ആ വെല്ലുവിളിയുടെ അര്‍ഥവ്യാപ്തി

സി. ഹംസ സാഹിബ്

വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയെച്ചൊല്ലി മൗലികമായി ആര്‍ക്കെങ്കിലും തര്‍ക്കമോ സംശയമോ ഉണ്ടെങ്കില്‍ അവര്‍ അതിനോടു കിടപിടിക്കാന്‍ പോന്ന ഒരു ഗ്രന്ഥം, അല്ലെങ്കില്‍ അതിലെ ആറായിരത്തില്‍പരം സൂക്തങ്ങളില്‍ ഒന്നിനോട് സാമ്യത പുലര്‍ത്തുന്ന ഒരു സൂക്തം സ്വയം നിര്‍മിച്ചുകൊണ്ടോ മുഴുവന്‍ ലോകത്തെയും സഹായത്തിനു വിളിച്ച് തയ്യാറാക്കിക്കൊണ്ടോ സമര്‍പ്പിച്ചു കാണിക്കട്ടെ എന്ന ഒരു വെല്ലുവിളി പ്രസ്തുത ഗ്രന്ഥത്തിന്റെ താളുകളില്‍ ഒന്നിലേറെ ഭാഗത്ത് വ്യക്തമായി രേഖപ്പെട്ടു കിടക്കുന്നതു കാണാം. എന്നാല്‍ തികഞ്ഞ പ്രാമാണികത്വത്തോടെ പുരുഷാന്തരങ്ങളായി നിലനില്‍ക്കുന്ന ആ വെല്ലുവിളിയുടെ അര്‍ഥവ്യാപ്തി എത്രത്തോളമാണെന്നത് ഒരു പര്യാലോചനാ വിഷയമാണ്.
ഒരു ഗ്രന്ഥവും മറ്റൊരു ഗ്രന്ഥം പോലെയല്ലെന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഓരോ ഗ്രന്ഥത്തിനും അതിന്റെതായ വ്യതിരിക്തതയും സവിശേഷതയും കാണും. ആ വ്യതിരിക്തതയും സവിശേഷതയുമായിരിക്കും അതിനെ അതാക്കുന്നത്. ഷേക്‌സ്പിയറുടെ നാടകങ്ങള്‍ക്കു തുല്യമായ നാടകമോ മില്‍ട്ടന്റെ കവിതകള്‍ക്കു തുല്യമായ കവിതയോ രചിക്കാന്‍ മറ്റാര്‍ക്കു കഴിയും? ചില സാമാന്യ സാമ്യതകള്‍ പല ഗ്രന്ഥങ്ങള്‍ക്കും രചനകള്‍ക്കുമിടയില്‍ കണ്ടേക്കാമെന്നല്ലാതെ ഒന്നിനെ മറ്റൊന്നിനെപ്പോലെ തോന്നിപ്പിക്കുന്ന സാമ്യത വ്യത്യസ്ത ഗ്രന്ഥങ്ങള്‍ക്ക് കാണുക അസാധ്യം തന്നെയായിരിക്കും. ഈ നിലയില്‍ മേല്‍പറഞ്ഞ വെല്ലുവിളിയുടെ പൊരുള്‍ എന്തായിരിക്കണം?
”ഈ ഖുര്‍ആന്‍ പോലെയുള്ള ഒന്ന് രചിച്ചു കാണിക്കുവാന്‍ മനുഷ്യനും ജിന്നും ഒന്നിച്ചും പരസ്പരം സഹായികളായി വര്‍ത്തിച്ചും ശ്രമിച്ചാലും അവര്‍ക്കതിനാവില്ല” എന്ന അസന്ദിഗ്ദ്ധമായ ഒരു പ്രസ്താവനയാണ് ‘അല്‍ ഇസ്‌റാഅ്’ അധ്യായം 88ാം സൂക്തത്തില്‍ ഇതു സംബന്ധമായി വിശുദ്ധ ഖുര്‍ആന്‍ നടത്തിയിരിക്കുന്നത്. ഈ സൂക്തം മുഹമ്മദ് നബി(സ്വ) യുടെ മക്കാജീവിത കാലത്ത് അവിടുത്തേക്കവതീര്‍ണമായ ഒന്നാണ്. എന്നാല്‍ മക്കാനിവാസികളോടോ അറബ് ദേശക്കാരോടോ മാത്രമുള്ളതല്ല ഇതിലടങ്ങിയിട്ടുള്ള വെല്ലുവിളിയെന്ന കാര്യം തീര്‍ച്ചയാണ്. മനുഷ്യരും ജിന്നുകളും ഒന്നിച്ച് പരസ്പരം സഹകരിച്ചും ശക്തിപകര്‍ന്നും ശ്രമിച്ചാലും കഴിയില്ലെന്ന പ്രസ്താവന സര്‍വകാലങ്ങളിലും സര്‍വദേശങ്ങളിലുമുള്ള മനുഷ്യവര്‍ഗത്തെയും ജിന്നുവര്‍ഗത്തെയും ഉള്‍ക്കൊള്ളുന്നതാണ്. എന്നുപറഞ്ഞാല്‍ വിശുദ്ധ ഖുര്‍ആനിന്റെ അവതരണം തൊട്ട് ചരിത്രമുള്ളിടത്തോളം കാലം ലോകത്ത് എന്നും എവിടെയും ജീവിക്കുന്നവരായ മനുഷ്യരുടെയും ജിന്നുകളുടെയും മുന്‍പില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഒന്നായിട്ടാണ് പ്രസ്തുത വെല്ലുവിളിയെ കാണേണ്ടത്.
”നമ്മുടെ ദാസന് നാം വെളിപ്പെടുത്തിയിട്ടുള്ളതില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അതിലുള്ളതുപോലൊത്ത ഒരധ്യായം നിങ്ങള്‍ സമര്‍പ്പിക്കുക. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍. അല്ലാഹുവിനെ ഒഴിച്ച് മറ്റാരെയും നിങ്ങള്‍ക്കു സഹായത്തിനു വിളിക്കാം” എന്ന രണ്ടാം അധ്യായം 23ാം സൂക്തത്തില്‍കൂടിയും മുകളില്‍ പറഞ്ഞ വെല്ലുവിളിതന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിയിരിക്കുന്നത്. വിശുദ്ധ വേദത്തെ നേരിടാനുള്ള പ്രതിയോഗികളുടെ കഴിവുകേടിനെ ഒന്നുകൂടി പ്രകടമാക്കുന്നുണ്ട് ഈ സൂക്തത്തില്‍. വിശുദ്ധഖുര്‍ആനിന് സമാനമായ ഒരു ഗ്രന്ഥം സമര്‍പ്പിക്കാനാണ് മുകളിലുദ്ധരിച്ച സൂക്തത്തില്‍ വെല്ലുവിളിച്ചിരിക്കുന്നതെങ്കില്‍ ഇവിടെ ഒരധ്യായമെങ്കിലും സമര്‍പ്പിക്കാനാണ് പ്രതിയോഗികളെ വെല്ലുവിളിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയെല്ലാം വെല്ലുവിളി നടത്തുമ്പോള്‍ വിശുദ്ധ വേദം അതിന്റെ ഏതെല്ലാം വശങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ടായിരിക്കാം പ്രതിയോഗികളെ അഭിമുഖീകരിക്കാനുദ്ദേശിക്കുന്നത്? വിശുദ്ധ വേദത്തിന്റെ സാഹിത്യമേന്മയും ശൈലിപരമായ വശ്യതയും മാത്രം എടുത്തുകാട്ടിക്കൊണ്ടുള്ള ഒരു വെല്ലുവിളിയായിരിക്കുമോ അത്? അങ്ങനെയാണെങ്കില്‍ അറേബ്യന്‍ പശ്ചാത്തലത്തില്‍ മാത്രം പരിമിതമായിരിക്കും അതിന്റെ മണ്ഡലം. കാരണം, അറബി ഭാഷയിലുള്ള ഖുര്‍ആനിന് ഭാഷയുടെയും സാഹിത്യത്തിന്റെയും മികവുകാണിച്ച് മറുഭാഷകളിലെ ഗ്രന്ഥങ്ങളോട് ഒരു മത്സരത്തിനു പറ്റില്ലല്ലോ.
വിശുദ്ധ ഖുര്‍ആനിന്റെ വെല്ലുവിളി ഏതുകാലത്തും ഏതുദേശത്തുമുള്ള മുഴുവന്‍ മനുഷ്യരോടും മുഴുവന്‍ ജിന്നുകളോടുമായതിനാല്‍ പ്രതിപാദ്യവിഷയങ്ങള്‍ വെച്ചുകൊണ്ടുള്ളതായിരിക്കണം പ്രധാനമായും അതെന്നു ചിന്തിക്കാനാണ് ന്യായം കാണുന്നത്. ഒപ്പം ഭാഷയുടെയും ശൈലിയുടെയും മികവും സവിശേഷതയും വിഷയമായിരിക്കയും വേണം. 11ാം അധ്യായം 13ാം സൂക്തത്തില്‍ വിശിഷ്യാ സാഹിത്യപരവും ഭാഷാപരവുമായ മികവിനെ പുരസ്‌കരിച്ചുകൊണ്ടുള്ള ഒരു വെല്ലുവിളിതന്നെ ഖുര്‍ആന്‍ ഉയര്‍ത്തിയിരിക്കുന്നത് ഇങ്ങനെ വായിക്കാം: ”അത് (ഖുര്‍ആന്‍) അദ്ദേഹം കൃത്രിമമായി ജല്‍പിച്ചതാണെന്ന് വാദിക്കയാണോ അവര്‍? എന്നാല്‍ അവര്‍ സത്യസന്ധമായി സംസാരിക്കുകയാണെങ്കില്‍, അതിലുള്ളതുപോലൊത്ത ഒരു പത്ത് അധ്യായം അല്ലാഹുവിനെക്കൂടാതെ നിങ്ങളെക്കൊണ്ടാവുന്നവരെയെല്ലാം കൂട്ടി നിങ്ങളൊന്ന് ജല്‍പിച്ചുണ്ടാക്കിക്കൊണ്ടുവന്നാട്ടെ എന്ന് അവരോട് ആവശ്യപ്പെടുക”. 10ാമധ്യായം 39ാം സൂക്തത്തില്‍ ”അതിലുള്ളതുപോലൊത്ത ഒരധ്യായം” ഉണ്ടാക്കിക്കൊണ്ടുവരാനാണ് വെല്ലുവിളി.
സാഹിത്യത്തില്‍ ഖുര്‍ആനിന്റെ അവതരണ കാലഘട്ടത്തിലെ അറബികള്‍ അഗ്രഗണ്യരായിരുന്നുവെന്നതാണ് ചരിത്രം. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അവരെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. മുഹമ്മദ് നബി(സ്വ) യുടെ നാക്കില്‍നിന്ന് ഖുര്‍ആന്‍ കേള്‍ക്കുന്ന മാത്രയില്‍ അതിന്റെ വശ്യശക്തി തങ്ങളെ പിടിച്ചുലക്കുന്നതായിട്ട് അവരില്‍ പലര്‍ക്കും അനുഭവപ്പെട്ടിരുന്നുവെന്നതിന് രേഖകളുണ്ട്. ഇസ്‌ലാം മതത്തിന്റെ കഠിന ശത്രുക്കളായിരുന്നവര്‍ പലരും നബി(സ്വ) യുടെ വീടിന്റെ പരിസരങ്ങളില്‍ ഒളിച്ചിരുന്ന് അവിടുത്തെ ഖുര്‍ആന്‍പാരായണം കേള്‍ക്കാറുണ്ടായിരുന്നുവത്രെ. ഉത്ബത്തുബ്‌നു റബീഅ ഖുറൈശികളുടെ പ്രതിനിധിയായി തിരുസന്നിധിയില്‍ ചെന്ന് സംസാരിച്ച സംഭവം വളരെ പ്രസിദ്ധമാണ്. നബി(സ്വ) അദ്ദേഹത്തെ ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ പാരായണം ചെയ്തുകേള്‍പ്പിച്ചപ്പോള്‍ അറിയാതെ അദ്ദേഹം അതില്‍ ആകൃഷ്ടനായി. എത്രത്തോളമെന്നാല്‍, ഓത്തിനിടയില്‍ നബി(സ്വ) സുജൂദ് ചെയ്തപ്പോള്‍ ഒപ്പം ഉത്ത്ബയും സുജൂദ് ചെയ്തുപോയി. തിരിച്ചുചെന്ന ഉത്ബയുടെ മുഖഭാവം കണ്ട ഖുറൈശീ പ്രമുഖര്‍ തമ്മില്‍തമ്മില്‍ പറയാന്‍ തുടങ്ങി, ‘മുഹമ്മദിന്റെയടുക്കല്‍ പോയ അബുല്‍ വലീദല്ല കെട്ടോ മടങ്ങി വന്നിരിക്കുന്നത്’. തുടര്‍ന്നവര്‍ അദ്ദേഹത്തോട് നേരില്‍ ചോദിച്ചു: ”എന്തുപറ്റി അബുല്‍ വലീദ്?” അദ്ദേഹത്തിന്റെ മറുപടി: ”ജീവിതത്തില്‍ ഒരിക്കല്‍പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില വാചകങ്ങള്‍ കേട്ടു ഞാന്‍. അത് കവിതയല്ല. മാന്ത്രികവിദ്യയാണോ, അതുമല്ല. പ്രശ്‌നം വെച്ചുപറയുന്ന സംസാരമുണ്ട്, എന്നാല്‍ ഇത് അത്തരത്തിലുള്ള വാക്കുകളുമല്ല. ഖുറൈശികളേ, നിങ്ങള്‍ ഞാന്‍ പറയുന്നത് കേട്ട് ആ മനുഷ്യനെ അയാളുടെ പാട്ടിനു വിട്ടേക്കുക.” അവര്‍ ഒരുമിച്ചലറി: ”അബുല്‍ വലീദ്, മുഹമ്മദിന്റെ നാക്ക് താങ്കളെ മാസ്മരികതയില്‍ കുരുക്കിയിരിക്കുകയാണ്.” ഉത്ബയുടെ പ്രതികരണം: ”എനിക്കിത്രമാത്രമേ പറയാനുള്ളൂ, ഇനി നിങ്ങള്‍ക്ക് വേണ്ടതു ചെയ്യാം.”
ഹസ്രത് അബൂബക്കര്‍(റ) ആദ്യമൊക്കെ സ്വഗൃഹത്തിനുള്ളില്‍വെച്ച് പതുക്കെ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടാണ് നിസ്‌കരിച്ചിരുന്നത്. പിന്നീട് വീടിന്റെ മുന്‍വശത്ത് ഒരു പള്ളിയുണ്ടാക്കി അതിലാക്കി നിസ്‌കാരം. അതോടെ അദ്ദേഹത്തിന്റെ ഖുര്‍ആന്‍പാരായണം പുറത്തേക്കു കേള്‍ക്കാനും ബഹുദൈവമതക്കാരുടെ പുത്രകളത്രാദികള്‍ അതു കേള്‍ക്കാന്‍വേണ്ടി തിങ്ങിക്കൂടാനും തുടങ്ങി. ഇതിന്റെ അപകടം മനസ്സിലാക്കിയ ഖുറൈശീപ്രമുഖര്‍ അദ്ദേഹത്തിന്റെ സംരക്ഷണോത്തരവാദിത്വമുണ്ടായിരുന്ന ഇബ്‌നുദ്ദഗ്‌ന എന്ന പൗരമുഖ്യനെ സമീപിച്ചുകൊണ്ട് അബൂബക്കര്‍(റ) തന്റെ ഖുര്‍ആന്‍പാരായണം പതുക്കെയാക്കുമെങ്കില്‍ മാത്രമേ സംരക്ഷണോത്തരവാദിത്തം തുടരാവൂ എന്നാവശ്യപ്പെടുന്നിടത്തോളമെത്തി സ്ഥിതി. അബൂബക്കര്‍(റ) താന്‍ ഖുര്‍ആന്‍ ഉറക്കെത്തന്നെ ഓതുമെന്ന നിലപാടെടുത്തതിനാല്‍ ഇബ്‌നുദ്ദഗ്‌ന അദ്ദേഹത്തിനുള്ള തന്റെ സംരക്ഷണച്ചുമതലയില്‍ നിന്നു തലയൂരുകയാണുണ്ടായത്.
വിശുദ്ധ ഖുര്‍ആനിന്റെ അക്ഷരശക്തിയും പാരായണഭംഗിയുമായിരിക്കണം മേല്‍പറഞ്ഞ സംഭവങ്ങളിലെല്ലാം ശ്രോതാക്കളെ ആകര്‍ഷിച്ചതിന്റെ പിന്നിലെ പ്രധാനഘടകങ്ങള്‍. ഒപ്പംതന്നെ സ്വച്ഛവും ഹൃദയാവര്‍ജകവുമായ അതിന്റെ ആശയങ്ങള്‍ക്ക് മനുഷ്യന്റെ അന്തര്‍മണ്ഡലങ്ങളുടെ അടഞ്ഞ കവാടങ്ങള്‍ തള്ളിത്തുറന്ന് കടന്നുചെല്ലുന്നതിനുള്ള അസാധാരണമായ ശക്തിയും. പക്ഷേ, ഈ പറഞ്ഞതെല്ലാം മനുഷ്യനിര്‍മിത ഗ്രന്ഥങ്ങള്‍ക്കും താരതമ്യേന ഏറ്റവ്യത്യാസത്തോടെ ഉണ്ടായിരിക്കാവുന്ന ഗുണങ്ങളും യോഗ്യതകളും മാത്രമേ ആകുന്നുള്ളൂ. കര്‍ണാനന്ദകരമായ ഗാനവീചികള്‍ മനസ്സുകളെ ആകര്‍ഷിച്ചിരുത്തുന്നതിന്റെ ഉദാഹരണങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലല്ലോ! അപ്രകാരം തന്നെ മാര്‍ക്‌സിസം, ഗാന്ധിസം, സോഷ്യലിസം തുടങ്ങിയ ഇസങ്ങള്‍ ഓരോ വിഭാഗം ജനങ്ങളെ വശീകരിച്ച് അവരെ അവയ്ക്കുവേണ്ടിയുള്ള ജീവത്യാഗത്തിനുവരെ തയ്യാറാക്കുന്നുണ്ട് അവയ്ക്കു വളക്കൂറുള്ള പരിസരങ്ങളില്‍. അപ്പോള്‍പിന്നെ അക്ഷരശക്തിയും പാരായണഭംഗിയും ഖുര്‍ആനിനെ വേറിട്ട ഒരു ഗ്രന്ഥമാക്കി നിര്‍ത്തുന്നതില്‍ വേറെയും പലതിന്റെ കൂടെ പങ്കുവഹിക്കുന്ന ഘടകങ്ങളായി മാത്രമേ എണ്ണാനാകൂ. മാത്രമല്ല, പാരായണഭംഗിയെന്നത് പാരായണം ചെയ്യുന്നയാളുടെ സ്വരസൗന്ദര്യത്തെക്കൂടി ആശ്രയിക്കുന്നു. ആശയസ്വാധീനമാകട്ടെ ഭാഷാഭിജ്ഞതയെയും ആശ്രയിക്കുന്നു.
കേവലം മുന്നൂറു പുറം മാത്രം വരുന്ന വിശുദ്ധ ഖുര്‍ആനിന്റെ ചെറു ആകാരത്തിലൂടെ പ്രതിഭാസിതമാകുന്ന അദൃശ്യങ്ങളായ ആശയങ്ങളുടെ മഹാപ്രപഞ്ചത്തില്‍കൂടി സഞ്ചരിച്ചാല്‍ അനുഭവപ്പെടുന്നതാണ് മുകളില്‍ പറഞ്ഞ അതിന്റെ അമാനുഷികത. സര്‍വകലാശാസ്ത്ര വിജ്ഞാനപാരാവാരപാരംഗതരായ ധിഷണാശാലികളുടെ ഒരു സംഘം ഇത്തരം ഒരു സഞ്ചാരം നടത്തുമ്പോള്‍ അവര്‍ അത്യുച്ചത്തില്‍ വിളിച്ചുപറയാന്‍ നിര്‍ബന്ധിതരായിത്തീരും, ഇത്തരം ഒരു ഗ്രന്ഥത്തിന്റെ സൃഷ്ടി മനുഷ്യരാല്‍ അസാധ്യം ആസാധ്യം എന്ന്. വിശുദ്ധഗ്രന്ഥത്തിന്റെ അനിതരസാധാരണമായ സമഗ്രത, സന്ദേഹരഹിതമായ തത്ത്വസാരങ്ങളുടെ കാലാതിവര്‍ത്തിത്വം, ലോകത്തിന്റെയും മനുഷ്യജീവിതത്തിന്റെയും വികാസങ്ങളെയൊന്നടങ്കം ഉള്‍ക്കൊള്ളുന്ന വിഷയ വൈവിധ്യം, ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ തെറ്റാതെ കണ്ണികോര്‍ത്തുകൊണ്ടുള്ള വിഷയവിശകലനം, കാലം ഒന്നായി തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രവചനങ്ങളുടെ മഹാത്ഭുതം, കാലത്തിന്റെ അതിശീഘ്രവും അപ്രതിഹതവുമായ പുരോപ്രയാണത്തില്‍ വെളിപ്പെട്ടുവരുന്ന സത്യങ്ങളുടെ മുന്‍പില്‍ ഒരിക്കലെങ്കിലും തിരുത്തേണ്ടി വന്നിട്ടില്ലാത്ത പ്രതിഭാസങ്ങളുടെ ഉള്ളടക്കം- ഇതൊക്കെയും വിശുദ്ധ ഖുര്‍ആനിനു മാത്രമുള്ള പ്രത്യേകതകളായി അംഗീകരിക്കേണ്ടിവരുന്ന ലോകത്തിനാണ് ഉപരിസൂചിത വെല്ലുവിളിയുടെ പൊരുളറിയുക.
ഇവിടെ പ്രത്യേകമായി മനസ്സിലാക്കിയിരിക്കേണ്ട ഒരുകാര്യമുണ്ട്. അതായത്, വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന്റെ മുന്‍പാകെ ഉയര്‍ത്തിയിരിക്കുന്ന അതിന്റെ അമാനുഷികതയെയും സമഗ്രതയെയും കാലാതീതത്വത്തെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വെല്ലുവിളിയും അവകാശവാദവുമൊന്നുംതന്നെ ആ പവിത്രമായ വേദഗ്രന്ഥത്തിന് വല്ലവരുമൊക്കെ ചമച്ചിട്ടുള്ള പരിഭാഷകള്‍ക്ക് ബാധകമല്ല. വിശുദ്ധ ഖുര്‍ആന്‍ അതിന്റെ വെല്ലുവിളിയില്‍ ‘ഈ ഖുര്‍ആന്‍’ എന്നു പ്രയോഗിച്ചിരിക്കുന്നത് സോദ്ദേശ്യം തന്നെയായിരിക്കണം. പരിഭാഷകളിലൂടെ പ്രകാശിതമാകുന്നത് ഖുര്‍ആനിന്റെ പ്രത്യക്ഷ ആശയങ്ങളില്‍ നിന്ന് അത് വായിക്കുമ്പോള്‍ പരിഭാഷകന്റെ തോന്നലില്‍വരുന്ന ചിലത് അയാള്‍ തനിക്കുവശമുള്ള തന്റെതായ മാതൃഭാഷാ പദങ്ങളില്‍ പകര്‍ത്തുന്നതു മാത്രമാണ്, അതിനെ ഖുര്‍ആന്‍ എന്നുവിളിച്ചുകൂടാ. ഇക്കാരണത്താല്‍തന്നെയായിരിക്കണം ബൈബിള്‍ പരിഭാഷകളുടെ പുറംപേജില്‍ സത്യവേദപുസ്തകം എന്നെഴുതിക്കാണാറുള്ളതുപോലെ, ഖുര്‍ആന്‍ പരിഭാഷകളുടെ പുറംപേജില്‍ ഖുര്‍ആന്‍ എന്നെഴുതാതെ എല്ലാ പരിഭാഷയിലും ‘ഖുര്‍ആന്‍പരിഭാഷ’ എന്നുതന്നെ എഴുതിക്കാണിക്കുന്നത്. ഇത് ഖുര്‍ആനല്ല എന്നതിന്റെ വ്യംഗ്യമായ പ്രസ്താവനയാണിത്.
പരിഭാഷകളില്‍ പിഴകള്‍ സംഭവിക്കുന്നു; അര്‍ഥഭംഗം സംഭവിക്കുന്നു; അര്‍ഥശോഷണം സംഭവിക്കുന്നു. മൂലഗ്രന്ഥത്തിന്റെ സാഹിത്യമോ ശബ്ദമോ ശൈലിയോ അവയിലില്ലേയില്ല. ഒരു വാക്കുതന്നെ ഒരധ്യായത്തിലൂടെ മാത്രം വിശദീകരിക്കാനാവുന്നതായിരിക്കുമെങ്കിലും ഒരു പദമേ അതിനു നല്‍കിയിരിക്കൂ. ഉദാഹരണത്തിന് ‘തഖ്‌വ’ എന്ന ഒരു പദമെടുക്കാം. ഒരധ്യായം കൊണ്ടേ ഈ പദത്തെ വിവരിക്കാനാവുകയുള്ളൂ. പരിഭാഷകന്‍ അതിന് ‘ഭക്തി’ എന്നോ ‘ഭയം’ എന്നോ ‘ഭയഭക്തി’ എന്നോ ‘ദൈവഭയം’ എന്നോ ‘ദൈവബോധം’ എന്നോ ‘സൂക്ഷ്മത’ എന്നോ ‘ദോഷബാധയെ സൂക്ഷിക്കല്‍’ എന്നോ ഒക്കെ അര്‍ഥം നല്‍കി അതിനെ പരിമിതപ്പെടുത്തിയിരിക്കും. എന്നിട്ട് വ്യാഖ്യാനസഹിതമുള്ള പരിഭാഷയാണെങ്കില്‍ അതിനു വ്യാഖ്യാനം നല്‍കിയിരിക്കും. അതോടെ താന്‍ അര്‍ഥപരിമിതി നല്‍കി താന്‍തന്നെ അര്‍ഥവ്യാപ്തി നല്‍കുക എന്ന വിരോധാഭാസമാണവിടെ സംഭവിക്കുന്നത്. ഒരു ഇംഗ്ലീഷ് പരിഭാഷകന്‍ ‘മതാഇ’ന് ‘പ്രവിഷന്‍’ എന്നര്‍ഥം നല്‍കിയതിന്റെ ‘പുലിവാലി’ന്മേല്‍ വര്‍ഷങ്ങളായി ഇന്നും വിടാതെ കൂടിയിരിക്കയാണല്ലോ നമ്മുടെ രാഷ്ട്രീയ-നിയമ-സാമുദായിക മണ്ഡലങ്ങള്‍.
വിശുദ്ധ ഖുര്‍ആന്‍ അതിന്റെ മുന്നൂറ് പുറങ്ങള്‍ക്കകത്ത് മുഴുവന്‍ വിജ്ഞാനീയങ്ങളുടെയും മൂലവിത്തുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി അവകാശപ്പെടുന്നുണ്ട്. ”എല്ലാ കാര്യങ്ങളുടെയും വിവരണമായിക്കൊണ്ട് അങ്ങേയ്ക്കു നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നു”വെന്ന് 16:89ലും ”പച്ചയോ ഉണങ്ങിയതോ ആയ സകലതും എല്ലാം വിവരിക്കുന്ന ഗ്രന്ഥത്തില്‍ ഇല്ലാതെപോകുന്നില്ല” എന്ന് 6:59ലും ”ഈ ഗ്രന്ഥത്തില്‍ ഒന്നും നാം കുറച്ചിട്ടില്ല” എന്ന് 6:38ലും വായിക്കാം. ഖുര്‍ആനിലെ ഒരൊറ്റ പദമായിരിക്കും അതിലെ ആശയങ്ങളുടെ പ്രപഞ്ചനം വഴി അനേകവിഷയങ്ങളായി വികസിക്കുന്നത്. മനുഷ്യന്റെ വിജ്ഞാനം വികസിക്കുകയും ശാസ്ത്രത്തിന്റെ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തെക്കുറിച്ചള്ള അറിവ് വളരുകയും ചെയ്യുന്നതിനനുസരിച്ച് ചില പരാമര്‍ശങ്ങളുടെ അര്‍ഥമാനങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവരികയായിരിക്കും. ചിലപ്പോള്‍ ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ഖുര്‍ആനിന്റെ ആശയപ്രപഞ്ചങ്ങളിലേക്ക് വെളിച്ചം വീശുകയായിരിക്കും. ഫിര്‍ഔന്റെ ജഡം കണ്ടെത്തിയത് ഖുര്‍ആന്‍ 10:92ലെ പ്രവചനത്തെ സാധൂകരിച്ചുതന്നിരിക്കുന്നത് ഒരുദാഹരണം. ”പുറകെ വരുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമായി നിന്റെ ജഡം നാം അവശേഷിപ്പിച്ച് പുറത്തേക്കെത്തിക്കും.” എന്നാണ് പ്രസ്തുത വചനം.
ശാസ്ത്രത്തിനുതന്നെ മുന്നോടിയായി ഖുര്‍ആന്‍ പറഞ്ഞുവെച്ചിട്ടുള്ള കാര്യങ്ങളാണ് മറ്റുചിലത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ അറബിക് പ്രൊഫസറായിരുന്ന എ.ജെ ആര്‍ബറി, സസ്യപരാഗണത്തിലെ കാറ്റിന്റെ പങ്ക് ശാസ്ത്രം കണ്ടുപിടിച്ചപ്പോള്‍ പറഞ്ഞ ഒരു വാക്ക് ഇവിടെ സ്മരണീയമാണ്: കാറ്റ് വൃക്ഷങ്ങളുടെയും ഫലങ്ങളുടെയും പരാഗണത്തില്‍ പങ്കുവഹിക്കുന്നുവെന്ന് ഒട്ടകം മേയ്ക്കുന്നവര്‍ക്ക് യൂറോപ്യന്‍ ശാസ്ത്രജ്ഞന്മാര്‍ ഇക്കാര്യം കണ്ടുപിടിക്കുന്നതിന്റെ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ അറിയാമായിരുന്നു. ‘നാം കാറ്റുകളെ പരാഗണം നടത്താന്‍ വിടുന്നു’വെന്ന ഖുര്‍ആന്‍ 15:22ലെ പ്രസ്താവമാണിതിനദ്ദേഹം നിദാനമായെടുത്തിരിക്കുന്നത്. 18ാം നൂറ്റാണ്ടില്‍ ഭ്രൂണശാസ്ത്രം വികസിച്ചുവരുന്നതിന്റെയും അനേകം നൂറ്റാണ്ടുമുന്‍പ് ഖുര്‍ആന്‍ മനുഷ്യന്‍ ബീജാവസ്ഥ മുതല്‍ കുഞ്ഞായി ജനിക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍ ക്രമപ്രകാരം പ്രതിപാദിച്ചുവച്ചിരുന്നത് മറ്റൊരുദാഹരണമാണ്.
ഇങ്ങനെ എല്ലാ വിജ്ഞാനശാഖകളും ശാസ്ത്രവിദ്യകളും സമഗ്രമായി പ്രതിപാദിക്കുന്ന, മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന, ലോകത്ത് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുന്‍കൂര്‍ പ്രവചിച്ചുവച്ചിരിക്കുന്ന, ഗവേഷണ നിരീക്ഷണങ്ങള്‍ക്കും പ്രത്യക്ഷപരീക്ഷണങ്ങള്‍ക്കും സാധ്യതയില്ലാത്ത കാലത്ത് പില്‍ക്കാല ഗവേഷണങ്ങള്‍ സാധൂകരിച്ച പലതും ദീര്‍ഘദര്‍ശനം ചെയ്ത് പറഞ്ഞുവെച്ചിരുന്ന ഒരു ചെറുഗ്രന്ഥം. അതിന്റെ കൂടെതന്നെ അതൊരു കിടയില്ലാത്ത സാഹിത്യഗ്രന്ഥമാണ്. മാധുര്യമേറിയ ഒരു പാരായണ ഗ്രന്ഥമാണ്. സാമൂഹികപാഠങ്ങളും നിയമസംഹിതകളും രാഷ്ട്രമീമാംസയും എല്ലാം അതുള്‍ക്കൊള്ളുന്നുണ്ട്. കേവലം മുന്നൂറ് പുറങ്ങളുള്ള ഒരു ഗ്രന്ഥത്തില്‍ ഇതെല്ലാം സമഗ്രമായി ഉള്‍ക്കൊള്ളിച്ചുള്ള ഒരു ഗ്രന്ഥം ആര്‍ക്കു സമര്‍പ്പിക്കാന്‍ സാധിക്കും? കൂടാതെ, അതിലെ വചനങ്ങള്‍ രോഗികള്‍ക്കു ഔഷധവീര്യമുള്ള മന്ത്രമാണ്. മനസ്സിന് ആശ്വാസവും നിര്‍വൃതിയും പ്രദാനം ചെയ്യുന്ന നിത്യനിഷ്യന്ദിയാണ്. അതെ, ഖുര്‍ആനിന്റെ അമാനുഷികതയ്ക്കും അജയ്യതയ്ക്കും അതുതന്നെ സാക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *