ഖുര്‍ആന്‍ പാരായണ ശാസ്ത്രം

അലവി ഫൈസി കുളപ്പറമ്പ്

മനുഷ്യസമൂഹത്തിന്റെ ഇഹപര വിജയവും മാര്‍ഗദര്‍ശനവും ഉന്നം വെച്ചു കൊണ്ട് അഷ്‌റഫുല്‍ ഖല്‍ഖ് മുഹമ്മദ് മുസ്ത്വഫാ(സ്വ) ക്ക് ജിബ്‌രീല്‍ (അ) മുഖേന അല്ലാഹു നല്‍കിയതാണ് വിശുദ്ധ ഖുര്‍ആന്‍.
‘ഏറ്റവും ചൊവ്വായതിലേക്ക് ഈ ഖുര്‍ആനിനെ ചേര്‍ക്കുമെന്ന് ‘(വി:ഖു:17-9 ) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇമാം സുയൂത്വി(റ) ‘അല്‍ ഇത്ഖാനില്‍’ പറയുന്നു: വിശുദ്ധ ഖുര്‍ആനും അതിന്റെ വിശദീകരണങ്ങളും അല്ലാഹു ഇറക്കിയതുപോലെ അതിന്റെ പാരായണ രീതികളും അല്ലാഹുവില്‍ നിന്നുള്ളത് തന്നെയാണ്.
‘വായിക്കപ്പെടുന്നത് ‘ എന്നാണ് ‘ഖുര്‍ആന്‍’ എന്ന വാക്കിന്റെ അര്‍ഥം. ഇത്രയധികം പാരായണം ചെയ്യപ്പെട്ട മറ്റൊരു ഗ്രന്ഥം ലോകത്തില്ല. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും അതിനെ മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നവരാണെന്ന തിരുവചനം വി: ഖുര്‍ആനുമായി ബന്ധപ്പെട്ട് ജീവിക്കുന്നതിന്റെ പ്രാധാന്യമാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്.
ഖുര്‍ആന്‍ പാരായണം കേവലം ഒരു കവിത ചൊല്ലുന്ന പോലെയോ, ഒരു പദ്യം ആലപിക്കുന്ന പോലെയോ, അതുമല്ലെങ്കില്‍ ഒരു പുസ്തകം വായിക്കുന്ന രീതിയിലോ അല്ല; അതിനൊരു പ്രത്യേക പാരായണരീതിയുണ്ട്. അത് സവിശേഷമാര്‍ന്നതും ആകര്‍ഷണീയവും മറ്റൊന്നിന്റെ അനുകരണമല്ലാത്തതുമാണ്. വായിക്കലും നോക്കലും മറ്റുള്ളവര്‍ വായിക്കുന്നത് കേള്‍ക്കലും പുണ്യമുള്ള വിശുദ്ധ ഖുര്‍ആന്റെ ഈ സവിശേഷത മറ്റൊന്നിനുമില്ല.
തജ്‌വീദ്
ഖുര്‍ആന്‍ പാരായണശാസ്ത്രത്തിനാണ് ‘ഇല്‍മുത്തജ്‌വീദ്’ എന്നു പറയുന്നത്. ‘ഭംഗിയാക്കുക’ എന്നാണ് തജ്‌വീദ് എന്ന പദത്തിനര്‍ഥം. ഖുര്‍ആനിലെ അക്ഷരങ്ങള്‍ അവയുടെ മഖ്‌റജുകളും (ഉത്ഭവസ്ഥാനം) സ്വിഫതുകളും(ഉച്ചാരണ സ്വഭാവം) തെറ്റാതെ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് പാരായണം ചെയ്യുക എന്നു വിവക്ഷ.
അക്ഷരസ്ഫുടത നിലനിര്‍ത്തിയും ഭംഗിയാക്കിയും അര്‍ഥം പൂര്‍ണമാകുന്ന സ്ഥലത്ത് വഖ്ഫ് ചെയ്തും സാവകാശവുമാണ് ഖുര്‍ആന്‍ ഓതേണ്ടത്. നബി(സ്വ) യുടെ പാരായണരീതിയും അവിടുന്ന് പഠിപ്പിച്ചതും കാലാകാലങ്ങളായി നിലനിന്നു പോന്നതും ഇതേ രീതിയാണ്.
ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിന്( ഇല്‍മു ത്തജ്‌വീദ്) വളരെയേറെ മഹത്വമുണ്ട്. തജ്‌വീദിന്റെ നിയമമനുസരിച്ച് ഖുര്‍ആനോതല്‍ ഫര്‍ള് ഐനായ (വ്യക്തിപരമായ നിര്‍ബന്ധം) കാര്യവും ഈ അറിവു നേടല്‍ ഫര്‍ളു കിഫാ (സാമൂഹ്യ ബാദ്ധ്യത) യുമാണ്.
വിശുദ്ധ ഖുര്‍ആനിലെ 3-73 ാം വാക്യത്തിന് ഇമാം ബൈളാവി(റ) നല്‍കുന്ന വാഖ്യാനം തജ്‌വീദ് പ്രകാരം ഖുര്‍ആന്‍ ഓതുക എന്നതാണ്. അക്ഷരങ്ങളെ ഭംഗിയാക്കലും വഖ്ഫുകളെ അറിയലുമാണ് അതിന്റെ താല്‍പര്യമെന്ന് അലി(റ) വിശദീകരിച്ചിട്ടുണ്ട്.
നബി(സ്വ) യില്‍ നിന്ന് സ്ഥിരപ്പെട്ടത്
ഖുര്‍ആന്‍ നിയമാനുസൃതം പാരായണം ചെയ്യുന്നതിന്റെ പ്രാധാന്യം നബി(സ്വ) യുടെ ഹദീസുകളില്‍ ധാരാളം വിവരിച്ചിട്ടുണ്ട്. ഇമാം സുയൂത്വി(റ) ഇത്ഖാനില്‍ ഉദ്ധരിക്കുന്ന ഒരു സംഭവം ശ്രദ്ധേയമാണ്. ബഹു മാനപ്പെട്ട ഇബ്‌നു മസ്ഊദ്(റ ) വിന്റെ അടുത്തുവെച്ച് ഒരാള്‍ ‘ഇന്നമസ്സ്വദഖാത്തു ലില്‍ ഫുഖറാഇ’ എന്ന ഭാഗത്ത് മദ്ദ് ചെയ്യാതെ(നീട്ടാതെ) ഓതി. അപ്പോള്‍ ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു. ‘നബി (സ്വ) ഇങ്ങനെയല്ല ഓതിയത്’. അപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ പറഞ്ഞു. ”നബി(സ്വ) ഇങ്ങനെയല്ല ഓതിത്തന്നത്”. അപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ ചോദിച്ചു. ”പിന്നെ എങ്ങനെയായിരുന്നു?” ഇബ്‌നു മസ്ഊദ് (റ) ‘ഫുഖറാഇ’ എന്ന് മദ്ദോടു കൂടി ഓതിക്കേള്‍പ്പിച്ചുകൊണ്ട് പറഞ്ഞു. ”ഇപ്രകാരമായിരുന്നു നബി(സ്വ) ഓതി തന്നത്”. പ്രവാചക കാലം മുതല്‍ ഇതുവരെയുള്ള സകല പണ്ഡിതരും തജ്‌വീദനുസരിച്ച് ഓതല്‍ നിര്‍ബന്ധമാണെന്നതില്‍ ഏകോപിച്ചിട്ടുണ്ടെന്ന് അല്ലാമാ അശ്ശൈഖ് അല്ലാമാ മുഹമ്മദ് മക്കി(റ) വും പറയുന്നു.
ഇമാം ഇബ്‌നുല്‍ ജസ്‌രി(റ) ഇക്കാര്യം അടിവരയിട്ട് വിശദീകരിക്കുന്നു.തജ്‌വീദനുസരിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യല്‍ നിര്‍ബന്ധമാണ്. ഖുര്‍ആന്‍ തജ്‌വീദ് പ്രകാരം ഓതാത്തവര്‍ കുറ്റക്കാരാവുന്നതാണ്. കാരണം അല്ലാഹു ഖുര്‍ആന്‍ ഇറക്കിയത് തജ്‌വീദോടു കൂടിയാണ്. അത് നമ്മിലേക്ക് എത്തിച്ചേര്‍ന്നതും അപ്രകാരമാണ്.
”അക്ഷരങ്ങള്‍ക്ക് അറബികള്‍ നല്‍കിയ ശബ്ദങ്ങളും ഉച്ചാരണവും നിങ്ങളും നല്‍കുക”. എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അറബികള്‍ നല്‍കിയ അലങ്കാരവും ഉച്ചാരണരീതിയും അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും നല്‍കിക്കൊണ്ടുള്ള പാരായണം മാത്രമേ ഖുര്‍ആനിന്റെ യഥാര്‍ഥ പാരായണമായി സ്വീകരിക്കപ്പെടുകയുള്ളൂവെന്ന് ഈ തിരുവാക്യം സ്പഷ്ടമാക്കുന്നുണ്ട്. തെറ്റുകളില്‍നിന്നും ഖുര്‍ആന്‍ പാരായണത്തെ മുക്തമാക്കലാണ് ഈ നിയമങ്ങള്‍ കൊണ്ട് ലഭിക്കുന്ന ഗുണം. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും നേടിയെടുക്കല്‍ അന്തിമലക്ഷ്യവും.
തജ്‌വീദ് ശ്രദ്ധിക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കുറ്റകരവും ഖുര്‍ആനിന്റെ ശാപം കിട്ടാന്‍ കാരണവുമായിത്തീരുകയും ചെയ്യും. നബി(സ്വ) പറഞ്ഞു: ”ഖുര്‍ആന്‍ ഓതുന്ന എത്രയോ ആളുകളുണ്ട് ഖുര്‍ആന്‍ അവരെ ശപിച്ചുകൊണ്ടേയിരിക്കുന്നു”.
ഖിറാഅത്ത് വിവിധ തരം
അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍(മഖാരിജുല്‍ ഹുറൂഫ്), ഉച്ചാരണ സ്വഭാവം(സ്വിഫാത്തുല്‍ ഹുറൂഫ്), പദങ്ങള്‍ കൂടിച്ചേരുമ്പോഴുണ്ടാവുന്ന പ്രത്യേക നിയമങ്ങള്‍ എന്നിവ അറിയല്‍, അക്ഷരങ്ങള്‍ ഉച്ചരിച്ച് പരിശീലനം നേടല്‍, തജ്‌വീദ് നിയമങ്ങളില്‍ അവഗാഹം നേടിയ ഗുരുവര്യന്മാരില്‍ നിന്ന് പിടിച്ചെടുക്കല്‍ എന്നിവ തജ്‌വീദിന്റെ പ്രധാന ഘടകങ്ങളാണ്.
അര്‍ഥം ചിന്തിച്ച് സാവകാശം ഓതല്‍(തര്‍ത്തീല്‍), തജ്‌വീദ് പാലിച്ചു കൊണ്ടു തന്നെ വേഗത്തില്‍ ഓതല്‍(ഹദര്‍), ഇവ രണ്ടിന്റെയും മധ്യേയുള്ള ഓത്ത്(തദ്‌വീര്‍) എന്നീ മൂന്നു വിധത്തിലും ഖുര്‍ആന്‍ പാരായണം ചെയ്യാമെങ്കിലും ആദ്യം പറഞ്ഞ രീതിയില്‍ തര്‍ത്തീലായി ഓതലാണ് ഏറ്റവും നല്ലത്. ഇവിടങ്ങളിലെല്ലാം തജ്‌വീദ് അനുസരിച്ചായിരിക്കല്‍ നിര്‍ബന്ധമാണ്. പഠിക്കാന്‍ വേണ്ടി സാവകാശം ഓതുന്നതിന്ന് ‘തഹ്ഖീഖ്’ എന്നാണ് പറയുക.
വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ മൂന്നു ഘടകങ്ങള്‍ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.
1. ഓത്തിന്റെ പരമ്പര(സനദ്) നബി(സ്വ) യിലേക്ക് ചെന്നുചേരുക.
(സനദ് മുറിയാത്ത ഒരു ഗുരുവില്‍ നിന്ന് ഖുര്‍ആന്‍ ഓതുന്നത് കേള്‍ക്കല്‍ കൊണ്ടും, അത്തരത്തിലുള്ള ഒരു ഗുരുവിന് ഓതിക്കേള്‍പ്പിച്ചത് അദ്ദേഹം അംഗീകരിക്കുന്നത് കൊണ്ടും സനദ് മുത്തസ്വിലായി (പരമ്പര മുറിയാത്തത്) എന്ന് പറയാം.)
2. നഹ്‌വി(അറബി വ്യാകരണ ശാസ്ത്രം) ന്റെ നിയമങ്ങള്‍ക്ക് ഓത്തു വരല്‍.
3. ഖുര്‍ആന്‍ ഓത്ത് ഉസ്മാനീ മുസ്വ്ഹഫിനോട് യോജിക്കുക.
മൂന്നാം ഖലീഫയായിരുന്ന മഹാനായ ഉസ്മാന്‍(റ) ന്റെ ഖിലാഫത്തു കാലത്ത് ബഹുമാനപ്പെട്ട സ്വഹാബി വര്യന്മാരുടെ സമ്മതപ്രകാരം എഴുതിത്തയ്യാറാക്കപ്പെട്ട അംഗീകൃത മുസ്വ്ഹഫുകളില്‍ ഏതെങ്കിലും ഒരു കോപ്പിയോട് യോജിക്കുക.
മേല്‍പറഞ്ഞ നിലക്ക് ഒത്തുവരാത്ത പാരായണം നിയമത്തിന് എതിരും, അസാധ്യവുമാണ്. ശാദ്ദായ ഖിറാഅത്ത് എന്നാണിതിന് പറയുക. ഇമാം ജസ്‌രി(റ) തന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
‘ഖാരിഉകള്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു സംഘം നബി(സ്വ) യുടെ കാലത്തുതന്നെ സ്വഹാബാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പഠിച്ചും ഹിഫ്‌ളാക്കിയും അതില്‍ മാത്രം ബദ്ധശ്രദ്ധരായിരുന്നു അവര്‍.
ഏഴു ഖാരിഉകള്‍
എന്നാല്‍ നാം ഇന്നറിയപ്പെടുന്ന ഏഴു ഖിറാഅത്തിന്റെ ഇമാമീങ്ങളും രണ്ടാം നൂറ്റാണ്ടോടു കൂടിയുള്ളവരാണ്. മുസ്‌ലിം കേന്ദ്രങ്ങളായിരുന്ന മക്ക, മദീന, കൂഫ, ബസ്വറ, ശാം എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. മുസ്‌ലിംലോകം ഇവരെ ഖിറാഅത്തിന്റ ഇമാമുകളായി അംഗീകരിക്കാനുള്ള കാരണം ഇവരുടെ ഇസ്‌നാദ്(പരമ്പര) കുറ്റമറ്റതും തര്‍ക്കരഹിതവുമായതുകൊണ്ടാണ്. മുതവാത്തിറായ ഏഴു ഖിറാഅത്തിന്റെ ഇമാമുകള്‍ :-
1. നാഫിഉബ്‌നു അബ്ദിറഹ്മാന്‍(റ) (ഹി:70-169)
2. അബ്ദുല്ലാഹിബ്‌നു കസീര്‍(റ) (ഹി:45-120)
3. സയ്യാനുബ്‌നുല്‍ അലാഇല്‍ ബസ്വരി(റ) (ഹി:68-154)
4. അബ്ദുല്ലാഹിബ്‌നു ആമിറു ശ്ശാമി(റ) (ഹി:21-118)
5. ആസ്വിമുബ്‌നു അബിന്നുജൂദീനാ(റ) (ഹി:-128)
6. ഹംസതുബ്‌നു ഹബീബ്(റ) (ഹി:80-156)
7. അലിയ്യുബ്‌നു ഹംസതില്‍ കിസാഈ(റ) (ഹി:119-189)
എന്നിവരാണ്
ഉസ്മാനുബ്‌നു അഫ്ഫാന്‍(റ), അലി(റ), സൈദുബ്‌നു സാബിത്(റ) എന്നിവരില്‍ നിന്ന് നേരിട്ട് ഖുര്‍ആന്‍ പഠിക്കാന്‍ ഭാഗ്യം ലഭിച്ച മഹാനാണ് അബ്ദുല്ലാഹിബ്‌നു ഹബീബുസ്സലമി(റ) എന്നവര്‍; ഇദ്ദേഹം കൂഫക്കാരനാണ്. ഇദ്ദേഹത്തിന്റെ ശിഷ്യനും കൂഫയിലെ ശൈഖുല്‍ ഖുര്‍റാഉമാണ് ആസ്വിമുബ്‌നു അബിന്നുജൂദ്(റ). അദ്ദേഹത്തിന്റ ഖിറാഅത്ത് തന്റെ സന്തത സഹചാരിയായിരുന്ന ഹഫ്‌സുബ്‌നു സുലൈമാന്‍ വഴിയുള്ള റിപ്പോര്‍ട്ടും പ്രമാണവുമനുസരിച്ചാണ് മുസ്‌ലിം ഭൂരിപക്ഷം പാരായണം ചെയ്തു വരുന്നത്. നമ്മളും അതു തന്നെയാണ് തുടര്‍ന്നുവരുന്നത്.
ചില മര്യാദകള്‍
ഖുര്‍ആന്‍ പാരായണം ഏറ്റവും ശ്രേഷ്ഠമായ പുണ്യകര്‍മ്മമാണ്. കഴിയുന്നത്ര ഓരോരുത്തരും പാരായണം പതിവാക്കണം. ഇബ്‌നു സ്വലാഹ്(റ) പറയുന്നു.ഖുര്‍ആന്‍ പാരായണം ബഹുമാനമുള്ള കാര്യമാണ്. മനുഷ്യവംശത്തെ അല്ലാഹുതആല ഖുര്‍ആന്‍ പാരായണം കൊണ്ട് ആദരിച്ചിരിക്കുന്നു (ഫതാവാ ഇബ്‌നുസ്സ്വലാഹ്).
ഖുര്‍ആന്‍ പാരായണത്തിന് ധാരാളം മര്യാദകളുണ്ട്. ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അയാള്‍ അല്ലാഹുവുമായി സംസാരിക്കുകയാണെന്ന ബോധം അവനുണ്ടാകുന്നു. നബി(സ്വ) പറഞ്ഞു: ആര്‍ക്കെങ്കിലും അല്ലാഹുവുമായി സംസാരിക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അവന്‍ ഖുര്‍ആന്‍ പാരായണം ചെയ്യട്ടെ.
ഖുര്‍ആന്‍ പാരായണ മര്യാദകള്‍ ഇമാം സ്വുയൂത്വി(റ) യും മറ്റും വിവരിക്കുന്നുണ്ട്. അവയില്‍ നിന്ന്?
– തല താഴ്ത്തി ഗാംഭീര്യത്തോടെയും സമാധാനം പാലിച്ചുകൊണ്ടും ഭക്തിയോടു കൂടിയും ഖിബ്‌ലക്കനുകൂലമായും ഇരിക്കുക.
– മിസ്‌വാക്ക് ചെയ്ത് വായ് വൃത്തിയാക്കുക.
– ഓത്ത് തുടങ്ങുന്നതിന്ന് മുമ്പ് ‘അഊദു’ ചൊല്ലുക.
– ബറാഅത്തല്ലാത്ത എല്ലാ സൂറത്തുകളുടെയും ആദ്യത്തില്‍ ബിസ്മി ചൊല്ലുക(ഇടയില്‍ നിന്ന് ഓതുകയാണെങ്കിലും ബിസ്മി ചൊല്ലല്‍ സുന്നത്തുണ്ട്)
– അര്‍ഥം ചിന്തിച്ച് ഓതുക.
– ഖുര്‍ആന്‍ പാരായണ വേളയില്‍ കരയുക.
– ശബ്ദം പരമാവധി ഭംഗിയാക്കുക.
– ശബ്ദം ഘനപ്പിച്ച് ഓതുക.
– മിതമായ ശബ്ദത്തില്‍ ഓതുക.
– മുസ്വ്ഹഫില്‍ നോക്കി ഓതുക.
– മറ്റു സംസാരങ്ങള്‍ക്കു വേണ്ടി ഓത്ത് മുറിക്കാതിരിക്കുക.
– അനറബി ഭാഷയില്‍ ഓതാതിരിക്കുക.
– മുസ്വ്ഹഫിലെ ക്രമപ്രകാരം ഓതുക.
– മറ്റുള്ളവര്‍ ഓതുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക.
– തിലാവതിന്റെ സുജൂദിന്റെ സ്ഥാനങ്ങളില്‍ സുജൂദ് ചെയ്യുക.(കേള്‍ക്കുന്നവര്‍ക്കും സുജൂദ് സുന്നത്തുണ്ട്)
– പാതിരാത്രിക്ക് ശേഷം, ഇശാ-മഗ്‌രിബിനിടയില്‍, സ്വുബ്ഹിക്ക് ശേഷം തുടങ്ങിയ ശ്രേഷ്ഠ സമയങ്ങളെ തെരഞ്ഞെടുക്കുക.
– ഒരു ഖത്മ് തീരുന്ന ദിവസം നോമ്പനുഷ്ഠിക്കുക.
– ‘വള്ളുഹാ’ സുറത്തു മുതല്‍ അവസാനം വരെയുള്ള സൂറത്തുകളുടെ അവസാനം തക്ബീര്‍ ചൊല്ലുക.
– ഖത്മ് പൂര്‍ത്തിയാക്കിയ ഉടനെ ദുആ ചെയ്യുക.
– നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം ഉപയോഗിക്കുകയും ചെയ്യുക.
– ശുദ്ധിയുള്ള സ്ഥലത്ത് വെച്ചായിരിക്കുക.
– മുസ്വ്ഹഫ് ഉയരത്തില്‍ വെക്കുക.
– ‘റഹ്മത്തി’ന്റെ ആയത്തുകള്‍ ഓതുമ്പോള്‍ അല്ലാഹുവിനോട് റഹ്മത്തിനെ തേടുകയും, ‘അദാബി’ന്റെ ആയത്തുകള്‍ ഓതുമ്പോള്‍ കാവലിനെ തേടുകയും ചെയ്യുക.
– മുസ്വ്ഹഫിനെ ചുംബിക്കുക.
– ഒരു ഖത്മ് ഓതിത്തീര്‍ന്നാല്‍ അടുത്ത ഖത്മ് തുടങ്ങിവെക്കുക.(ഫാത്തിഹയും അല്‍ ബഖറയില്‍ നിന്ന് ആദ്യത്തെ അഞ്ച് ആയത്തുകളും ഓതുക)
പാരായണ മഹത്വം
വിശുദ്ധ ഖുര്‍ആന്‍ മനുഷ്യമനസ്സുകള്‍ക്ക് ശാന്തിയും സമാധാനവും നല്‍കുന്നു. സത്യവിശ്വാസിയുടെ മനസ്സില്‍ കുളിര് പകരുന്നു. അബൂഹുറൈറ(റ) വില്‍ നിന്ന് ഉദ്ധരണം നബി(സ്വ) പറഞ്ഞു: ”അല്ലാഹുവിന്റെ വീടുകളില്‍(പള്ളി) നിന്ന് ഒരു വീട്ടില്‍ ഒരു ജനത ഒരുമിച്ചുകൂടുകയും, എന്നിട്ടവര്‍ അല്ലാഹുവിന്റെ കിതാബിനെ പാരായണം ചെയ്യുകയും പരസ്പരം വായിച്ചു കേള്‍പ്പിക്കുകയും ചെയ്താല്‍ അല്ലാഹുവിന്റെ റഹ്മത്ത് അവരെ മൂടുകയും അവരുടെ മേല്‍ സമാധാനം ഇറങ്ങുകയും ചെയ്യാതിരിക്കുകയില്ല. മലക്കുകള്‍ അവരെ വലയം ചെയ്യുകയും അല്ലാഹു അവരെകുറിച്ച് തന്റെ അടുത്തുള്ളവരോട്(മലക്കുകള്‍) പ്രശംസിച്ച് പറയുകയും ചെയ്യും” (മുസ്ലിം).
മഹതി ആയിശ(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ”ഖുര്‍ആനില്‍ അവഗാഹം നേടിയവന്‍ സഫറത്തുല്‍ കിറാമിനോടൊപ്പമായിരിക്കും”(ഇബ്‌നു മാജ).
തന്നെയുമല്ല, ഖുര്‍ആന്‍ ഓതിയവര്‍ക്ക് അത് മഹ്ശറയില്‍ വെച്ച് അല്ലാഹുവിനോട് ശിപാര്‍ശ പറയുകയും ചെയ്യും. നബി(സ്വ) പറഞ്ഞു: ”വിശുദ്ധ ഖുര്‍ആനും നോമ്പും അല്ലാഹുവിന്റെ അടുക്കല്‍ ശിപാര്‍ശ ചെയ്യുന്നതാണ്. നോമ്പ് പറയും, അല്ലാഹുവേ, ഞാനാണ് അവന്റെ ഭക്ഷണ പാനീയങ്ങളെ തടഞ്ഞത്, അതിനാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്റെ ശഫാഅത്തിനെ നീ സ്വീകരിക്കേണമേ. വിശുദ്ധ ഖുര്‍ആന്‍ പറയും, അല്ലാഹുവേ, രാത്രി അവന്‍ ഉറക്കമൊഴിവാക്കി എന്നെ പാരായണം ചെയ്തിരിക്കുന്നു. അതിനാല്‍ അവന്റെ കാര്യത്തില്‍ എന്റെ ശഫാഅത്തിനെ നീ സ്വീകരിക്കേണമേ. അപ്പോള്‍ അവ രണ്ടിന്റേയും ശഫാഅത്ത് അല്ലാഹു സ്വീകരിക്കുന്നതാണ്.(ഹദീസ്)
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കും അല്ലാഹു ശഫാഅത്തിനുള്ള അധികാരം നല്‍കുന്നതാണ്. അലി(റ) യില്‍ നിന്നുദ്ധരണം, നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും ഖുര്‍ആന്‍ ഓതുകയും മന:പാഠമാക്കുകയും ചെയ്താല്‍ ഖുര്‍ആന്‍ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും,നരക പ്രവേശനത്തിന് അര്‍ഹരായ അവന്റെ കുടുംബത്തിലെ പത്തു പേരുടെ കാര്യത്തില്‍ അവന്റെ ശഫാഅത്ത് സ്വീകരിക്കുകയും ചെയ്യുന്നതാണ്”(ഇബ്‌നു മാജ).
തന്നെയുമല്ല, വിശുദ്ധ ഖുര്‍ആന്‍ പതിവായി ഓതുന്നവര്‍ക്ക് പ്രായം എത്ര കൂടിയാലും ബുദ്ധിക്ക് തകരാറോ, കാഴ്ചക്ക് മങ്ങലോ ഉണ്ടാവുകയില്ലെന്ന് മഹാനായ ഇക്‌രിമ(റ) പ്രസ്താവിച്ചിരിക്കുന്നു.
അല്ലാഹുത്തആല വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ടു ജീവിക്കാന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ.(ആമീന്‍)
അവലംബ കൃതികള്‍
അത്തിബ്‌യാന്‍- ഇമാം നവവി
അല്‍ ഇത്ഖാന്‍- ഇമാം സ്വുയൂത്വി
സ്വഹീഹ് മുസ്‌ലിം
ഇബ്‌നുമാജ
ത്വബ്‌റാനീ
മനാഹിലുല്‍ ഇര്‍ഫാന്‍ – ശൈഖ് മുഹമ്മദ് അബ്ദുല്‍ അളീം അസ്സുര്‍ഖാനി
ബൈളാവി
അല്‍ ജസ്‌രിയ്യ
ആദാബുത്തിലാവ
ജംഉല്‍ ജവാമിഅ്

Leave a Reply

Your email address will not be published. Required fields are marked *