനുള്ളൂ.
ഉപരിസൂചിത വിസ്മയങ്ങളിലേക്ക് മിഴിതുറക്കാനും അതുവഴി അല്ലാഹുവിന്റെ അപാരമായ സൃഷ്ടിവൈഭവം മനസ്സിലാക്കുവാനും പ്രേരിപ്പിക്കുന്ന ഏതാനും ഖുര്‍ആനിക സൂക്തങ്ങള്‍ ശ്രദ്ധിക്കുക.
”നിശ്ചയം ആറു ദിനങ്ങളിലായി വാന ഭുവനങ്ങളെ സൃഷ്ടിച്ച അല്ലാഹുവാകുന്നു നിങ്ങളുടെ നാഥന്‍. അനന്തരം അവന്‍ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി. രാവിനെ അവന്‍ പകലിന്‍മേല്‍ പൊതിയുന്നു. ദ്രുതഗതിയില്‍ അതു പകലിനെ തേടിപ്പോകുന്നു. തന്റെ കല്‍പനക്കു വിധേയമാക്കപ്പെട്ട നിലയില്‍ സൂര്യ-ചന്ദ്രനെയും താരകങ്ങളെയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു). അറിയുക! സൃഷ്ടിയും ശാസനാധികാരവും അവനു മാത്രമാകുന്നു. സര്‍വലോകങ്ങളുടെയും നാഥനായ അല്ലാഹു അനുഗ്രഹ പൂര്‍ണനായിരിക്കുന്നു”.(വി.ഖു:7:54)
”ആകാശഭൂമികളൊക്കെയും യാഥാര്‍ഥ്യപൂര്‍വ്വം അവന്‍ സൃഷ്ടിച്ചിരിക്കുന്നു. രാവിനെ പകലിന്മേല്‍ അവന്‍ ചുറ്റിപ്പൊതിയുന്നു. പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു. സൂര്യ-ചന്ദ്രനെ അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിത അവധിവരെ സഞ്ചരിക്കുന്നു. അറിയുക! അവനത്രെ അജയ്യനും ഏറെ പാപമോചനമരുളുന്നവനും”(വി.ഖു:39:5)
”നിശീഥിനിയും അവര്‍ക്കൊരു ദൃഷ്ടാന്തമാണ്. അതില്‍നിന്നും പകലിനെ നാം ഊരിയെടുക്കുന്നു. അന്നേരം അവരതാ അന്ധകാരത്തിലകപ്പെട്ടവരായിത്തീരുന്നു. സൂര്യന്‍ അതിന്റെ സുസ്ഥിരസ്ഥാനത്ത് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. അജയ്യനും സര്‍വശക്തനുമായവന്റെ നിയന്ത്രണമാണത്രെ അത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് ഈന്തപ്പനക്കുലകളുടെ പഴയ തണ്ടുപോലെ ആയിത്തീരുന്നു. സൂര്യന് ചന്ദ്രനെ പ്രാപിക്കാനാവില്ല. രാവ് പകലിനെ മറികടക്കുകയുമില്ല. ഓരോന്നും ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു”.(വി.ഖു:36:37-40)
”സൂര്യനെ പ്രകാശമാക്കിയതും ചന്ദ്രനെ ശോഭയാക്കിയതും നിങ്ങള്‍ക്കു വര്‍ഷങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടിയാണ് അതിന് ഘട്ടങ്ങള്‍ നിര്‍ണയിച്ച് വെക്കുകയും ചെയ്തത് അവനാകുന്നു. യാഥാര്‍ഥ്യമായിട്ടല്ലാതെ അവയെയൊന്നും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ജനതക്കായി അല്ലാഹു ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു. രാപകലുകള്‍ വ്യത്യാസപ്പെടുന്നതിലും ആകാശഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ചുവെച്ചിട്ടുള്ള സകലവസ്തുക്കളിലും സൂക്ഷ്മതപാലിക്കുന്ന ജനതക്ക് ദൃഷ്ടാന്തങ്ങളുണ്ട്”.(വി.ഖു:10:5)
അത്യന്തം യുക്തിഭദ്രവും വ്യവസ്ഥാപിതവുമായ രീതിയിലാണ് പ്രപഞ്ച നാഥന്‍ ഇവയൊക്കെ സൃഷ്ടിച്ചിട്ടുള്ളത്. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള ഖുര്‍ആന്റെ പ്രസ്താവനകളെല്ലാം ആധികാരികമാണ്. കൂടുതല്‍ അന്വേഷിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ ജ്ഞാനസാഗരമാണ്.

Leave a Reply

Your email address will not be published. Required fields are marked *