ചരിത്രരചനയുടെ ഖുര്‍ആനിക വര്‍ത്തമാനം

പി.എ സ്വാദിഖ് ഫൈസി താനൂര്‍

എന്താണ് ഖുര്‍ആന്‍? നിയമം, ചരിത്രം, ശാസ്ത്രം, തത്ത്വജ്ഞാനം, സാരോപദേശം, കല്‍പന, അനുഷ്ഠാന മുറകള്‍, പ്രവചനങ്ങള്‍, പ്രത്യയശാസ്ത്ര സംവാദങ്ങള്‍… ഇവയില്‍ ഏതാണ് ഖുര്‍ആനിന്റെ പ്രതിപാദ്യവും പ്രതിപാദനവും? സത്യാന്വേഷികളില്‍ ചിലരെയെങ്കിലും കുഴക്കുന്ന, പലരുടെയും ചര്‍ച്ചയ്ക്കു വിധേയമായ ഒരു വിഷയമാണിത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുഹമ്മദ് നബി(സ്വ) ക്ക് അവതീര്‍ണമായ ദൈവിക സന്ദേശങ്ങളുടെ വിശുദ്ധ സമാഹാരമാണ് ഖുര്‍ആന്‍. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും നിലനില്‍ക്കുന്ന കാല-ദേശങ്ങളോടും ജനപഥങ്ങളോടുമാണ് അതിന്റെ അഭിസംബോധനം. ആകയാല്‍ ഒരേ ഒഴുക്കിലും താളത്തിലുമല്ല ഖുര്‍ആനിക വചനങ്ങള്‍. അതിനെ വിവിധതരം മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നിഗൂഢമായ ഒരു കാവിനോട് ഉപമിക്കാം. ഒരു മരം ഒറ്റയ്ക്കും ഒരേ മരങ്ങളുടെ കൂട്ടവും കാവ് ആകില്ലല്ലോ. വിശുദ്ധ ഖുര്‍ആനിനും ഈ സ്വഭാവം കാണാം. ഒട്ടനേകം വിജ്ഞാനീയങ്ങളുടെ വന്‍മരങ്ങളും നിയമ നിര്‍ദേശങ്ങളുടെ വള്ളിച്ചെടികളും ഇടകലര്‍ന്ന് ഇടതൂര്‍ന്നു നില്‍ക്കുന്നതാണല്ലോ ഖുര്‍ആന്‍.
മനുഷ്യന്റെ ബൗദ്ധികവും ഭൗതികവുമായ അവസ്ഥ എക്കാലത്തും വിവിധ നിലകളിലും നിലവാരങ്ങളിലുമാണ്. സാധാരണക്കാരോടുള്ള ഉദ്‌ബോധന ശൈലി ജ്ഞാനികള്‍ക്കും അറിവാളന്മാര്‍ക്കും പലപ്പോഴും അരോജകമായിരിക്കും. അവരോടുള്ളത് സാധാരണക്കാര്‍ക്ക് അവ്യക്തവും. ഇവരെ ഓരോരുത്തരെയും അനുയോജ്യമായ രീതിയില്‍ അഭിസംബോധന ചെയ്യുകയാണ് ഖുര്‍ആന്‍. അറിവിന്റെ മുഴുവന്‍ മാധ്യമങ്ങളിലൂടെയും ഉപമാലങ്കാരങ്ങളിലൂടെയും ഖുര്‍ആന്‍ മാനവകുലത്തോട് സംവദിക്കുന്നു. അതില്‍ ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും ഉണ്ട്. ഉദ്‌ബോധനങ്ങളും ഉപമാലങ്കാരങ്ങളും ഉദാഹരണങ്ങളുമുണ്ട്. സുവിശേഷങ്ങളും സങ്കീര്‍ത്തനങ്ങളും സാരോപദേശങ്ങളുമുണ്ട്. പ്രവചനങ്ങളും പ്രഖ്യാപനങ്ങളും പ്രതികരണങ്ങളുമുണ്ട്. പരമാണു മുതലങ്ങോട്ടുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളുണ്ട്. അവയെകുറിച്ചുള്ള കേവല വിവരങ്ങളും വിവരണങ്ങളും വിളമ്പുകയല്ല ഖുര്‍ആന്‍. വെറുംവിദ്യയുടെ വിതരണം വിശുദ്ധ വേദത്തിന്റെ ലക്ഷ്യമേ അല്ല. വിവിധ വിജ്ഞാനീയങ്ങളിലൂടെ മനുഷ്യരെയാകമാനം സ്രഷ്ടാവിലേക്ക് ആനയിക്കുകയാണത്.
പൊതുവിജ്ഞാനീയങ്ങളില്‍ എല്ലാമനുഷ്യരെയും ഒരുപോലെ ആകര്‍ഷിക്കുന്നതും ഏറെ ഗുണപാഠങ്ങളുള്ളതുമാണ് ചരിത്രം. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ഒരു ചരിത്രഗ്രന്ഥമല്ലാതിരുന്നിട്ടും ഖുര്‍ആനിലുടനീളം ചരിത്രത്തിന്റെ വെളിച്ചക്കീറുകള്‍ കാണാം. ചരിത്രം നിറഞ്ഞു നിന്ന ഭൂമികയിലൂടെ സഞ്ചരിക്കാനും അതില്‍ നിന്ന് ഗുണപാഠങ്ങള്‍ സ്വീകരിക്കാനും ഖുര്‍ആന്‍, വിശ്വാസികളെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നുണ്ട്. പൂര്‍വ സമൂഹങ്ങളുടെ ഗതിയും വിധിയും നോക്കിക്കാണാനാണ് പലയിടങ്ങളിലും ഖുര്‍ആനിന്റെ ആഹ്വാനം. ”നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുവീന്‍. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെ ആയിരുന്നുവെന്ന് നോക്കുവീന്‍” (ഖുര്‍ആന്‍ 6:11). ചരിത്രം തേടിയുള്ള അത്തരം യാത്രകളും സഞ്ചാരങ്ങളും മനുഷ്യന്റെ അകക്കണ്ണ് തുറപ്പിക്കുമെന്നാണ് ഖുര്‍ആനിന്റെ പക്ഷം. ‘അവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ചു മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചിനുള്ളിലെ ഹൃദയങ്ങളെയാണ് അന്ധതബാധിക്കുന്നത്’ (ഖുര്‍ആന്‍ 22:46). ചരിത്രത്തെ ഏതു പശ്ചാത്തലത്തില്‍ നിന്നാണ് മനുഷ്യന്‍ നോക്കിക്കാണേണ്ടത് എന്ന് വ്യക്തമാക്കുകയാണിവിടെ ഖുര്‍ആന്‍.
ഇന്നലെകളുടെ അനുഭവങ്ങളെയാണല്ലോ നാം ചരിത്രമെന്ന് ചുരുക്കി വിളിക്കുന്നത്. പരിമിതമായ ഒരായുസിനെ സഹസ്രാബ്ദങ്ങളോടു വിളക്കിച്ചേര്‍ക്കുന്നു എന്നതാണ് ചരിത്രജ്ഞാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ചരിത്രാഖ്യാനങ്ങളുടെ കൈവഴികളിലൂടെ സഞ്ചരിച്ചവന് അത്രയും കാലം ജീവിച്ചുതീര്‍ത്തതിന്റെ പ്രതീതിയാണ് അനുഭവപ്പെടുക. അതുകൊണ്ടാണ് ഇന്നലെയുടെ ചരിത്രം ഇന്നിന്റെ ഊര്‍ജവും നാളെയുടെ വെളിച്ചവുമാണെന്നു പറയുന്നത്. ആ രീതിയിലാണ് ഖുര്‍ആന്‍ ചരിത്രത്തെ സമീപിക്കുന്നതും അതിനോടു സംവദിക്കുന്നതും. മനുഷ്യന്‍ കൈവച്ച ചരിത്രാഖ്യാനങ്ങള്‍ പലപ്പോഴും സ്വാര്‍ഥ താല്‍പര്യത്തിന്റെ ഉപാധിയും ചൂഷണത്തിന്റെ ഉപകരണവുമായി മാറിയതിനു ചരിത്രത്തില്‍തന്നെ എമ്പാടും ഉദാഹരണങ്ങള്‍ കാണാം. അതിന്റെ ഇടനാഴികളില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അടയിരിക്കുന്നുണ്ടാവും. അത്തരം ന്യൂനതകളില്‍ നിന്നും വൈകല്യങ്ങളില്‍ നിന്നും മുക്തമായ അവതരണവും ആവിഷ്‌കാരവുമാണ് ഖുര്‍ആനിന്റേത്. അലസവും അവ്യക്തവുമായ കഥപറച്ചിലിനു പകരം സൂക്ഷ്മവും കൃത്യവുമായ വെളിപ്പെടുത്തലുകളാണ് അത് തുറന്നുവെക്കുന്നത്. ഇത് ഖുര്‍ആനിന്റെ മാത്രം പ്രത്യേകതയാണ്.

ചരിത്രത്തിലെ തിരുത്തും തീര്‍പ്പും
ഖുര്‍ആന്‍ അമാനുഷികമാണെന്ന് അവകാശപ്പെടുമ്പോള്‍ ആ അമാനുഷികത ഖുര്‍ആനിന്റെ ചരിത്രവീക്ഷണങ്ങളിലും തിങ്ങിവിങ്ങി നില്‍ക്കുന്നതുകാണാം. ദൈവനിവേശിതമെന്നും വെളിപ്പാടുകളുടെ വിശുദ്ധ സമാഹാരങ്ങളെന്നും വാഴ്ത്തപ്പെടുന്ന ഇതര വേദപുസ്തകങ്ങള്‍ക്കൊന്നും ഖുര്‍ആനിന്റെ സൂക്ഷ്മമായ ചരിത്ര സമീപനങ്ങള്‍ സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. മനുഷ്യോല്‍പത്തി മുതല്‍ യേശുക്രിസ്തുവരെയുള്ള ചരിത്രം വിവരിക്കുന്ന ഗ്രന്ഥസമുച്ചയമാണെന്ന് അവകാശപ്പെടുന്ന ബൈബിള്‍ പോലും ഇക്കാര്യത്തില്‍ പരാജയമാണ്. ബൈബിളിന്റെ ചരിത്രാഖ്യാനങ്ങളില്‍ രചയിതാക്കള്‍ക്ക് സംഭവിച്ചുപോയ വളവുകളും വൈകല്യങ്ങളുമടക്കം തിരുത്തിക്കൊണ്ടാണ് ഖുര്‍ആന്‍ അവതീര്‍ണമാകുന്നത്. പ്രാഥമിക ഉദാഹരണത്തിന് പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തന്നെ എടുക്കാം. ആറു ദിവസങ്ങളിലായി ദൈവം ഈ പ്രപഞ്ചത്തെ പടച്ചുവെന്നും ഏഴാം ദിവസം വിശ്രമിച്ചുവെന്നുമാണ് ബൈബിള്‍ ഉല്‍പത്തി പുസ്തകത്തിലെ പ്രഥമാധ്യായങ്ങള്‍ പറയുന്നത്. ദൈവം സര്‍വശക്തനാണെന്ന മതവിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ്, സൃഷ്ടിക്കുക എന്ന ഭാരിച്ച ജോലി ചെയ്ത് ഏഴാം ദിവസം വിശ്രമിക്കാന്‍ പോകുന്ന ദൈവത്തെ പരിചയപ്പെടുത്തുന്നതിലൂടെ ബൈബിള്‍ ചെയ്യുന്നത്. ഖുര്‍ആന്‍ ഇവിടെ ചരിത്രത്തോടും ശാസ്ത്രത്തോടും നീതിപുലര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ആകാശഭൂമിയുടെ സൃഷ്ടിപ്പിനെ പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നത് ‘അവയെ ആറ് ‘യൗമു’കളിലായി അവന്‍ അവന്‍ പടച്ചു’ എന്നാണ്(ഖുര്‍ആന്‍ 7:54,10:3, 11:7, 25:59, 32:4, 57:4). സന്ദര്‍ഭം, ഘട്ടം എന്നെല്ലാം അര്‍ത്ഥം വരുന്ന ‘യൗം’ എന്ന പദത്തെയാണ് ഖുര്‍ആന്‍ ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്. ദൈവത്തിന്റെ ‘വിശ്രമകഥ’ ഏറ്റെടുത്ത് അവതരിപ്പിക്കുന്നുമില്ല. പ്രാപഞ്ചിക ചരിത്രത്തോടും ശാസ്ത്രീയ നിഗമനങ്ങളോടും സാമാന്യബുദ്ധിയോടും ഇവിടെ ഖുര്‍ആനിനു ഏറ്റുമുട്ടേണ്ടിവരുന്നില്ലെന്നര്‍ഥം.
പ്രവാചകന്മാരുടെ കഥാകഥനങ്ങളില്‍ ഖുര്‍ആനും ബൈബിളും പലയിടങ്ങളിലും സംഗമിക്കുന്നുണ്ട്. പക്ഷെ, ബൈബിളിന്റെ അനുകരണവും ഏറ്റുപറച്ചിലുമല്ല ഖുര്‍ആന്‍ നിര്‍വഹിക്കുന്നത്. ജനങ്ങള്‍ക്കു മാതൃകയായി കടന്നുപോയ വിശുദ്ധ ജീവിതങ്ങളാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാര്‍. സമൂഹത്തെ നന്മയിലേക്കു നയിക്കുന്ന ദൈവദൂതന്മാരാണവര്‍. അരുതായ്മകള്‍ക്കും അശ്ലീലതകള്‍ക്കുമെതിരെയുള്ള പോരാട്ടമാണവരുടെ പ്രവര്‍ത്തന വീഥി. ‘പ്രവാചകന്മാരെയെല്ലാം നാം സദ്‌വൃത്തരാക്കിയിരിക്കുന്നു. അവരെ നാം നമ്മുടെ കല്‍പന പ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കന്മാരാക്കുകയും ചെയ്തിരിക്കുന്നു'(ഖുര്‍ആന്‍ 21:72). ഈ പ്രഖ്യാപനത്തെ പൂര്‍ണമായും സാധൂകരിക്കുന്ന പ്രവാചക ചരിത്രങ്ങളാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരുടെ ചരിത്രം ഈ രീതിയിലുള്ളതല്ല. വൈരുധ്യങ്ങളും വൈകല്യങ്ങളും അവയിലുടനീളം കാണാം. അതിലെ പ്രവാചകന്മാരും പുണ്യപുരുഷന്മാരും ഒരേസമയം ധര്‍മനിഷ്ഠരും ദുര്‍മാര്‍ഗികളുമാണ്. നന്മയുടെ പതാകവാഹകരും തിന്മയുടെ കുഴലൂത്തുകാരുമാണ്. ദൈവദൂതരില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്ന നോഹയുടെ കഥതന്നെ അതിന്റെ ഓന്നാന്തരം ഉദാഹരണമാണ്. ‘നോഹ് ധര്‍മനിഷ്ഠനായിരുന്നു- തന്റെ തലമുറയില്‍ കുറ്റമറ്റ മനുഷ്യന്‍. നോഹ് ദൈവത്തോടു കൂടെ നടന്നു’ (ഉല്‍പത്തി 6: 9,10). ഇവിടെ ഉത്തമനായും ധര്‍മനിഷ്ഠനായും അവതരിക്കുന്ന നോഹ് ‘ഉല്‍പത്തി’പുസ്തകത്തിന്റെതന്നെ ഒമ്പതാം അധ്യായത്തില്‍ എത്തുമ്പോള്‍ മദ്യപിച്ചു നഗ്നനായി കിടക്കുന്നതു കാണാം. ‘നോഹ് വീഞ്ഞു കുടിച്ചു ലഹരി ബാധിച്ചു നഗ്നനായി കൂടാരത്തില്‍ കിടന്നു. പിതാവിന്റെ നഗ്നതകണ്ടിട്ട് കാനാന്റെ പിതാവായ ഹാം വെളിയില്‍ചെന്ന് മറ്റു രണ്ടു സഹോദരന്മാരോട് വിവരം പറഞ്ഞു. ശേമും യാഫെത്തും കൂടി ഒരു വസ്ത്രം എടുത്ത് ഇരുവരുടെയും തോളുകളിലായി ഇട്ട്, പിറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു’ (ഉല്‍പത്തി 9: 21-23).
മദ്യപിച്ചു മത്തുപിടിച്ചു നഗ്നനായിക്കിടക്കുന്നവന് എന്തു ധര്‍മനിഷ്ഠയാണ് ബൈബിള്‍ കല്‍പിച്ചുകൊടുക്കുന്നത്? നോഹയെ ഇങ്ങനെ വികലമായി അവതരിപ്പിക്കുന്നതിലൂടെ ധാര്‍മികതയുടെ സംസ്ഥാപകന്‍തന്നെ അതിന്റെ അന്തകനാവുന്ന അവസ്ഥയാണ് ബൈബിള്‍ വരച്ചുവെക്കുന്നത്. ‘വേദപുസ്‌കത്തി’ന്റെ ഈ വൈരുധ്യങ്ങള്‍ക്കിടയിലാണ് ഖുര്‍ആനിന്റെ സമീപനം പ്രസക്തമാവുന്നത്. ധര്‍മസംസ്ഥാപനാര്‍ഥം നിയോഗിക്കപ്പെട്ട പ്രഥമ ദൈവദൂതനാണ് ഖുര്‍ആനിലെ നൂഹ്. മദ്യപാനം പോലുള്ള അരുതായ്മകളൊന്നും അദ്ദേഹത്തിലില്ല. അക്കാര്യം തന്റെ പ്രബോധിത സമൂഹത്തോട് അദ്ദേഹം തുറന്നു പ്രഖ്യാപിക്കുന്നുണ്ട്. ‘അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷെ, ഞാന്‍ ലോക രക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു'(ഖുര്‍ആന്‍ 7:61).
ദൈവിക ദര്‍ശനങ്ങളില്‍ നിന്ന് അകന്നുപോവുകയും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങളില്‍ ആനന്ദം കണ്ടെത്തുകയും ചെയ്ത ജനതയെ നന്മയിലേക്ക് നയിക്കാന്‍ നിയുക്തനായ വിശുദ്ധ പ്രവാചകനാണ് ഖുര്‍ആനിലെ ലൂത്വ്(ഖുര്‍ആന്‍ 7: 80-84). ബൈബിള്‍ പുതിയ നിയമം അദ്ദേഹത്തെ നീതിമാന്‍ എന്ന് വാഴ്ത്തുകയും ശിക്ഷയില്‍ നിന്ന് രക്ഷിച്ചു എന്ന് പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ‘വശളരുടെ അഴിഞ്ഞാട്ടം കണ്ട് ഏറെനേരം മനസ്സ് നൊന്ത നീതിമാനായ ലോത്തിനെ അവന്‍ രക്ഷിച്ചു. ആ നീതിമാനായ മനുഷ്യന്‍, അവരുടെ മധ്യേ വസിച്ചിരുന്നപ്പോള്‍ കണ്ടും കേട്ടും മടുത്ത അവരുടെ അന്യായപ്രവൃത്തികള്‍, അയാളുടെ നീതിനിഷ്ഠമായ മനസ്സിനെ അനുദിനം തീവ്രമായി വേദനിപ്പിച്ചിരുന്നു’ (2 പത്രോസ് 2: 7,8). വശളരുടെ അഴിഞ്ഞാട്ടത്തില്‍ മനസ്സ് നൊന്ത നീതിമാനായ ഈ ലോത്തിനെ, മദ്യപിച്ച് സ്വന്തം പെണ്‍മക്കളുമായി ശാരീരിക ബന്ധത്തിലേര്‍പെടുന്ന നീചനായിട്ടാണ് പഴയ നിയമം പരിചയപ്പെടുത്തുന്നത്. അക്കാര്യം ഉല്‍പത്തി പുസ്തകം രേഖപ്പെടുത്തുന്നത് ഇങ്ങനെ: ‘(ലോത്തിന്റെ ) മൂത്തപുത്രി ഇളയവളോട് പറഞ്ഞു: നമ്മുടെ പിതാവ് വൃദ്ധനായിരിക്കുന്നു. ഭൂമിയിലെ നടപ്പനുസരിച്ച് നമ്മോട് ഇണചേരാന്‍ ഭൂമിയില്‍ ഒരു പുരുഷനും ഇല്ല. വാ, നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. പിതാവിനോടൊപ്പം ശയിച്ച് പിതാവില്‍ നിന്ന് സന്തതികളെ നേടാം! അന്നു രാത്രി അവര്‍ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു. മൂത്തപുത്രി അകത്തുചെന്ന് പിതാവിനോടൊപ്പം ശയിച്ചു. അവള്‍ എപ്പോള്‍ വന്നു ശയിച്ചെന്നോ എപ്പോള്‍ എഴുന്നേറ്റു പോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അടുത്ത ദിവസം മൂത്തവള്‍ ഇളയവളോടു പറഞ്ഞു; ഇന്നലെ ഞാന്‍ നമ്മുടെ പിതാവിനോടൊപ്പം ശയിച്ചു. ഇന്നു രാത്രിയും നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. അനന്തരം നീ അകത്തുപോയി പിതാവിനോടൊപ്പം ശയിച്ച് നമ്മുടെ പിതാവിലൂടെ നമുക്ക് സന്തതികളെ നേടുക’. അന്നു രാത്രിയും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു. ഇളയ പുത്രി എഴുന്നേറ്റുചെന്ന് അയാളുടെ കൂടെ ശയിച്ചു. അവള്‍ എപ്പോള്‍ വന്നുശയിച്ചെന്നോ, എപ്പോള്‍ എഴുന്നേറ്റുപോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും പിതാവിനാല്‍ ഗര്‍ഭവതികളായി’ (ഉല്‍പത്തി 19: 31-36).
നോക്കൂ, ലൈംഗിക അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമെതിരെ പോരാടുകയും സദോം ഗമാറയെ നശിപ്പിച്ചപ്പോഴും പ്രത്യേക കാവല്‍ നല്‍കി സ്രഷ്ടാവ് സംരക്ഷിക്കുകയും ചെയ്ത വിശുദ്ധനാണ് ലോത്ത്. അദ്ദേഹത്തെ കുറിച്ചാണ് മറുഭാഗത്ത് അറപ്പും വെറുപ്പുമുളവാക്കുന്ന കഥകള്‍ അവതരിപ്പിക്കുന്നത്. കേവല വൈരുധ്യങ്ങളെ അടയാളപ്പെടുത്തുക എന്നതിനപ്പുറം, നൈതിക ധാര്‍മിക മൂല്യങ്ങളെ ചോദ്യംചെയ്യുക കൂടിയാണ് ഈ ‘ചരിത്ര’ നിര്‍മിതി. അത്തരം നിര്‍മിതികളെ വളച്ചുകെട്ടില്ലാത്ത വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യുക കൂടിയാണ് ഖുര്‍ആനിലെ ലൂത്വ്‌നബി(അ) യുടെ കഥ .
ഒന്നോ രണ്ടോ പ്രവാചകന്മാരുടെ ചരിത്രത്തില്‍ മാത്രമല്ല ‘വേദപുസ്തക’ങ്ങള്‍ ഇത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിച്ചിരിക്കുന്നത്. ഏതാണ്ട് എല്ലാ പ്രവാചകന്മാരുടെ ചരിത്രത്തിലും വൈരുധ്യങ്ങളും വൈകല്യങ്ങളും നിറഞ്ഞ വിവരണങ്ങള്‍ കാണാം. ഇസ്രയേലീ വംശത്തിന്റെ പിതാവായി അറിയപ്പെടുന്ന വിശുദ്ധ യാക്കോബിന്റെ ജീവിതം പോലും ബൈബിളിലെത്തുമ്പോള്‍ ചതിയും വഞ്ചനയും നിറഞ്ഞതാണ്. പിതാവും പ്രവാചകനുമായ ഇസ്ഹാഖിനെ കബളിപ്പിക്കുകയും ചതിപ്രയോഗത്തിലൂടെ ജ്യേഷ്ഠസഹോദരന്റെ അവകാശങ്ങളും സ്ഥാനമാനങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്ന ചിത്രമാണ് ഉല്‍പത്തി(27:19-36) യിലുള്ളത്. യാക്കോബ് തന്റെ ഭാര്യാപിതാവിന്റെ കാലിസമ്പത്തു മുഴുവന്‍ സൂത്രത്തിലൂടെ കൈവശപ്പെടുത്തുന്നതും(ഉല്‍പത്തി 30:37-43) മക്കളെ കൊണ്ട് നഗരം കൊള്ളചെയ്യിപ്പിക്കുന്നതും(34:25-32) ബൈബിളില്‍ ഉണ്ട്. ഇതേ യാക്കോബിനുതന്നെ ദൈവിക ദര്‍ശനമുണ്ടായതായും ഉല്‍പത്തി സമ്മതിക്കുന്നു. ഈ വൈരുധ്യങ്ങള്‍ക്കിടയിലാണ് സദ്‌വൃത്തനായ യഅ്ഖൂബിന്റെ പരിശുദ്ധ ജീവിതത്തെ കളങ്കവും കാലുഷ്യവും കലരാതെ അവതരിപ്പിക്കുന്ന ഖുര്‍ആനിന്റെ സത്യസന്ധമായ ചരിത്രസമീപനം പ്രസക്തമാകുന്നത്. പ്രസ്തുത ചരിത്രം അനാവരണം ചെയ്തുകൊണ്ട് ഖുര്‍ആന്‍ പ്രഖ്യാപിച്ചു: ‘ഇബ്‌റാഹീമിനു നാം ഇസ്ഹാഖിനെ പ്രദാനം ചെയ്തു. പുറമെ (പൗത്രന്‍) യഅ്ഖൂബിനെയും. അവരെയെല്ലാം നാം സദ്‌വൃത്തരാക്കിയിരിക്കുന്നു'(ഖുര്‍ആന്‍: 21: 72).
വിഗ്രഹാരാധനയ്‌ക്കെതിരെ പോരാടിയ പ്രവാചകനാണ് മോശെ. അദ്ദേഹത്തിന്റെ ന്യായപ്രമാണങ്ങളിലെ പ്രധാന കല്‍പകനകളിലൊന്നാണ് ‘ഒരു വിഗ്രഹവും നിനക്കായി ഉണ്ടാക്കരുത്. മുകളില്‍ സ്വര്‍ഗത്തിലുള്ളതോ താഴെ ഭൂമിയിലുള്ളതോ ഭൂമിക്കടിയില്‍ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും ബിംബം ഉണ്ടാക്കരുത്’ (പുറപ്പാട് 20:4) എന്ന കല്‍പന. ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് ആവര്‍ത്തന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ: ‘ആണിന്റെയോ പെണ്ണിന്റെയോ ഛായയുള്ളതോ, ഭൂമിയിലെ ഏതെങ്കിലും മൃഗത്തിന്റെ ഛായയുള്ളതോ, ആകാശചാരികളായ ഏതെങ്കിലും ഒന്നിന്റെ ഛായയുള്ളതോ, ഭൂമിക്കു താഴെ വെള്ളത്തിലുള്ളഏതെങ്കിലും മത്സ്യത്തിന്റെ ഛായയുള്ളതോ ആയ കൊത്തുരൂപങ്ങളോ പ്രതിമകളോ നിനക്കുവേണ്ടി ഉണ്ടാക്കി ദൂഷിതരാവരുത്’ (ആവര്‍ത്തനം 4: 17,18). ഇത്രയും രൂക്ഷമായി ബിംബ, പ്രതിമ, വിഗ്രഹ നിര്‍മാണത്തിനെതിരെ രംഗത്തുവന്ന മോശെ പ്രവാചകനോടുതന്നെ സ്വര്‍ഗത്തിലെ മാലാഖമാരായ കെരുബൂകളുടെ പ്രതിമ ഉണ്ടാക്കാന്‍ കല്‍പിക്കുന്ന വൈരുധ്യപൂര്‍ണമായ രംഗമാണ് ബൈബിള്‍ പുസ്തകത്തിന്റെ മറ്റൊരിടത്ത് (പുറപ്പാട് 25: 17-20) കാണുന്നത്. സര്‍പത്തിന്റെ ഓടു വിഗ്രഹമുണ്ടാക്കി അതിനെ പൂജിക്കുന്ന മോശെയുടൈ മറ്റൊരു ചിത്രവും ബൈബിള്‍(സംഖ്യ 21: 8,9) പുറത്തുവിടുന്നുണ്ട്. മോശെയുടെ കൂട്ടാളിയായിരുന്ന അഹറോന്‍ പ്രവാചകനായിരുന്നു എന്ന് ബൈബിള്‍ (പുറപ്പാട് 4:30) സമ്മതിക്കുന്നുണ്ട്. ഈ അഹറോന്‍ വിഗ്രഹാരാധനയ്ക്ക് കൂട്ടുനിന്നുവെന്ന ആരോപണം വേദപുസ്തകം ഉന്നയിക്കുന്നുണ്ട്. ഒരിടത്ത് പ്രവാചകനും പുണ്യപുരുഷനുമായി അവതരിക്കുന്നവര്‍ മറ്റൊരിടത്ത് അപരാധങ്ങളുടെയും അശ്ലീലതകളുടെയും ആശാന്മാരായി ചിത്രീകരിക്കപ്പെടുന്ന ഇത്തരം വൈരുധ്യങ്ങളെ തകര്‍ക്കുകയാണ് ഖുര്‍ആനിക ചരിത്രം. ഇസ്രയേല്യരില്‍പെട്ട ഒരു സാമിരി പശുക്കുട്ടിയുടെ രൂപമുണ്ടാക്കി വിഗ്രഹാരാധനയിലേക്ക് ഇസ്രയേലീ സമൂഹത്തെ ക്ഷണിച്ചഘട്ടത്തില്‍ പോലും അതിനെതിരെ പോരാടിയ വിശുദ്ധരായ പ്രവാചകന്മാരായിരുന്നു മൂസയും ഹാറൂനും എന്നാണ് ഖുര്‍ആനിന്റെ സമര്‍ഥനം(ഖുര്‍ആന്‍ 20:85-95).
യഹോവയുടെ കല്‍പന പ്രകാരം ശാമുവേല്‍ പ്രവാചകന്‍ പ്രത്യേകം തെരഞ്ഞെടുത്ത് അഭിഷേകം ചെയ്തവനും(1 ശാമുവേല്‍ 16: 1-13) ഗോലിയാത്തിനോട് പൊരുതി അവനെ വധിച്ചുകൊണ്ട് ഇസ്രയേല്യരില്‍ ഏറ്റവും ശ്രേഷ്ഠനായി മാറുകയും ചെയ്തവനാണ്(1 ശാമുവേല്‍ 17: 1-58) ദാവീദ്. സങ്കീര്‍ത്തനങ്ങളുടെ വക്താവെന്നും പുണ്യാത്മാവെന്നും വാഴ്ത്തപ്പെടുന്ന ഇതേ ദാവീദിനുമേല്‍ മറ്റൊരിടത്ത് ഗുരുതരമായ ആരോപണങ്ങളാണ് ബൈബിള്‍ ഉന്നയിക്കുന്നത്. ദാവീദ് തന്റെ പടയാളിയായ ഊറിയായുടെ ഭാര്യ ബത്‌ശേബയുമായി കിടപ്പറ പങ്കിടുകയും അതിലൂടെ അവള്‍ ഗര്‍ഭിണിയാവുകയും ചെയ്യുന്നു. ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഊറിയായില്‍ കെട്ടിവെക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. അത് പരാജയപ്പെടുന്നു. അവസാനം ചതിയിലൂടെ അയാളെ കൊല്ലുകയും ബത്‌ശേബയെ ദാവീദ് സ്വന്തമാക്കുകയും ചെയ്യുന്നു (2 ശാമുവേല്‍, അധ്യായം 11). സഭ്യതയുടെ എല്ലാ അതിരുകളും ഭേദിക്കുന്ന ആരോപണങ്ങളാണിവിടെ ‘ഇസ്രയേല്യരിലെ ഏറ്റവും ശ്രേഷ്ഠനും തെരഞ്ഞെടുക്കപ്പെട്ട പ്രവാചകനുമായ’ ദാവീദിനെതിരെ ബൈബിള്‍ ഉന്നയിച്ചിരിക്കുന്നത്. ഇവിടെയാണ് ‘ദാവൂദിന് നാം സുലൈമാനെ(പുത്രന്‍) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിലേക്ക്) ഏറ്റവുമധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു’ (ഖുര്‍ആന്‍ 38:30) എന്ന ചരിത്രപരമായ തിരുത്തിനു ഖുര്‍ആന്‍ തിരികൊളുത്തുന്നത്.
ഇങ്ങനെ മുന്‍കഴിഞ്ഞ വേദങ്ങളിലെല്ലാം കൂട്ടിച്ചേര്‍ക്കപെട്ട വൈരുധ്യങ്ങളെയും വൈകല്യങ്ങളെയും തിരുത്തുകയും നൈതികബോധത്തോടെ ചരിത്രത്തെ സമീപിക്കുകയുമാണ് ഖുര്‍ആന്‍ ചരിത്രപരമായ ഈ ഇടപെടലുകളിലൂടെ നിര്‍വഹിക്കുന്നത്. ബൈബിളിന്റെ ആവര്‍ത്തനവും അനുകരണവുമാണ് ഖുര്‍ആന്‍ എന്ന ആരോപണങ്ങളുടെ കഴുത്തില്‍ കത്തിവെക്കുക കൂടി അത് ചെയ്യുന്നുണ്ട്. ബൈബിള്‍ ഉള്‍പ്പെടെയുള്ള പൂര്‍വകാല വേദഗ്രന്ഥങ്ങളില്‍ പുരോഹിതന്മാരുടെയും സ്വാര്‍ഥതാല്‍പര്യക്കാരുടെയും കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഖുര്‍ആനിന്റെ ഈ സമീപനത്തിനു സാധിക്കുന്നു. ‘അവര്‍ ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു’ (ഖുര്‍ആന്‍ 4: 82) എന്ന പ്രഖ്യാപനത്തിലൂടെ ഈ വേദഗ്രന്ഥം വൈരുധ്യമുക്തമാണെന്നും ഇതര വേദഗ്രന്ഥങ്ങളില്‍ സംഭവിച്ച വൈരുധ്യങ്ങള്‍ അവയിലെ കൈകടത്തലുകള്‍ക്കും അന്യ ഇടപെടലുകള്‍ക്കും തെളിവാണെന്നും ഖുര്‍ആന്‍ പറയാതെ പറയുന്നു.
വെളിപാടുകളും വെളിപ്പെടുത്തലുകളും
പൂര്‍വ വേദങ്ങളിലെയും സമ്പ്രദായിക ആഖ്യാനങ്ങളിലെയും വൈരുധ്യങ്ങളും വൈകല്യങ്ങളും തിരുത്തുക മാത്രമല്ല ഖുര്‍ആന്‍ ചെയ്യുന്നത്. അവയുടെ ദൃഷ്ടി പതിയാത്ത ഇടങ്ങളിലേക്കും ഇടുക്കുകളിലേക്കും ചരിത്രവിദ്യാര്‍ഥികളെ കൂട്ടിക്കൊണ്ടുപോവുക കൂടിയാണ്. ചരിത്രത്തിന്റെ അരികും മൂലയും സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ടുള്ള വിവരണങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് ഇങ്ങനെ: ”(നബിയേ,) അവയൊക്കെ അദൃശ്യ വാര്‍ത്തകളില്‍പെട്ടതാകുന്നു. താങ്കളോ, താങ്കളുടെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല” (ഖുര്‍ആന്‍ 11:49).
പൂര്‍വ വേദഗ്രന്ഥങ്ങളിലൊന്നുമില്ലാത്ത ചരിത്രപരമായ സൂക്ഷ്മത ഖുര്‍ആന്‍ വെച്ചുപുലര്‍ത്തുന്നു എന്നത് കേവലമൊരു അവകാശവാദമല്ല. ഖുര്‍ആനിന്റെ ചരിത്രാഖ്യാനങ്ങളിലുടനീളം അതു കാണാം. മൂസാ പ്രവാചകന്റെ കഥപറയുന്നയിടത്ത് അദ്ധേഹത്തിന്റെ പ്രതിയോഗിയും ഈജിപ്തിന്റെ ഭരണാധികാരിയുമായ ഫിര്‍ഔനിനെ കുറിച്ചുള്ള പരാമര്‍ശം ഉദാഹരണം. ദിവ്യത്വം വാദിച്ച ഫിര്‍ഔന്‍, തന്റെ മന്ത്രി ഹാമാനോട് ഭീമന്‍ ടവറുണ്ടാക്കാന്‍ കല്‍പിച്ച സംഭവത്തെകുറിച്ച് ഖുര്‍ആന്‍ പറയുന്നതിങ്ങനെ: ‘ഫിര്‍ഔന്‍ പറഞ്ഞു; പ്രമുഖന്മാരേ, ഞാനല്ലാതെ വേറൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ'(ഖുര്‍ആന്‍ 28:38). ഫറവോന്റെ മന്ത്രിയായിരുന്ന ഈ ഹാമാനിനെ കുറിച്ചുള്ള പരാമര്‍ശം ഖുര്‍ആനിന്റെ മാത്രം പ്രത്യേകതയാണ്. ഇസ്രയേലീ വംശീയ കഥകള്‍ കൊണ്ടു സമ്പന്നമായ വേദപുസ്തകങ്ങളെല്ലാം ഇതേകുറിച്ച് നിശബ്ദപാലിക്കുകയാണ്. പില്‍കാലത്ത് പുരോഗതി പ്രാപിച്ച പര്യവേക്ഷണങ്ങളും ശിലാലിഖിത കണ്ടെത്തലുകളും ഖുര്‍ആനിന്റെ ചരിത്രാവതരണം സത്യമാണെന്നു സാക്ഷ്യപ്പെടുത്തുന്നു. പ്രാചീന ഈജിപ്തിലെ ഹൈറോഗ്ലിഫ് ലിപി വായിക്കാനുള്ള പുരാവസ്തു ശാസ്ത്രജ്ഞരുടെ ശ്രമം പതിനെട്ടാം നൂറ്റാണ്ടില്‍(എ.ഡി 1799ല്‍) വിജയം കണ്ടു. ഹൈറോഗ്ലിഫ് ലിപിയില്‍ എഴുതപ്പെട്ട ശിലാലിഖിതങ്ങളില്‍നിന്ന് ‘ഫറവോന്‍ റെമസ്സെ രണ്ടാമന്റെ’ ചരിത്രവും മന്ത്രിയായിരുന്ന ഹാമാന്റെ പേരും കണ്ടെടുക്കപ്പെട്ടു. ഹെര്‍മെന്‍ റാങ്കെ (Hermann Ranke) തന്റെ Dictionary of Personal names of the New kingdom, ലും കെ.എ കിച്ചെണ്‍ (K.A. Kitchen)അദ്ധേഹത്തിന്റെ Pharaoh Triumphant the life and times of Ramesses II ലും ഇക്കാര്യം വ്യക്തമാക്കുകയും മോറിസ് ബുക്കായ്(Maurice Bucaille) തന്റെ Moses and Pharaoh in the Bible, Qur’an and History, p. 192-193 ല്‍ അത് ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനിലെ ഒരു ചരിത്രസത്യത്തിനു അടിവരയിടാന്‍ ചരിത്രരചനാശാസ്ത്രത്തിനു പതിനെട്ടാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു! ഖുര്‍ആന്‍ അമാനുഷിക ഗ്രന്ഥമാണെന്നതിന്റെ ചരിത്രസാക്ഷ്യം കൂടിയാണിത്.
മോശയുടെ ശത്രുവായ ഫറവോന്‍ ദൈവശിക്ഷയ്ക്കു വിധേയനായി മുങ്ങിമരിച്ച സംഭവം വേദഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. പക്ഷെ, ഫറവോന്റെ ശവശരീരത്തിനു പിന്നീടെന്തു സംഭവിച്ചു എന്ന് പറയുന്നത് ഖുര്‍ആന്‍ മാത്രമാണ്. അല്ലാഹു പറഞ്ഞു; ‘എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്’ (ഖുര്‍ആന്‍ 10:92). ഫിര്‍ഔന്റെ ശവശരീരം കടലില്‍വെച്ചു നശിച്ചുപോയിട്ടില്ലെന്നും അതിനെ പില്‍കാലക്കാര്‍ക്കു ദൃഷ്ടാന്തമാകാന്‍ വേണ്ടി ദൈവം സംരക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണെന്നും ഖുര്‍ആന്‍ പറയുന്നു. മറ്റു ഫറവോന്മാരുടെ മൃതദേഹങ്ങളെല്ലാം ശരവകുടീരങ്ങളില്‍ സുരക്ഷിതമായപ്പോള്‍ ഈ ഫിര്‍ഔന്റെ ശരീരത്തെകുറിച്ച് മാത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ലോകം അറിഞ്ഞില്ല. എന്നാല്‍ ഖുര്‍ആന്റെ പ്രവചനം പൂര്‍ണമായും സത്യമാണെന്നു തെളിയിച്ചുകൊണ്ട് പില്‍കാലം ആ ശവശരീരം കണ്ടെത്തി. കൈറോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ റോയല്‍മമ്മീസ് റൂമില്‍ ഇന്ന് അതുകാണാം. സഹസ്രാബ്ദങ്ങളോളം അജ്ഞാതമായിക്കിടന്ന ഒരു ചരിത്രവസ്തുതയാണ് ഇവിടെ ഖുര്‍ആന്‍ വെളിച്ചത്തുകൊണ്ടുവന്നത്. ദൈവിക വെളിപ്പാടുകള്‍ക്കല്ലാതെ ഏഴാം നൂറ്റാണ്ടിലെ ഏതുപ്രതിഭയ്ക്കാണ് ഇങ്ങനെ യൊരു ചരിത്രപ്രഖ്യാപനം നടത്താനാകുക?
മൂസാ പ്രവാചകന്റെ കാലത്തെ ഈജിപ്ഷ്യന്‍ ഭരണാധികാരിയെ ഫിര്‍ഔന്‍ എന്ന് അഭിസംബോധനം ചെയ്ത ഖുര്‍ആന്‍, യൂസുഫ് നബി(അ)യുടെ കാലത്തെ ഈജിപ്ഷ്യന്‍ ഭരണാധികാരിയെ ‘രാജാവ്’ എന്നുമാത്രമാണ് അഭിസംബോധന ചെയ്യുന്നത്(ഖുര്‍ആന്‍ 12:43). ഈ പ്രവാചകന്മാരുടെ കഥപറയുന്ന ബൈബിളാകട്ടെ, അബ്രഹാമിന്റെയും യോസഫിന്റെയും മോശെയുടെയും കാലത്തെ എല്ലാ ഈജിപ്ഷ്യന്‍ ഭരണാധികാരികളെയും ‘ഫറവോന്‍’ എന്ന് പരിചയപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ ഇബ്‌റാഹീമീ കാലഘട്ടത്തിലോ യൂസുഫ് നബിയുടെ കാലഘട്ടത്തിലോ ഈജിപ്ഷ്യന്‍ ഭരണാധികകാരികള്‍ ‘ഫറവോന്‍’എന്ന് അഭിസംബോധന ചെയ്യപ്പെട്ടിരുന്നില്ല. ബി.സി 1648 മുതല്‍ 1540 വരെയുള്ള കാലത്ത് (ഈ കാലത്തിനിടയിലാണ് യൂസുഫ് നബിയുടെ ഈജിപ്ത് വാസം) ഈജിപ്ഷ്യന്‍ ഭരണാധികാരികള്‍ രാജാവ് എന്ന് മാത്രമാണ് അഭിസംബോധനം ചെയ്യപ്പെട്ടിരുന്നതെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. യൂസുഫ് നബിയുടെ കാലശേഷം ഇരുനൂറു വര്‍ഷമെങ്കിലും കഴിഞ്ഞിട്ടാണ് ഈജിപ്തില്‍ ‘ഫിര്‍ഔന്‍’ വംശത്തിന്റെ അരങ്ങേറ്റമുണ്ടാകുന്നത്. അപ്പോള്‍ ഇബ്‌റാഹീം, യൂസുഫ് എന്നിവരുടെ കാലത്തെ ഭരണാധികാരികളെ ‘ഫിര്‍ഔന്‍’ എന്നു വിളിച്ച ബൈബിളിനെക്കാള്‍ ചരിത്രപരമായ ശരിയും സത്യവും ‘രാജാവ്’ എന്നു വിളിച്ച ഖുര്‍ആനിനാണെന്നു വരുന്നു. ചരിത്രത്തിലെ അശ്രദ്ധമായിക്കിടക്കുന്ന ഇത്തരം ‘ചെറിയ’കാര്യങ്ങളെ പോലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ ഒരു ദൈവിക ഗ്രന്ഥത്തിനല്ലാതെ സാധിക്കില്ലെന്നുറപ്പ്.
റോമാ ചക്രവര്‍ത്തി ‘ദഖ്‌യാനൂസ്’വിഗ്രഹാരാധനയ്ക്കു നിര്‍ബന്ധിക്കുകയും അതിനു വിസമ്മതിക്കുന്നവരെ കൊന്നുകളയാന്‍ ഉത്തരവിടുകയും ചെയ്തപ്പോള്‍ ഒരു ഗുഹയില്‍ അഭയംതേടിയ ഏഴു ചെറുപ്പക്കാരുടെ കഥ ക്രൈസ്തവ-ഇസ്‌ലാമിക ലോകത്ത് പ്രസിദ്ധമാണ്. പക്ഷെ, ആ ചരിത്രസംഭവത്തെ ഖുര്‍ആനിനോളം സൂക്ഷ്മായി അവതരിപ്പിക്കാന്‍ മറ്റൊരു വേദഗ്രന്ഥത്തിനും സാധിച്ചിട്ടില്ല. ആ ചെറുപ്പക്കാര്‍ ഗുഹയില്‍ താമസിച്ചിരുന്ന വര്‍ഷത്തിന്റെ എണ്ണത്തില്‍ പോലും കൃത്യവും സൂക്ഷ്മവുമായ വിവരണമാണ് ഖുര്‍ആന്‍ നല്‍കുന്നത്. ‘അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചു. അവര്‍ ഒമ്പത് വര്‍ഷം കൂടുതലാക്കുകയും ചെയ്തു'(ഖുര്‍ആന്‍ 18:25). ‘മുന്നൂറ് വര്‍ഷം’ എന്നു പറഞ്ഞു നിര്‍ത്താതെ ‘ഒമ്പത് വര്‍ഷം കൂടി’ എന്നു വ്യക്തമാക്കുന്നതിലൂടെ രണ്ട് കലണ്ടറുകളുടെ കണക്കുകള്‍ ഒന്നിച്ചു നിരത്തിവെക്കുകയാണ് ഖുര്‍ആന്‍. സോളാര്‍ കലണ്ടര്‍ പ്രകാരമുള്ള 300 വര്‍ഷം, ലൂണാര്‍ കലണ്ടറിലേക്ക് എത്തിയാല്‍ 309 വര്‍ഷമാവും. ഒരു ചന്ദ്രവര്‍ഷത്തില്‍ സൗരവര്‍ഷത്തെക്കാള്‍ 11 ദിവസം കുറവാണ്. സൗരവര്‍ഷത്തിലെ 33 വയസ്സുകാരന് ചന്ദ്രവര്‍ഷത്തില്‍ 34. ഒരു നൂറ്റാണ്ടിനിടയില്‍ 3 വര്‍ഷത്തെ വ്യത്യാസം. അപ്പോള്‍ ഒരിടത്ത് 300 ആകുമ്പോള്‍ മറ്റൊരിടത്ത് 309. ഇങ്ങനെ കൃത്യത പാലിക്കാന്‍ മറ്റേതു ഗ്രന്ഥത്തിനാണു സാധിക്കുക?
ഹൂദ് നബി(അ) യുടെ പ്രബോധിത സമൂഹമായ ‘ആദി’നെകുറിച്ചും അവര്‍ വസിച്ചിരുന്ന ‘ഇറം’ നഗരത്തെകുറിച്ചുമുള്ള ഖുര്‍ആനിന്റെ പരാമര്‍ശം മറ്റൊരു ഉദാഹരണമാണ്. ‘ആദ് സമുദായത്തെ താങ്കളുടെ രക്ഷിതാവ് എന്ത് ചെയ്തുവെന്ന് കണ്ടില്ലേ? അതായത് തൂണുകളുടെ ഉടമകളായ ‘ഇറം’ കാരെക്കൊണ്ട്’ (ഖുര്‍ആന്‍ 89: 6,7). ആദ് സമൂഹത്തിന്റെ വാസസ്ഥലത്തിന്റെ യഥാര്‍ഥ പേര് ഇറം ആണെന്ന വിവരം ഖുര്‍ആനിന്റെ അവതരണകാലത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും അജ്ഞാതമായിരുന്നു. എന്നിട്ടും ഖുര്‍ആന്‍ ആ പേര്തന്നെ എടുത്തിട്ടു. ഖുര്‍ആനില്‍ ആ പേര് വന്നതുകൊണ്ടുതന്നെ പൂര്‍വ വേദങ്ങളെ അവലംബിച്ച വ്യാഖ്യാതാക്കളില്‍ ചിലരെങ്കിലും ആദുകളുടെ ഗോത്രതലവന്റെ പേരാണ് ഇറം എന്ന നിഗമനത്തിലാണ് എത്തിയത്. പക്ഷേ, ആധുനിക ഭൂമിശാസ്ത്ര പര്യവേക്ഷണങ്ങള്‍ പുരോഗതി പ്രാപിക്കുകയും പുരാതന ലിഖിതങ്ങള്‍ വായിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ ആദുകളുടെ നഗരമാണ് ഇറം എന്നുതെളിഞ്ഞു. 1975ല്‍ സിറിയയിലെ ഇറ്റാലിയന്‍ ആര്‍ക്കിയോളജിക്കല്‍ മിഷന്‍ ഡയറക്ടറും യൂനിവേഴ്‌സിറ്റി ഓഫ് റോമിലെ അധ്യാപകനുമായ ഡോ. പോളോ മാത്തിയസ് (Dr. Paolo Mathias) തന്റെ പഠന പ്രബന്ധങ്ങളിലൂടെ ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്നു. ബി.സി ഇരുപത്തിമൂന്നാം നൂറ്റാണ്ടിലാണത്രെ ഈ നഗരം തകര്‍ക്കപ്പെട്ടതും നാമാവശേഷമായതും. മുഹമ്മദ് നബി(സ്വ) ഭൂജാതനാകുന്നതിന്റെ 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്നടിഞ്ഞില്ലാതെയായ ഒരു നഗരത്തിന്റെ പേരുപോലും സൂക്ഷ്മമായി പ്രവചിക്കാന്‍ ഖുര്‍ആനു സാധിച്ചത്, അത് മുഹമ്മദീയ സൃഷ്ടിയല്ലെന്നതിന്റെ ഒന്നാന്തരം തെളിവാണ്.
ഇതുപോലുള്ള ഒട്ടനവധി ചരിത്രപരമായ വെളിപ്പെടുത്തലുകള്‍ ഖുര്‍ആനിലുടനീളം കാണാം. ചിലതെല്ലാം ചരിത്രാന്വേഷകരുടെ നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്നത് ശരി. ഇനിയും എമ്പാടും ബാക്കിയുണ്ട്. അതേകുറിച്ചുള്ള പഠനമനനങ്ങളാണ് നാം ഏറ്റെടുക്കേണ്ടതും നിര്‍വഹിക്കേണ്ടതും.

Leave a Reply

Your email address will not be published. Required fields are marked *