ഖുര്‍ആന്‍ ജീവിതമാകുന്നു

സലാം നദ്‌വി പൂവ്വത്താണി

സൃഷ്ടികര്‍ത്താവ് മനുഷ്യന് കനിഞ്ഞരുളിയിട്ടുള്ള അനുഗ്രഹങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നതാണ് അവന്റെ ബുദ്ധിസാമര്‍ഥ്യവും വിവേചനശക്തിയും. വലിപ്പത്തിലും, കായിക ബലത്തിലും, ധൈര്യത്തിലുമെല്ലാം മനുഷ്യനെ അതിജയിക്കുന്ന പരസഹസ്രം ജീവജാലങ്ങളുണ്ടെങ്കിലും മനുഷ്യന് ലഭ്യമായിട്ടുള്ള മേല്‍ഗുണങ്ങള്‍ അവയ്‌ക്കൊന്നും നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ പ്രകൃത്യാ സ്വായത്തമായിട്ടുള്ള ആന്തരിക പ്രചോദനമുള്‍ക്കൊണ്ട് അവ ജീവിതം നയിക്കുന്നു. ജീവജാലങ്ങളില്‍ ഭൂരിഭാഗവും വിസ്മയാവഹമായ കഴിവും പ്രാപ്തിയുമുള്ളവരാണ്. എന്നാല്‍ സ്വന്തം കഴിവുകള്‍ പരിപോഷിപ്പിക്കുവാനോ വളര്‍ത്തിക്കൊണ്ടുവരാനോ അവയ്ക്കാവില്ല. ഇതിനുകാരണം ബുദ്ധിയുടെയും ചിന്താശേഷിയുടെയും അഭാവമാണെന്ന് കാണാന്‍ കഴിയും. പ്രകൃത്യാ നല്‍കപ്പെട്ടിട്ടുള്ള ജീവിതരീതിയില്‍ നിന്നു മാറിച്ചിന്തിക്കുവാനോ തദനുസാരം ജീവിത ക്രമത്തിലും ശൈലിയിലും മാറ്റംവരുത്തുവാനോ അവയ്ക്കാവില്ല.
മനുഷ്യന്റെ അവസ്ഥയാവട്ടെ, ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ആദിമനുഷ്യന്‍ മുതല്‍ ഇന്നുവരേയുള്ള തലമുറകള്‍ക്കിടയില്‍ ജീവിതശൈലിയിലും വ്യവഹാരങ്ങളിലും ദൃശ്യമായിട്ടുള്ള മാറ്റങ്ങള്‍ വിവരണാതീതമാണ്. ബുദ്ധിയും ചിന്താശേഷിയുംവഴി അറിവിന്റെ അനന്ത വിഹായസിലേക്ക് മനുഷ്യന്‍ കടന്നുകയറുകയും തന്റെ നിലനില്‍പിനും ജീവിത സൗഖ്യത്തിനുമുതകുന്ന മുഴുവന്‍ കാര്യങ്ങളും അവന്‍ നേടിയെടുക്കുകയും ചെയ്തു. തന്നേക്കാള്‍ വലുപ്പവും കായിക ശക്തിയുമുള്ള ജീവജാലങ്ങളെയും മറ്റു പ്രപഞ്ച വസ്തുക്കളെയും തനിക്കു കീഴൊതുങ്ങുന്നവയും അനുസരിക്കുന്നവയുമാക്കി അവന്‍ മാറ്റിയെടുത്തു. അന്തരീക്ഷത്തിലൂടെ പാറിപ്പറക്കാനും ആഴിയിലൂടെ നീന്തിത്തുടിക്കാനും പര്യാപ്തമായ ഉപകരണങ്ങളും വാഹനങ്ങളും അവന്‍ കണ്ടുപിടിച്ചു. ഭൗമേതര ഗോളങ്ങളെപ്പോലും അവന്‍ കീഴടക്കിക്കഴിഞ്ഞു.
ഇതര ജീവജാലങ്ങളും മറ്റു ഭൗതിക വസ്തുക്കളും യഥാര്‍ഥത്തില്‍ മനുഷ്യനുവേണ്ടിത്തന്നെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഇങ്ങനെയുള്ള ഭൗതിക നേട്ടങ്ങളും ബുദ്ധി സാമര്‍ഥ്യവും ചിന്താശേഷിയും മനുഷ്യര്‍ക്ക് നല്‍കിയതിലൂടെ സൃഷ്ടികര്‍ത്താവ് ലക്ഷ്യം വെച്ചതെന്ത്? ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്നും അവന്റെ ആജ്ഞയനുസരിച്ച് ജീവിക്കേണ്ടവനാണ് മനുഷ്യനെന്നും അവനെ ബോധ്യപ്പെടുത്തുക, കേവല ഭൗതിക ജീവിതമല്ല മനുഷ്യന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യമെന്നും ശാശ്വത വാസത്തിന്റെ കേന്ദ്രമായ പരലോകത്തേക്ക് മടക്കപ്പെടേണ്ടവനാണ് അവനെന്നും മനസിലാക്കിക്കൊടുക്കുക, സര്‍വോപരി ഇതര ജീവജാലങ്ങളില്‍ നിന്ന് വിഭിന്നമായി ചില മൂല്യങ്ങളും വ്യവസ്ഥകളും അംഗീകരിച്ച് ജീവിക്കേണ്ടവനാണ് താനെന്ന് അവനെ ഗ്രഹിപ്പിക്കുക എന്നിവയൊക്കെയാണ് മനുഷ്യന് ബുദ്ധിശക്തി നല്‍കിയതിലൂടെ സ്രഷ്ടാവ് ഉദ്ധേശിച്ചത്.
നന്മ തിന്മകള്‍ വിവേചിച്ചറിഞ്ഞ് ജീവിതം ചിട്ടപ്പെടുത്താനും ആത്മീയ നേട്ടം കൈവരിച്ച് ജീവിത വിജയം കരസ്ഥമാക്കാനും ഈ ബുദ്ധിയും വിവേകവും മനുഷ്യനെ സഹായിക്കുന്നു. എങ്കിലും ബുദ്ധിവൈഭവവും ചിന്താശേഷിയും കൊണ്ടു മാത്രം സന്മാര്‍ഗ പ്രാപ്തനാവാനോ വിജയം വരിക്കാനോ മനുഷ്യനാവില്ല. സന്മാര്‍ഗ ലബ്ധിക്കു നിദാനമായ മാര്‍ഗ നിര്‍ദേശങ്ങള്‍കൂടി അവന്നു വന്നുകിട്ടേണ്ടതുണ്ട്. ബുദ്ധിയും വിവേകവും ചിന്താശക്തിയും കനിഞ്ഞരുളിയ സൃഷ്ടികര്‍ത്താവുതന്നെ മനുഷ്യന്റെ മര്‍മപ്രധാനമായ ഈ ആവശ്യം സഗൗരവം പരിഗണിച്ചിരിക്കുന്നു. ഇതിനായി മനുഷ്യരില്‍ നിന്നുതന്നെ സവിശേഷം തിരഞ്ഞെടുത്ത പ്രവാചകന്മാരെ അവന്‍ നിയോഗിച്ചു. മനുഷ്യന്റെ ഇരുലോക വിജയത്തിന് അനുഗുണമായ മാര്‍ഗമേതെന്നും അവന്റെ പരാജയത്തിന് കാരണമായിത്തീരുന്ന സംഗതികളേതൊക്കെയാണെന്നും അറിയിച്ചുകൊടുക്കലായിരുന്നു ഈ ദൂതന്മാരുടെ നിയോഗദൗത്യം. അവര്‍മുഖേന ചില വേദഗ്രന്ഥങ്ങളും മനുഷ്യര്‍ക്കായി അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്. അവയൊക്കെയും മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിനു നിദാനമായ നിയമനിര്‍ദേശങ്ങളുള്‍ക്കൊള്ളുന്നവ തന്നെ.
സ്വയം നിര്‍മിക്കുന്ന നിയമ വ്യവസ്ഥകളും പദ്ധതികളും മനുഷ്യന്റെ ജീവിത വിജയത്തിന് തികച്ചും അപര്യാപ്തങ്ങളാണ്. സമ്പൂര്‍ണതയോ അന്യൂനതയോ അവയ്ക്കവകാശപ്പെടാനില്ല. മനുഷ്യബുദ്ധിയുടെ പരിമിതിയും അപൂര്‍ണതയും തന്നെയാണിതിനു കാരണം. വൈജ്ഞാനിക രംഗത്തുള്ള പോരായ്മയും ഇതിനു നിദാനംതന്നെ. അപ്പോള്‍ പിന്നെ മനുഷ്യരുടെ ഇഹപര വിജയത്തിനാവശ്യമായ ജീവിതപദ്ധതി ത്രികാലജ്ഞാനിയായ അല്ലാഹുതന്നെ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് വ്യക്തം. അവന്‍ നല്‍കുന്ന നിയമങ്ങള്‍ക്കു മാത്രമേ അന്യൂനതയും സമ്പൂര്‍ണതയുമുണ്ടാവൂ. വേദഗ്രന്ഥങ്ങളില്‍ അവസാനത്തേതായ വിശുദ്ധ ഖുര്‍ആന്‍ ഈ ദൗത്യമാണു നിര്‍വഹിക്കുന്നത്. മാനവരാശിയുടെ മാര്‍ഗദര്‍ശനമാണ് അതിന്റെ അവതരണ ലക്ഷ്യം. ഇക്കാര്യം പലയിടങ്ങളിലായി ഖുര്‍ആന്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഖുര്‍ആന്‍ പറയുന്നു :
”ഈ ഗ്രന്ഥം ഇതില്‍ സന്ദേഹമേതുമില്ല. സൂക്ഷ്മാലുക്കള്‍ക്ക് മാര്‍ഗദര്‍ശകമാകുന്നു ഇത്”(സൂറതുല്‍ ബഖറ:2)
”(പ്രവാചകരേ) താങ്കള്‍ക്കവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമത്രെ ഇത്. അതിനാല്‍ ഇതു സംബന്ധമായി താങ്കളുടെ മനസില്‍ യാതൊരു വ്യഥയും ഉണ്ടാവേണ്ടതില്ല. ഇതുമുഖേന (നിഷേധികളെ) താങ്കള്‍ താക്കീതു
ചെയ്യുവാനും വിശ്വാസികള്‍ക്ക് ഉദ്‌ബോധനം നടത്തുവാനും വേണ്ടിയത്രെ (ഇങ്ങനെ അവതരിപ്പിച്ചിട്ടുള്ളത്)” (സൂറതുല്‍ അഅ്‌റാഫ്:2)
”(പ്രവാചകരേ) അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് താങ്കളുടെ നാഥന്റെ അനുമതിപ്രകാരം ജനങ്ങളെ പുറത്തു കൊണ്ടുവരുന്നതിനായി താങ്കള്‍ക്കു നാം അവതരിപ്പിച്ചിട്ടുള്ള വേദഗ്രന്ഥമാകുന്നു ഇത് (അഥവാ) അജയ്യനും സ്തുത്യര്‍ഹനുമായ (അല്ലാഹുവിന്റെ) സ്മരണയിലേക്ക്)”(സൂറത്തു ഇബ്‌റാഹിം :1)
”നിശ്ചയം ഈ ഖുര്‍ആന്‍ ഏറ്റവും ഋജുവായതിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകയും സുകൃതങ്ങളാചരിക്കുന്ന സത്യവിശ്വാസികള്‍ക്ക് നിശ്ചയം മഹത്തായ പ്രതിഫലമുണ്ടെന്ന ശുഭ വൃത്താന്തമറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും (നാം സുവിശേഷമറിയിക്കുന്നു)”(സൂറത്തുല്‍ ഇസ്‌റാഅ്: 9,10).
സൃഷ്ടിപ്പിന്റെ ലക്ഷ്യവും ആവശ്യകതയും മനുഷ്യനെ ബോധ്യപ്പെടുത്തി ഐഹികവും പാരത്രികവുമായ വിജയത്തിന് അവനെ പ്രാപ്തനാക്കുന്ന സംഗതികളേതൊക്കെയാണെന്ന് സവിസ്തരം വിവരിക്കുന്നുണ്ട് വിശുദ്ധഖുര്‍ആന്‍. തന്നെയും തനിക്കുചുറ്റുമുള്ള പ്രാപഞ്ചിക വസ്തുക്കളെയും സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത നാഥനെ പരിചയപ്പെടുത്താനും ശാശ്വതവാസത്തിന്റെ ഗേഹമായ പരലോക ജീവിതത്തെ പറ്റി മനുഷ്യനെ ബോധവാനാക്കാനുമാണ് ഖുര്‍ആന്‍ പ്രധാനമായും ശ്രമിക്കുന്നത്. പ്രപഞ്ച സ്രഷ്ടാവ് ആരെന്നും അവനോട് സൃഷ്ടികള്‍ക്കുള്ള ബാധ്യതകള്‍ എന്തൊക്കെയാണെന്നും അത് വ്യക്തമാക്കിത്തരുന്നു.
പ്രപഞ്ചത്തിന്റെ നിര്‍മാതാവും, സംരക്ഷകനും, പ്രകൃതിയിലെ കര്‍മശക്തിയും, സകലത്തിന്റെയും പരമാധികാരിയുമായി അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ചില സൂക്തങ്ങള്‍ താഴെ കുറിക്കുന്നു.
”നിങ്ങള്‍ക്കായി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിത്തന്നവന്‍ അല്ലാഹുവാകുന്നു. നിങ്ങള്‍ക്കവന്‍ രൂപംനല്‍കി. അങ്ങനെ നിങ്ങളുടെ രൂപങ്ങളെ അവന്‍ മികവുറ്റതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്നും നിങ്ങള്‍ക്കവന്‍ ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ നാഥനായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ നാഥനായ അല്ലാഹു അനുഗ്രഹപൂര്‍ണമായിരിക്കുന്നു”(സൂറത്തു ഗാഫിര്‍:64)
”നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണം രാവിനെയും വെളിച്ചമുള്ളതായ പകലിനെയും നിങ്ങള്‍ക്കായി സമ്മാനിച്ചവന്‍ അല്ലാഹുവാകുന്നു. ജനങ്ങളോട് ഔദാര്യമുടയവനാകുന്നു തീര്‍ച്ചയായും അല്ലാഹു. പക്ഷേ ജനങ്ങളിലധിക പേരും നന്ദി കാണിക്കുന്നില്ല”(സൂറത്തു ഗാഫിര്‍ : 61)
സമുദ്രത്തെ നിങ്ങള്‍ക്ക് കീഴ്‌പെടുത്തിത്തന്നവന്‍ അല്ലാഹുവാകുന്നു. അവന്റെ ശാസനാനുസാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നതിനും അവന്റെ അനുഗ്രഹത്തില്‍ നിന്നും തേടുന്നതിനും നിങ്ങള്‍ കൃതജ്ഞത കാണിക്കുന്നവരാകുന്നതിനും വേണ്ടി. ആകാശ ഭൂമികളിലുള്ളതൊക്കെയും തന്നില്‍ നിന്ന് നിങ്ങള്‍ക്കവന്‍ അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനതയ്ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.” (അല്‍ ജാസിയ : 12,13)
മനുഷ്യചിന്തക്കു പാത്രീഭവിക്കുന്നതിനും അവന്റെ ജീവിതസൗഖ്യത്തിനനുകൂലമായ നിലയിലും പ്രപഞ്ചത്തെയും അതിലുള്ള സകല വസ്തുക്കളെയും സൃഷ്ടിച്ച് സംവിധാനിച്ചതിനെ കുറിച്ച് സൂചിപ്പിക്കുന്നതോടൊപ്പം അവയുടെ സൃഷ്ടിസംവിധാനം നിര്‍വഹിച്ച പ്രപഞ്ച നാഥനെ അറിഞ്ഞ് അവനുമാത്രം ആരാധനകളര്‍പ്പിക്കണമെന്നും അവന്‍ ചെയ്ത അനുഗ്രഹങ്ങള്‍ക്കു നന്ദി പ്രകാശിപ്പിക്കേണ്ടത് മാനവരാശിയുടെ ബാധ്യതയാണെന്നും മേല്‍ സൂക്തങ്ങള്‍ അനാവരണം ചെയ്യുന്നു.
അല്ലാഹുവിനെ യഥാവിധി മനസ്സിലാക്കാനുള്ള ഒരു മാധ്യമമായി പ്രപഞ്ചത്തെ അവന്‍ സൃഷ്ടിച്ച് സംവിധാനിച്ചു. അതിനാല്‍തന്നെ പ്രപഞ്ച പ്രതിഭാസങ്ങളെയും വസ്തുക്കളെയും കുറിച്ച് ചിന്തിക്കാനുള്ള നിരന്തരമായ ആഹ്വാനങ്ങളും ഖുര്‍ആന്‍ നടത്തുകയുണ്ടായി. അല്ലാഹുവിനെ ഭയപ്പെടുന്നവന്‍ ഈ യാഥാര്‍ഥ്യങ്ങളെപറ്റി ചിന്തിച്ച് സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കാന്‍ സന്നദ്ധരാവുന്നതിനായി ഖുര്‍ആന്‍തന്നെ പ്രസ്താവിക്കുന്നുണ്ട്.
”ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകളുടെ മാറിവരവിലും ചിന്തിക്കുന്ന ജനതയ്ക്ക് തീര്‍ച്ചയായും ദൃഷ്ടാന്തങ്ങളുണ്ട്. അവര്‍ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം അല്ലാഹുവിനെ ഓര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.(അന്നേരം അവര്‍ ഇപ്രകാരം പറഞ്ഞുപോകും) ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വൃഥാ സൃഷ്ടിച്ചതല്ല”.(വിശുദ്ധ ഖുര്‍ആന്‍: 3:191)
സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ അസ്തിത്വവും ഏകത്വവും പൂര്‍ണമായും അംഗീകരിച്ച് ആജ്ഞാനുവര്‍ത്തികളായി ജീവിക്കാനുള്ള ആഹ്വാനമാണ് ഖുര്‍ആന്‍ നല്‍കുന്നത്. ആരാധനക്കര്‍ഹനായി അവന്‍ മാത്രമേയുള്ളൂവെന്നും ആരാധ്യരായി മനുഷ്യന്‍ കൊണ്ടുനടക്കുന്ന വസ്തുക്കളൊക്കെയും അല്ലാഹുവിന്റെ സൃഷ്ടികള്‍ മാത്രമാണെന്നും അത് സലക്ഷ്യം മനുഷ്യനെ ബോധ്യപ്പെടുത്തുന്നു.
അനുസരണ ശീലനായും നിഷ്‌കളങ്ക ഹൃദയനായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചലിക്കുന്നതിനായി ഖുര്‍ആന്‍ മനുഷ്യനോടുപദേശിക്കുന്നു. ഇവ്വിധം പ്രഖ്യാപിക്കാന്‍ അവനോട് നിര്‍ദേശിക്കുന്നു
”പറയുക : നിശ്ചയം എന്റെ നാഥന്‍ നേരായ പാതയിലേക്ക് എന്നെ നയിച്ചിരിക്കുന്നു. വക്രത ഏതുമില്ലാത്ത മതം. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദര്‍ശം; അദ്ധേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. പറയുക; നിശ്ചയം എന്റെ നിസ്‌കാരവും എന്റെ(മറ്റു) ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. അവന്ന് പങ്കുകാരാരുമില്ല. ഇതുകൊണ്ട് ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു(അവന്) കീഴ്‌പെടുന്നവരില്‍ ഒന്നാമനാകുന്നുതഞാന്‍. പറയുക; അല്ലാഹുവല്ലാത്തവരെ നാഥനായി ഞാന്‍ കാംക്ഷിക്കുകയും അവന്‍ സകലവസ്തുക്കളുടേയും നാഥനായിരിക്കെ! ഏതൊരാളും ചെയ്തുകൂട്ടുന്നതിന്റെ ഉത്തരവാദിത്തം അവനുതന്നെയായിരിക്കും. (പാപ) ഭാരം ചുമക്കുന്ന ഏതൊരുവനും മറ്റൊരാളുടെ(പാപ) ഭാരം ചുമക്കുന്നതല്ല. പിന്നീട് നിങ്ങളുടെ രക്ഷിതാവിലേക്കാവുന്നു നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ ഭിന്നത പുലര്‍ത്തിയിരുന്നുവോ അതേകുറിച്ച് അപ്പോള്‍ നിങ്ങളെയവന്‍ അറിയിക്കുന്നതായിരിക്കും”(സൂറത്തുല്‍ അന്‍ആം-161-164).
ആത്മസംസ്‌കരണം മനുഷ്യപുരോഗതിയുടെ ആണിക്കല്ലാണ്. മനസ്സിലുദിക്കുന്ന ചിന്തക്കും വിചാരവികാരങ്ങള്‍ക്കുമനുസരിച്ചാണ് ശരീരം ചലിക്കുക. സൃഷ്ടികര്‍ത്താവിന്റെ നിയമ നിര്‍ദേശങ്ങള്‍ക്കൊത്ത് ആത്മാവിനെ വിമലീകരിച്ചവനാണ് വിജയം പ്രാപിക്കാനാവുക എന്നു വിശുദ്ധഖുര്‍ആന്‍ പലയിടങ്ങളിലായി സൂചിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നത് നോക്കുക:
”നിശ്ചയം ആത്മാവിനെ വിശുദ്ധമാക്കിയവന്‍ മോക്ഷം കൈവരിച്ചിരിക്കുന്നു അതിനെ കളങ്കപ്പെടുത്തിയവനാകട്ടെ തീര്‍ച്ചയായും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു”(അശ്ശംസ് 9,10)
”നിശ്ചയം വിശുദ്ധി നേടുകയും തന്റെ നാഥന്റെ നാമം സ്മരിക്കുകയും എന്നിട്ട് നിസ്‌കാരം നിര്‍വ്വഹിക്കുകയും ചെയ്തവന്‍ മോക്ഷം പ്രാപിച്ചിരിക്കുന്നു”(സൂറത്തുല്‍ അഅ്‌ലാ14,15)
ആത്മാവിനെ സംസ്‌കരിക്കുകവഴി വിശുദ്ധമാര്‍ഗത്തില്‍ അടിയുറച്ച് നിലകൊണ്ടവരാണ് വിജയം കൈവരിച്ചവരെന്ന് മേല്‍സൂക്തങ്ങള്‍ വ്യക്തമാക്കിത്തരുന്നു. ആത്മാവിനെ മലീമസമാക്കിത്തീര്‍ക്കുന്ന അഹങ്കാരം, അസൂയ, പക, വിദ്വേഷം, കളവ് തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്നെല്ലാം അകന്നുനില്‍ക്കാനും ലാളിത്യം, വിനയം, ക്ഷമ, സഹനം, വിട്ടുവീഴ്ച്ചാ മനോഭാവം, ഗുണകാംക്ഷ, സത്യസന്ധത എന്നിത്യാദി സത്ഗുണങ്ങളാചരിക്കാനും വിവിധ സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക:
”സത്യ വിശ്വാസികളേ, നിങ്ങള്‍ ക്ഷമ കൈകൊള്ളുകയും ക്ഷമയില്‍ മികവ് പുലര്‍ത്തുകയും ചെയ്യുക.”(ആലുഇംറാന്‍ 2)
”ക്ഷമ കൈകൊള്ളുന്നവര്‍ക്ക് അളവറ്റ പ്രതിഫലം നല്‍കപ്പെടുന്നതാണ്”(സൂറത്തു സുമര്‍ 10)
”ക്ഷമകൊണ്ടും നിസ്‌കാരംകൊണ്ടും നിങ്ങള്‍ സഹായം തേടുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാലുകളുടെ കൂടെയാകുന്നു.”(അല്‍ ബഖറ 153)
”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും സത്യസന്ധരോടൊപ്പം നിലകൊള്ളുകയും ചെയ്യുവീന്‍.”(അത്തൗബ 119)
”നിശ്ചയം അല്ലാഹുവിനെ അനുസരിക്കുന്നവരായ പുരുഷന്മാരും സ്ത്രീകളും, സത്യവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും, സത്യസന്ധരായ പുരുഷന്മാരും സ്ത്രീകളും, സഹനശീലരായ പുരുഷന്മാരും സ്ത്രീകളും (അല്ലാഹുവിനെ) ഭയപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും, ദാനധര്‍മങ്ങള്‍ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും, വൃതമനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്മാരും സ്ത്രീകളും, ധാരാളമായി അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും, ഇവര്‍ക്കൊക്കെയും പാപമോചനവും മഹത്തായ പ്രതിഫലവും അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു. അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യത്തെകുറിച്ച് തീരുമാനമെടുത്തു കഴിഞ്ഞാല്‍ ഒരു സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തങ്ങളുടെ കാര്യത്തില്‍ സ്വതന്ത്രമായ ഒരഭിപ്രായം ഉണ്ടായിരിക്കാവതല്ല. വല്ലവനും അല്ലാഹുവോടും അവന്റെ ദൂതനോടും ധിക്കാരമ നുവര്‍ത്തിക്കുന്നുവെങ്കിലോ, തീര്‍ച്ചയായും അവന്‍ സ്പഷ്ടമായ മാര്‍ഗ ഭ്രംശത്തിലകപ്പെട്ടിരിക്കുന്നു”(അല്‍ അഹ്‌സാബ് 35,36).
”സത്യവിശ്വാസികള്‍ തീര്‍ച്ചയായും മോക്ഷം പ്രാപിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ നിസ്‌കാരത്തില്‍ ഭയഭക്തിയുള്ളവരും അനാവശ്യങ്ങളില്‍നിന്ന് പിന്തിരിഞ്ഞ് കളയുന്നവരും സകാത്ത് കൊടുത്തു വീട്ടുന്നവരുമാകുന്നു. തങ്ങളുടെ ഭാര്യമാരോ തങ്ങളുടെ അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്ന് തങ്ങളുടെ ജനനേന്ദ്രിയങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമാകുന്നു അവര്‍”(സൂറത്തുല്‍ മുഅ്മിനൂന്‍ 1-6).
”ഉയര്‍ത്തപ്പെടാനും തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ആജ്ഞാപിച്ചിട്ടുള്ള ചില ഭവനങ്ങളില്‍ (പള്ളികളില്‍) പ്രഭാതത്തിലും സന്ധ്യാവേളകളിലും അവിടെവെച്ച് ചില പുരുഷന്മാര്‍ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്നും നിസ്‌കാരം നിര്‍വ്വഹിക്കുന്നതില്‍നിന്നും സകാത്ത് കൊടുക്കുന്നതില്‍നിന്നും ക്രയവിക്രയങ്ങള്‍ അവരെ തടയുന്നില്ല. ഹൃദയങ്ങളും ദൃഷ്ടികളും കീഴ്‌മേല്‍ മറിയുന്ന ഒരു ദിവസത്തെ (അന്ത്യനാളിനെ) അവര്‍ ഭയപ്പെടുന്നു. അവര്‍ പ്രവര്‍ത്തിക്കുന്ന നല്ല കാര്യങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതിനും തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്കവന്‍ വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതിനും വേണ്ടി. താന്‍ ഇഛിക്കുന്നവര്‍ക്ക് അല്ലാഹു നിര്‍ണയമില്ലാതെ നല്‍കുന്നു”(സൂറത്തുന്നൂര്‍ : 36-38)
ഇഹലോക നന്മക്കും പരലോക വിജയത്തിനും നിദാനമായ ഒട്ടനവധി കാര്യങ്ങള്‍ മേല്‍ സൂക്തങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്. അവ ഇപ്രകാരം സംഗ്രഹിക്കാം
(1) അല്ലാഹുവിലും അവന്റെ അന്ത്യദൂതനിലും അന്ത്യനാളിലും വിശ്വസിക്കുക.
(2) അല്ലാഹുവിനെ സൂക്ഷിച്ചും അവന്റെ ആജ്ഞകള്‍ ശിരസാവഹിച്ചും ഭയഭക്തിയോടെ ജീവിതം നയിക്കുക.
(3) നിസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ നിര്‍ബന്ധബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കുക
(4) അല്ലാഹുവിന് ആരാധനകളര്‍പ്പിക്കുന്ന കാര്യത്തിലും തെറ്റുകുറ്റങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വിഷയത്തിലും പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യുന്നതിലും ജാപ്രാലിക്കുകയും ക്ഷമ കൈകൊള്ളുകയും ചെയ്യുക.
(5) അവിഹിത വേഴ്ചകളില്‍ നിന്നും മറ്റു അനാശാസ്യ പ്രവണതകളില്‍ നിന്നും പൂര്‍ണമായും അകന്നുനില്‍ക്കുക.
മനുഷ്യന്റെ ഇഹപര വിജയത്തിന് പര്യാപ്തമായ വേറെയും ധാരാളം സംഗതികള്‍ വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിനെ ധിക്കരിച്ചും അഹങ്കാരം നടിച്ചും ജീവിക്കുന്നവര്‍ക്ക് ലഭ്യമാകാന്‍ പോകുന്ന കടുത്ത ശിക്ഷയെ സംബന്ധിച്ചും പലയിടങ്ങളിലായി അത് വ്യക്തമാക്കുന്നുണ്ട്. പൂര്‍വകാലക്കാരില്‍ ധിക്കാരം അനുവര്‍ത്തിച്ചവര്‍ക്ക് നേരിടേണ്ടി വന്ന ഭൗതിക ശിക്ഷകളെകുറിച്ചും ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. പിന്‍കാലക്കാര്‍ക്ക് ഗുണപാഠവും താക്കീതുമായിട്ടാണ് അത്തരം സംഭവങ്ങളെല്ലാം വിവരിക്കപ്പെട്ടിട്ടുള്ളത്.
ചില സൂക്തങ്ങള്‍ കാണുക:
”തീര്‍ച്ചയായും ഖാറൂന്‍, മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവര്‍ക്കു നേരെ അവന്‍ അതിക്രമം കാണിച്ചു. അവന്റെ ഖജനാവുകള്‍ ശക്തരായ ഒരു സംഘത്തിന് പോലും ഭാരമായിരിക്കത്തക്ക വിധത്തിലുള്ള നിക്ഷേപങ്ങള്‍ അവനു നാം നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു), പുളകിതനാകേണ്ടതില്ല.പുളകിതരാവുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതില്‍ നീ പരലോക (വിജയം) കാംക്ഷിക്കുക. ഐഹിക ജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മചെയ്തപോലെ നീയും നന്മയില്‍ വര്‍ത്തിക്കുക. നീ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ഒരുമ്പെടരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല, തീര്‍ച്ച. ഖാറൂന്‍ പറഞ്ഞു: എന്റെ പക്കലുള്ള വിദ്യയാല്‍ മാത്രമാകുന്നു എനിക്കിതു ലഭ്യമായിട്ടുള്ളത്. എന്നാല്‍ അവനു മുമ്പ് അവനേക്കാള്‍ അതിശക്തരും കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ തീര്‍ച്ചയായും അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസിലാക്കിയിട്ടില്ലേ? കുറ്റവാളികള്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അന്വേഷിക്കപ്പെടുന്നവരല്ല. അങ്ങനെ ജനമധ്യത്തിലേക്ക് അവന്റെ ആര്‍ഭാടത്തോടെ അവന്‍ ഇറങ്ങിപ്പുറപ്പെട്ടു. ഐഹികജീവിതം ഉദ്ധേശിച്ചവര്‍ (അതുകണ്ടിട്ട്) പറഞ്ഞു: ഖാറൂനിന് നല്‍കപ്പെട്ടതുപോലുള്ളത് ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! തീര്‍ച്ചയായും അവന്‍ ഭാഗ്യമുള്ളവന്‍തന്നെ. അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു : നിങ്ങള്‍ക്കു നാശം! വിശ്വസിക്കുകയും സല്‍കര്‍മമാചരിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമമായിട്ടുള്ളത്. സഹനശീലര്‍ക്കെല്ലാതെ അതു നല്‍കപ്പെടുകയില്ല. അങ്ങനെ അവനെയും അവന്റെ ഭവനത്തെയും ഭൂമിയില്‍ നാം ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍ അല്ലാഹുവിനുപുറമേ തന്നെ സഹായിക്കുന്ന യാതൊരു കക്ഷിയും അവനുണ്ടായിരുന്നില്ല. അവന്‍ സ്വയം അതിജയിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. ഇന്നലെ അവന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ ഇപ്രകാരം പറയുകയുന്നവരായി: അഹോ കഷ്ടം! അല്ലാഹു തന്റെ ദാസന്മാരില്‍ താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കിക്കൊടുക്കുകയും (താന്‍ ഇച്ഛിക്കുന്നവര്‍ക്ക്) ഇടുക്കമാക്കിത്തീര്‍ക്കുകയും ചെയ്യും. അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ ഞങ്ങളെയുമവന്‍ (ഭൂമിയില്‍) ആഴ്ത്തിക്കളയുമായിരുന്നു. അഹോ കഷ്ടം! സത്യനിഷേധികള്‍ മോക്ഷം പ്രാപിക്കുകയില്ല ”(സൂറത്തുല്‍ ഖസ്വസ് 76-82)
മൂസാ നബി(അ) യുടെ കാലത്ത് ജീവിച്ച ഖാറൂനെന്നുപേരുള്ള ഒരു സമ്പന്നന്റെ കഥയാണ് ഖുര്‍ആന്‍ ഇവിടെ ഉദ്ധരിച്ചത്. സമ്പത്തിന്റെ ഒരു വന്‍ശേഖരം അല്ലാഹു അവന് ഔദാര്യമായി നല്‍കുകയുണ്ടായി. പക്ഷെ, അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ അയാള്‍ പാടെ വിസ്മരിക്കുകയും എല്ലാം തന്റെ അറിവുകൊണ്ടും വൈദഗ്ദ്യം കൊണ്ടും നേടിയെടുത്തതാണെന്ന് അഹങ്കരിക്കുകയും അവ്വിധം പ്രഖ്യാപിക്കുകയും ചെയ്തു. ഇയാളുടെ സമ്പത്തും സൗഭാഗ്യവും കണ്ട് ആകൃഷ്ടരായ ആളുകള്‍ അവര്‍ക്കും അപ്രകാരം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. അവര്‍ക്കിടയിലെ അറിവുള്ളവരാകട്ടെ ഇവയെല്ലാം കേവലം പരീക്ഷണം മാത്രമാണെന്നും അല്ലാഹുവിന്റെ പക്കലുള്ള പ്രതിഫലമാണ് ശ്വാശ്വതവും ഉന്നതമായിട്ടുള്ളതെന്നും പ്രസ്താവിക്കുകയും ചെയ്തു. അങ്ങനെ ഖാറൂനിന്റ അഹങ്കാരം അല്ലാഹു അവസാനിപ്പിച്ചു. അവനെ ഭൂമിയുടെ അഗാധതയിലേക്ക് അവന്‍ ആഴ്ത്തിക്കളഞ്ഞു. ഈ സംഭവം അക്കാലത്തുള്ള ജനതക്ക് തന്നെ ഒരു മുന്നറിയിപ്പും താക്കീതുമായിരുന്നു. പിന്‍കാലക്കാരിലെ സമാന ചിന്താഗതിക്കാര്‍ക്കുള്ള ഉദ്‌ബോധനമായിട്ടാണ് ഖുര്‍ആന്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. ധിക്കാരികളും അഹങ്കാരികളും അല്ലാഹുവിന്റെ ഔദാര്യത്തെ നിഷേധിക്കുന്നവരുമായ ആളുകളുടെ പരിണിതം ഇപ്രകാരമായിരിക്കുമെന്ന് ബോധ്യപ്പെടുത്തുകയാണിവിടെ. മനുഷ്യന്‍ അനുവര്‍ത്തിക്കുന്ന കൃതഘ്‌നതയുടെയും ദുഷ്‌ചെയ്തികളുടെയും അനന്തരഫലമായി അല്ലാഹു ഇറക്കുന്ന ശിക്ഷയെ പ്രതിരോധിക്കാനോ തടഞ്ഞു നിര്‍ത്താനോ സൃഷ്ടികളില്‍ ഒരാള്‍ക്കുമാവില്ല. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്.
”ഉപരിലോകത്തുള്ളവന്‍ ഭൂമിയില്‍ നിങ്ങളെ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുന്നുവോ? അന്നേരമത് ഇളകി മറിഞ്ഞ് കൊണ്ടിരിക്കും. അതോ ഉപരിലോകത്തുള്ളവന്‍ നിങ്ങള്‍ക്കുമേല്‍ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ഭയരഹിതരായിരിക്കുന്നുവോ? എന്റെ മുന്നറിയിപ്പ് എങ്ങനെയുണ്ടെന്ന് വഴിയെ നിങ്ങള്‍ മനസിലാക്കിക്കൊള്ളും. നിശ്ചയം, അവര്‍ക്കുമുമ്പുള്ളവരും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്. അപ്പോള്‍ എന്റെ പ്രതിഷേധം എങ്ങനെയുണ്ടായിരുന്നു (എന്നു നിങ്ങള്‍ ആലോചിച്ചു നോക്കുക)”(സൂറത്തുല്‍ മുല്‍ക് 16-18)
മനുഷ്യന്റെ ഐഹികവും പാരത്രികവുമായ വിജയത്തിന് നിദാനമായിത്തീരുന്ന ധാര്‍മിക മൂല്യങ്ങളെ സമഗ്രമായി വിവരിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. മനുഷ്യന് തന്റെ സ്രഷ്ടാവുമായിട്ടുള്ള ബന്ധം, സഹജീവികളുമായുള്ളബന്ധം, ഇതര സൃഷ്ടി ജാലങ്ങളുമായുള്ള ബന്ധം, പരിസ്ഥിതിയുമായുള്ള ബന്ധം. എല്ലാമൊന്നൊഴിയാതെ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നുണ്ട്. പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലും വിചാര വികാരങ്ങളിലുമെല്ലാം സൂക്ഷ്മത കൈകൊള്ളണമെന്നും മര്യാദ പാലിക്കണമെന്നും മനുഷ്യനെ അതുപദേശിക്കുന്നു. എല്ലാ നന്മകളും ആചരിക്കാനും തിന്മകള്‍ തിരസ്‌കരിക്കാനും അത് ആഹ്വാനം ചെയ്യുന്നു. സത്യവും നീതിയും വിനയവും ലാളിത്യവും ദയാദാക്ഷിണ്യവും മുഖമുദ്രയാക്കാന്‍ ആവശ്യപ്പെടുകയും, അസത്യവും അനീതിയും അഹങ്കാരവും താന്‍പോരിമയും പാരുഷ്യവുമെല്ലാം കുറ്റകരമായ ദുര്‍ഗുണങ്ങളാണെന്ന് അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
മനുഷ്യന്റെ ശാരീരികവും ആത്മീയവുമായ വളര്‍ച്ചക്കും പുരോഗതിക്കും ആവശ്യവും അനുഗുണവുമായിട്ടുള്ള സംഗതികളേതെന്നും അവന്റെ നാശത്തിനും അധോഗതിക്കും കാരണമായിത്തീരുന്ന കാര്യങ്ങളെന്തൊക്കെയാണെന്നും ഖുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നു. തന്റെ ആജന്മ ശത്രുവായ പിശാച് മനുഷ്യനെ ധര്‍മപാദയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുകയും തിന്മയെ സുന്ദരമാക്കിക്കാണിക്കുകയും ചെയ്യുമെന്നും അതിനാല്‍ അവന്റെ കുതന്ത്രങ്ങളില്‍ നിന്ന് മോചനം നേടണമെന്നും അത് അവനെ ഓര്‍മപ്പെടുത്തുന്നുണ്ട്.
ചില സൂക്തങ്ങള്‍ ഇനി ശ്രദ്ധിക്കുക.
”ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ നഗ്നതകള്‍ മറക്കാനുതകുന്നതും അലങ്കാരത്തിനു പറ്റുന്നതുമായ വസ്ത്രം ഇറക്കിത്തന്നിരിക്കുന്നു. ഭക്തിയുടെ വസ്ത്രമാകുന്നു ഏറ്റവും ഉത്തമമായിട്ടുള്ളത്. അവര്‍ ഉദ്‌ബോധനം സിദ്ധിച്ചവരാകുന്നതിന് വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവില്‍പെട്ടതാകുന്നു അത്”
”ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് ബഹിഷ്‌കൃതരാക്കിയതു പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലകപ്പെടുത്താതിരുന്നു കൊള്ളട്ടെ. ഇരുവരുടേയും നഗ്നഭാഗങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതിനായി അവരുടെ വസ്ത്രം അവരില്‍നിന്നവന്‍ ഊരിയെടുക്കുകയായിരുന്നു. നിശ്ചയം അവനും അവന്റെ വര്‍ഗവും നിങ്ങളെ ദര്‍ശിച്ചു കൊണ്ടിരിക്കും; നിങ്ങള്‍ക്കവരെ ദര്‍ശിക്കാനാവാത്ത വിധത്തില്‍. വിശ്വാസം കൈകൊള്ളാത്തവര്‍ക്ക് തീര്‍ച്ചയായും നാം പിശാചുക്കളെ മിത്രങ്ങളാക്കിയിരിക്കുന്നു”.(സൂറതുല്‍ അഅ്‌റാഫ് 26,27)
”(നബിയേ) പറയുക: എന്റെ നാഥന്‍ നീതിയാണു കല്‍പിച്ചിട്ടുള്ളത്. ആരാധനകളിലൊക്കെയും നിങ്ങളുടെ വദനം നിങ്ങള്‍ നേരെ നിര്‍ത്തുകയും കീഴ്‌വണക്കം അവന്നു മാത്രമാക്കിക്കൊണ്ട് അവനെ നിങ്ങളാരാധിക്കുകയും ചെയ്യുക. ആദ്യമായി നിങ്ങളുടെ സൃഷ്ടിപ്പ് അവന്‍ എപ്രകാരം നടത്തിയോ അതേവിധം തന്നെ (അവങ്കലേക്ക്) നിങ്ങള്‍ മടങ്ങുകയും ചെയ്യുന്നതാകുന്നു”.
”ഒരുവിഭാഗത്തെ അവന്‍(അല്ലാഹു) സന്മാര്‍ഗത്തിലാക്കിയിരിക്കുന്നു. മറ്റൊരു വിഭാഗമാകട്ടെ, മാര്‍ഗഭ്രംശത്തിന് അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് നിശ്ചയം അവര്‍ രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ സന്മാര്‍ഗം സിദ്ധിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യുന്നു”.
”ആദം സന്തതികളേ, ആരാധനകളിലൊക്കെയും നിങ്ങള്‍ക്കലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ നിങ്ങളണിഞ്ഞുകൊള്ളുക. നിങ്ങള്‍ ആഹരിക്കുകയും പാനം ചെയ്യുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ ധൂര്‍ത്തടിക്കരുത്. ധൂര്‍ത്തടിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല”.
(പ്രവാചകരേ) പറയുക: അല്ലാഹുവിന്റെ ദാസന്മാര്‍ക്കായി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാരവസ്തുക്കളും നല്ല ഭക്ഷ്യപദാര്‍ഥങ്ങളും ആരാണു നിഷിദ്ധമാക്കിയത്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാകുന്നു. പുനരുത്ഥാന നാളില്‍ അവര്‍ക്കുമാത്രവും. ഗ്രഹിക്കുന്ന ജനതയ്ക്കുവേണ്ടി അവ്വിധം നാം ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുകൊടുക്കുന്നു”.
”പറയുക: എന്റെ നാഥന്‍ നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷവും പരോക്ഷവുമായിട്ടുള്ള നീച വൃത്തികളും കുറ്റകൃത്യവും അന്യായമായ കയ്യേറ്റവും യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്ത ഒന്നിനെ അല്ലാഹുവോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും നിങ്ങള്‍ക്കജ്ഞാതമായത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ ആരോപിക്കുന്നതും മാത്രമാകുന്നു”.(സൂറത്തുല്‍ അഅ്‌റാഫ് 29-33)
”ആദം സന്തതികളേ, എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു വിവരിച്ചുതരുന്നവരായി നിങ്ങളില്‍തന്നെയുള്ള ദൂതന്മാര്‍ നിങ്ങള്‍ക്കു സമാഗതരായാല്‍ അപ്പോള്‍ സൂക്ഷ്മത കൈകൊള്ളുകയും കര്‍മങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നവരാരോ, അവര്‍ ഭയപ്പെടേണ്ടതില്ല, അവര്‍ ദുഃഖിക്കേണ്ടിയും വരില്ല. എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ തള്ളിപ്പറയുകയും അവയ്ക്കു നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നവരാരോ, അവരാകുന്നു നരകാവകാശികള്‍. അവരതില്‍ ശാശ്വതവാസികളുമായിരിക്കും”
”അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കളവ് ചമച്ചുണ്ടാക്കുകയോ അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അത്തരക്കാര്‍ തങ്ങളുടെ വിധിപ്രമാണത്തിനനുസൃതമായി അവരുടെ വിഹിതം എത്തിക്കുന്നതാണ്. അങ്ങനെ അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവരെ സമീപിക്കുമ്പോള്‍ ചോദിക്കും: അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരുന്ന ദൈവങ്ങളെവിടെ? അവര്‍ പറയും: അവരൊക്കെയും ഞങ്ങളെ വിട്ടുപോയിക്കളഞ്ഞിരിക്കുന്നു. അവര്‍ സത്യനിഷേധികളായിരുന്നുവെന്ന് സ്വന്തത്തിനെതിരായി അവര്‍ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും”.
അവന്‍(അല്ലാഹു) പറയും: ”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹത്തോടൊപ്പം നിങ്ങള്‍ നരകത്തില്‍ പ്രവേശിച്ചു കൊള്ളുക. ഓരോ സമുഹവും അതില്‍ പ്രവേശിക്കുമ്പോഴെല്ലാം അവരുടെ സഹോദരസമുദായത്തെ ശപിക്കും. അങ്ങനെ അവരൊക്കെയും അവിടെ ഒരുമിച്ചു കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ നാഥാ, ഇവരാണ് ഞങ്ങളെ വഴികേടിലകപ്പെടുത്തിയത്. അതിനാല്‍ ഇവര്‍ക്കു നീ ഇരട്ടി നരകശിക്ഷ നല്‍കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്. പക്ഷെ, നിങ്ങള്‍ മനസിലാക്കുന്നില്ല”. (അല്‍ അഅ്‌റാഫ് 35-38)
”നിങ്ങള്‍ അല്ലാഹുവിന് ആരാധനകളര്‍പ്പിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക. മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍വാസികളോടും സഹവാസിയോടും സഞ്ചാരിയോടും നിങ്ങളുടെ അധീനതയിലുള്ള അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. നിശ്ചയം പൊങ്ങച്ചം നടിക്കുന്നവനെയും ദുരഭിമാനിയെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല. അവരാകട്ടെ, സ്വയം ലുബ്ധത കാണിക്കുന്നവരും ലുബ്ധത കാണിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്കു നല്‍കിയിട്ടുള്ളതിനെ മറച്ചുവെക്കുന്നവരുമാകുന്നു. ആ കൃതഘ്‌നര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്. ജനങ്ങളെ കാണിക്കുന്നതിന്നായി തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നവരും അല്ലാഹുവിലോ അന്ത്യനാളിലോ വിശ്വസമില്ലാത്തവരുമാകുന്നു അവര്‍. പിശാചാണ് ഒരാളുടെ കൂട്ടാളിയാകുന്നതെങ്കില്‍ അവന്‍ അത്യന്തം ദുഷിച്ച കൂട്ടുകാരന്‍തന്നെ”. (അന്നിസാഅ് 36-38)
മനുഷ്യര്‍ക്കായി അല്ലാഹു ഭൗതികലോകത്ത് ഒരുക്കിവെച്ചിട്ടുള്ള വിഭവങ്ങളൊക്കെയും അവന്റെ നിര്‍ദേശാനുസരണം ഉപയോഗപ്പെടുത്താമെന്നും അവയുടെ ഉപയോഗങ്ങളിലൊന്നുംതന്നെ സ്വാര്‍ഥതയോ അമിതമാക്കലോ ദുരഭിമാനമോ പാടില്ലെന്നും വ്യക്തമാക്കുന്നതിനു പുറമെ, ലഭ്യമായിട്ടുള്ള ഔദാര്യത്തില്‍ നിന്ന് അഗതികളും നിരാലംബരുമായ തന്റെ സഹജീവികളെ സഹായിക്കണമെന്നും എല്ലാ ഔദാര്യങ്ങള്‍ക്കും സൃഷ്ടികര്‍ത്താവിനോട് നന്ദിയുള്ളവനായിരിക്കണമെന്നും ഖുര്‍ആന്‍ മനുഷ്യനോട് ആഹ്വാനം ചെയ്യുന്നതായി മേല്‍സൂക്തങ്ങളില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.
ചുരുക്കത്തില്‍, ഐഹികലോകത്ത് വൈയക്തികവും സാമൂഹികവുമായ ജീവിതം സുഖസമ്പൂര്‍ണവും ഐശ്വര്യപൂര്‍ണവുമാക്കാനും സര്‍വോപരി പരലോകമോക്ഷം കൈവരിക്കാനും പര്യാപ്തമായ ഉപദേശ നിര്‍ദേശങ്ങളുടെ സമാഹാരമായിട്ടാണ് വിശുദ്ധഖുര്‍ആനിനെ നമുക്ക് വിലയിരുത്താനാവുക. ഖുര്‍ആനിനെ മനസിലാക്കാന്‍ ശ്രമിക്കാത്തതും അത് ഉള്‍ക്കൊള്ളുന്ന നിയമവ്യവസ്ഥകളെ അവഗണിച്ചതുമാണ് ലോകം ഇന്നു നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം. ലോകജനത ഖുര്‍ആനിക ആശയങ്ങളിലേക്ക് മടങ്ങിയാല്‍ ജീവിതവിജയം സുനിശ്ചിതം.

Leave a Reply

Your email address will not be published. Required fields are marked *