ഉസ്താദ് ഹംസ ഫൈസി അല്‍ ഹൈതമി
സ്രഷ്ടാവായ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ജനങ്ങളിലേക്കെത്തിച്ചു കൊടുക്കുന്ന സന്ദേശവാഹകരാണ് തിരുദൂതര്‍ അഥവാ ‘റസൂലുല്ലാഹ്’ എന്നറിയപ്പെടുന്നവര്‍. പ്രവാചകര്‍ എന്ന മലയാള വാക്ക് സാധാരണയായി ഇവര്‍ക്ക് പറഞ്ഞുപോരുന്നുവെങ്കിലും അതത്ര യോചിപ്പുള്ളതല്ല എന്നാണു വിദഗ്ധാഭിപ്രായം. ജനങ്ങള്‍ക്കിടയില്‍ നിന്ന് വളരെ സത്യസന്ധതയും ത്യാഗസന്നദ്ധതയും ബുദ്ധിവൈഭവവും മറ്റു ശ്രേഷ്ഠഗുണങ്ങളുമെല്ലാം ഒത്തിണങ്ങിയ ചിലരെ അല്ലാഹു പ്രത്യേക ദൗത്യത്തിനായി തെരഞ്ഞെടുക്കുകയാണു ചെയ്യുന്നത്. അല്ലാഹു ഉദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുക എന്നല്ലാതെ ഒരാളുടെയും പരിശ്രമത്തിനോ ശിപാര്ശക്കോ ഇതില്‍ യാതൊരു സ്വാധീനവും ഇല്ല.
ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കേണ്ട സന്ദേശങ്ങള്‍ ഇത്തരം ദൂതരിലേക്കു കൈമാറാന്‍ അല്ലാഹു സ്വീകരിക്കുന്ന ഔപചാരിക രീതിയാണ് വഹ്യ്. മലക്കുകളില്‍ പ്രധാനിയായ ജിബ്രീല്‍(അ) മുഖേനയാണ് ഈ കൈമാറ്റം നടത്താറുള്ളത്. വഹ്യിന്റെ ചുമതലക്കാരനായതു കൊണ്ട് മലക്കുകളിലെ ദൂതന്, അല്ലാഹുവിന്റെ രഹസ്യക്കാരന് (ഇടനിലക്കാരന്) എന്നൊക്കെ ജിബ്രീല്‍ (അ) നെ പരിചയപ്പെടുത്താറുണ്ട്.
എന്നാല്‍ ജിബ്രീല്‍(അ) വഹ്യ് എത്തിച്ചു കൊടുക്കാന്‍ പല രീതികള്‍ ഉപയോഗിക്കാറുള്ളതായി നബി(സ്വ) പറഞ്ഞുതന്നിട്ടുണ്ട്. ആ രീതികളില്‍ ചിലത് ഉദാഹരണ സഹിതം വിവരിക്കാം. ഉദാഹരണങ്ങള്‍ വെറും ഉദാഹരണങ്ങള്‍ മാത്രമാണെന്നും യാഥാര്‍ഥ്യവുമായി വളരെ വ്യത്യാസമുണ്ടായിരിക്കുമെന്നും മാന്യവായനക്കാരുടെ ശ്രദ്ധയില്‍ ആദ്യമേ കൊണ്ടുവരട്ടെ. ഇലാഹിയ്യായ സംവിധാനങ്ങള്‍ നമ്മുടെ ഭാവനകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും, ‘അല്ലാഹുവിന് മികച്ച ഉദാഹരണമുണ്ട്’ എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ആശയഗ്രാഹ്യതയ്ക്കു വേണ്ടി അത്തരം ഉദാഹരണങ്ങള്‍ ഉപയോഗിക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. അല്ലാഹു നമുക്ക് ഗ്രാഹ്യശക്തി നല്കി അനുഗ്രഹിക്കട്ടെ. ആമീന്‍
നാം ജീവിക്കുന്നത് കംപ്യൂട്ടര്‍ യുഗത്തിലായതുകൊണ്ട് ഈ വിഷയവും ഞാന്‍ കംപ്യൂട്ടറൈസ് ചെയ്യുകയാണ്. മനുഷ്യ മസ്തിഷ്കമാകുന്ന കംപ്യൂട്ടറിലേക്ക് കലാമാകുന്ന ഡാറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ‘ഡാറ്റാ കണ്വര്ട്ടിംങ് മെത്തേഡ്’ ആണ് വഹ്യ്. ഒരു സിസ്റ്റത്തില്‍ നിന്ന് മറ്റൊരു സിസ്റ്റത്തിലേക്ക് ഡാറ്റ കൈമാറാന്‍ പലതരം വഴികള്‍ ലഭ്യമാണ്. ബ്ലൂടൂത്ത്, ഇന്‍ഫ്രാറെഡ്, കേബിള്‍ തുടങ്ങിയവ ഉദാഹരണം. ഡാറ്റകള്‍ സ്വീകരിക്കാനും സേവ് ചെയ്യാനും പാകത്തില്‍ ഡിവൈസുകള്‍ ആദ്യം സജ്ജീകരിക്കേണ്ടതുണ്ട്. ക്ലീനിങ്, ഫോര്‍മാറ്റിങ് തുടങ്ങിയ മുന്നൊരുക്കങ്ങളും മറ്റും ആവശ്യമാണ്. പുണ്യറസൂല്‍(സ്വ) യുടെ ഹൃദയം പുറത്തെടുത്ത് ക്ലീനിങ് നടത്തിയത് ഒന്നിലധികം തവണ ആവര്‍ത്തിച്ചതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. ഹാര്‍ഡ്വെയറിലെ ശുദ്ധീകരണ ശേഷം സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ടാണ് ഈ ക്ലീനിങ്ങുകള് എല്ലാം നടത്തിയിട്ടുള്ളത്. സ്വര്‍ണത്തളികയില്‍ ജ്ഞാനവും യുക്തിയും കൊണ്ടുവന്ന് ഹൃദയത്തിലേക്ക് ഒഴിച്ചതായി ഹദീസില്‍ കാണുന്നത് ഈ ‘ഇന്‍സ്റ്റാളേഷനെ’ യാണ് മനസ്സിലാക്കിത്തരുന്നത്. ഡാറ്റകള്‍ സ്വീകരിക്കാനും ഓപണ്‍ ചെയ്യാനും ആവശ്യമായ സോഫ്റ്റ്വെയറുകള് സ്വര്ണത്തളികയെന്നു് പരിചയപ്പെടുത്തിയ പ്രത്യേക ഇലാഹീ സി.ഡി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു അവിടെ. കുട്ടിക്കാലത്ത് ഹലീമ ബീവി(റ) യുടെ കൂടെ താമസിച്ചിരുന്ന കാലത്ത് ഇത്തരം ഒരു ക്ലീനിങ് നടത്തിയതിനു പുറമെ വഹ്യിന്റെ സമാരംഭത്തോടടുത്തും ഇസ്റാഇന് തൊട്ടുമുന്‍പും ഇങ്ങനെ നടന്നതായി കാണാം. ഓരോന്നും പുതിയ ലക്ഷ്യങ്ങളും പ്രയോജനങ്ങളും മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരുക്കങ്ങളായിരുന്നു. ഏറ്റവും ആദ്യത്തേത് അന്ന് നിലവിലുണ്ടായിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മറ്റുമായ പലതരം വൈറസുകളില്‍ നിന്നും സംരക്ഷണംനല്‍കാനും രണ്ടാമത്തേത് ഇലാഹീ സന്ദേശങ്ങളെ സപ്പോര്‍ട്ട് ചെയ്യാനും ‘ആക്സസിംങ് കോണ്ഫിഗറേഷന് കപ്പാസിറ്റി’ നേടിക്കൊടുക്കാനും മൂന്നാമത്തേത് ആകാശാരോഹണവും വിശുദ്ധദര്ശനവും താണ്ടാനുള്ള ആര്‍ജവം സമ്പാദിക്കാനും വേണ്ടിയുള്ള പ്രത്യേക ഹാര്ഡ്വെയര് അപ്ഡേഷനുമായിരുന്നു.
കംപ്യൂട്ടറില്‍ നിന്ന് മൊബൈല്‍ പോലുള്ള ചെറിയ ഡിവൈസുകളിലേക്ക് ഡാറ്റകള്‍ കൈമാറണമെങ്കില്‍ പ്രത്യേക ‘മൊബൈല്‍ ഡാറ്റാ കണ്‍വര്‍ട്ടര്‍’ പോലുള്ള സോഫ്റ്റ്വെയറുകള് ആവശ്യമായതുപോലെ, അഭൗമപരിവേഷമുള്ള മലക്കില്നിന്നും മനുഷ്യപ്രകൃതിയിലേക്ക് ദിവ്യസന്ദേശം കൈമാറാനും ഇത്തരം ‘കണ്‍വര്‍ട്ടര്‍’ വേണ്ടിവരുമല്ലോ. ഇത്തരം കണ്‍വര്‍ട്ടര്‍ സോഫ്റ്റ്വെയറും മറ്റു അപ്ഡേഷനുകളും നടത്തിയില്ലായിരുന്നെങ്കില്‍ ഈ കൈമാറ്റം അസാധ്യമായിരിക്കുമെന്നതിന് മൂസാ നബി(അ) യുടെ സംഭവം നമുക്ക് തെളിവാണ്. ഇലാഹീ ദര്‍ശനം ആഗ്രഹിക്കുകയും അപേക്ഷിക്കുകയും ചെയ്തപ്പോള്‍ താങ്കള്‍ക്കതിന് സാധ്യമല്ലെന്നും അത് പ്രായോഗികമായി ബോധ്യപ്പെടുത്തിയതും നമുക്കറിയാമല്ലോ.
ജിബ്രീല്‍(അ) നെ യഥാര്ഥരൂപത്തില് രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂവെന്നും മനുഷ്യരൂപം സ്വീകരിച്ച് പ്രത്യക്ഷപ്പെടാറാണ് പതിവെന്നും ചിലപ്പോള്‍ മണിമുഴക്കം പോലെ അനുഭവപ്പെടുന്ന ഒരു പ്രത്യേക ശൈലിയില്‍ സന്ദേശം എത്തിക്കപ്പെടാറുണ്ടെന്നും നബി(സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ ഏറ്റവും ലഘുവും താരതമ്യേന പ്രയാസമില്ലാത്തതുമായ രൂപമാണ് ആദ്യം പറഞ്ഞ രൂപം. കാരണം, ഇവിടെ മലക്ക് മനുഷ്യരൂപം പൂണ്ട് നേരിട്ടുവന്ന് കണ്ടുമുട്ടുമ്പോള്‍ സിസ്റ്റങ്ങള്‍ തമ്മിലുള്ള സ്വാഭാവിക ചേര്ച്ചയുണ്ടാകുന്നുണ്ട്. കേബിള്‍ വഴി കണക്റ്റ് ചെയ്യുന്നത് ബ്ലൂടൂത്ത്, വൈഫൈ പോലുള്ള അദൃശ്യരീതികളെക്കാള് സരളമായിരിക്കുമെന്നതാവാം ഇതിനു കാരണം.
യഥാര്‍ഥ രൂപത്തില്‍ മലക്കിനെ കണ്ട നബി(സ്വ) പേടിച്ചുവിറച്ചതും മറ്റും പ്രമാണങ്ങളിലുണ്ട്. എന്നാല്‍, മണിമുഴക്കം പോലെ വഹ്യ് അനുഭവപ്പെടുമ്പോള്‍ താരതമ്യേന പ്രയാസകരവും ബുദ്ധിമുട്ടു തോന്നുന്നതും ആണെന്നും പറഞ്ഞിട്ടുണ്ട്. ബ്ലൂടൂത്ത് വഴിയോ, ഇന്‍ഫ്രാറെഡ് വഴിയോയുള്ള ട്രാന്സ്ഫറിംഗായി വേണം ഇതിനെ അനുമാനിക്കാന്‍. കൂടുതല്‍ എനര്‍ജിയും കപ്പാസിറ്റിയും ഇതിന് വേണ്ടിവരുമെന്നാണ് മനസ്സിലാകുന്നത്. ഒരിക്കല്‍ വഹ്യ് ഇറങ്ങുമ്പോള്‍ സൈദ്(റ) ന്റെ കാല് നബി(സ്വ) യുടെ കാലിനടയില്പെടുന്നവിധം അടുത്തടുത്ത് തൊട്ടുരുമ്മി ഇരിക്കുകയായിരുന്നു, തന്റെ കാലിന്റെ തുടയെല്ല് പൊട്ടിപോകുമോ എന്ന് ഭയപ്പെടുമാറ് സൈദ്(റ) വിന് ഭാരം അനുഭവപ്പെടുകയും പ്രയാസപ്പെടുകയും ചെയ്തതായി അദ്ദേഹം പറയുകയുണ്ടായി. പൂജ്യത്തിനു താഴെ ഏഴും എട്ടും ചിലപ്പോള്‍ കൂടുതലും മൈനസ് സെല്‍ഷ്യസ് തണുപ്പ് അനുഭവപ്പെടാറുള്ള അറേബ്യന്‍ പരിസ്ഥിതിയിലെ കൊടും തണുപ്പ് നമ്മില്‍ പലരും അനുഭവിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമാണ്. പ്രത്യുത ശൈത്യകാലത്തുപോലും വഹ്യ് ഇറങ്ങിത്തീരുമ്പോഴേക്ക് നബി(സ്വ) വിയര്‍ത്ത് വിയര്‍പ്പുകണങ്ങള്‍ നെറ്റിയിലും മറ്റും കാണപ്പെടാറുണ്ട് എന്ന് സ്വഹാബികള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇവിടെ പ്രസ്താവ്യമാണ്. വഹ്യ് ഏറ്റെടുക്കുമ്പോള്‍ ശാരീരികമായി നബി(സ്വ) അനുഭവിക്കുന്ന പ്രയാസവും സഹനവും ഇതില്‍ നിന്ന് മനസ്സിലാക്കാം.
ബ്ലൂടൂത്ത്വഴിയും മറ്റും സെറ്റുകള്‍ തമ്മില്‍ ഡാറ്റാകൈമാറ്റം നടത്തുന്നതിനുമുന്‍പ് ് പെയറിംഗ് ആവശ്യമുള്ളതുപോലെ മലക്കും മനുഷ്യനും തമ്മിലുള്ള സന്ദേശകൈമാറ്റത്തിനും ഒരു പെയറിംഗ് ജിബ്രീല്‍(അ) ന്റെ അണച്ചുകൂട്ടലിലൂടെ നടന്നതായി അനുമാനിക്കാം. മൂന്നുപ്രാവശ്യം നബി(സ്വ) യെ ജിബ്രീല്‍(അ) അണച്ചുചേര്ത്തതായും അതിന്റെയെല്ലാം ശക്തിയില്‍ നബി(സ്വ) ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും നബി(സ്വ) പറഞ്ഞിട്ടുണ്ട്.
അല്ലാഹുവിന്റെ അസ്ലിയ്യായ വിശേഷണങ്ങളില്‍പെട്ടതാണ് കലാം(സംസാരം). എന്നാല്‍, അക്ഷരങ്ങളോ ശബ്ദങ്ങളോ ആവശ്യമില്ലാത്തതും നമുക്ക് ഊഹിക്കാന്‍ കഴിയാത്തവിധം അന്യവുമായ ഈ കേവല ഗുണം നമുക്ക് പ്രാപ്യവും ഗ്രാഹ്യവുമായ രീതിയില്‍ കണ്‍വെര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് സൃഷ്ടികളായ നാം അതിന് നിര്ണിതരാവുന്നതും. അതിലടങ്ങിയ ആശയങ്ങളാല്‍ ബന്ധിതരാവുന്നതും. സ്ഥലകാല ഭേദങ്ങളോ സമൂഹ-വ്യക്തി വൈചാത്യങ്ങളോ കാരണമുള്ള വിവിധ നിയമമാറ്റങ്ങള്‍ ഇലാഹീ കല്പനയില് കണ്ടുവരുന്നത് പ്രത്യുത സത്തയില്‍ ബഹുത്വവും വൈവിധ്യവും ഉള്ളതുകൊണ്ടല്ല. അത് ഏകവും കേവലവുമായ ഒരു ഗുണം മാത്രമാണ്. പക്ഷേ, കണ്വര്ട്ടിംഗിലൂടെ നമ്മോടു ബന്ധപ്പെടുമ്പോള്‍ മാത്രം കല്പന, നിരോധനം, ഉപദേശം, ഉദാഹരണം, ചരിത്രവിവരണം, പ്രവചനം തുടങ്ങി പലതായി മാറുകയാണു ചെയ്യുന്നത്. ഭാഷാവ്യത്യാസവും ശൈലീമാറ്റവും മറ്റു പലവിധ പരിമിതികളും, സൃഷ്ടിസൗഖ്യവുമെല്ലാം ഉണ്ടായിത്തീരുന്നത് സൃഷ്ടിബന്ധത്തിനായി കണ്‍വെര്‍ട്ട് ചെയ്യപ്പെട്ടശേഷം മാത്രമാണ്. സ്രോതസില്‍ ഏകത്വവും കേവലത്വവുമുള്ളതോടു കൂടി സ്വീകരണവേളയില്‍ ബഹുത്വവും വൈവിധ്യവും എങ്ങനെ വരുന്നുവെന്നത് ഒരു ഉദാഹരണത്തിലൂടെ വിവരിക്കാം. ഒരു സ്ഥാപനത്തില്‍ സമയം അറിയിക്കാന്‍വേണ്ടി സാധാരണയായി ബെല്‍ ഉപയോഗിക്കാറുണ്ടല്ലോ. ഈ ബെല്‍ മുഴങ്ങുമ്പോള്‍ സ്ഥാപനത്തിലെ വിവിധതരം ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവര്‍ പ്രത്യുത ബെല്‍ മുഴക്കത്തിന്റെ ആശയം അവരവരുടെ കടമകള്‍ക്കനുസൃതമായി മനസ്സിലാക്കുന്നു. വിദ്യാര്‍ഥികള്‍ അവരവരുടെ പഠനസാമഗ്രികളുമായി ക്ലാസിലെത്തണമെന്നും, അധ്യാപകര്‍ അവരുടെ ചുമതല നിര്‍വഹണത്തിന് പുറപ്പെടണമെന്നും, പാചകക്കാര്‍ തങ്ങളുടെ പാചകവൃത്തി പെട്ടെന്നു പൂര്‍ത്തീകരിക്കണമെന്നും, ഓഫിസ് ജീവനക്കാര്‍ അവരവരുടെ ഡ്യൂട്ടികളില്‍ മുഴുകണമെന്നും തുടങ്ങി പലതുമാണ് ബെല്ലിലൂടെ ഉള്‍ക്കൊള്ളുന്നത്. വിദ്യാര്‍ഥിയോട് ഇനി നിന്നെ പുറത്തു കാണരുത്, വേഗം പുസ്തകമെടുത്ത് ക്ലാസില്‍ പോകണമെന്നും, അധ്യാപകരോട് കുട്ടികളുടെ അറ്റന്‍ഡന്‍സ് പരിശോധിച്ചു അധ്യാപനത്തിനു തുടക്കം കുറിക്കണമെന്നും, പാചകക്കാരനോട് പെട്ടെന്നുതന്നെ തീ കത്തിച്ച് വേവിച്ച ഭക്ഷണം തയ്യാര്‍ ചെയ്യണമെന്നും ഒക്കെ ആ ഒരു മണിനാദം കല്പിക്കുകയും വീഴ്ചപാടില്ലെന്ന് നിരോധിക്കുകയും ചെയ്യുന്നു. കേവലം ഒരു ബെല്‍മുഴക്കം ഇങ്ങനെ പലരോട് പലവിധ ഉത്തരവുകളായി പരിണമിക്കുന്നതു പോലെ അല്ലാഹുവിന്റെ കലാം ഏകമായതോടെത്തന്നെ സൃഷ്ടികളായ നമ്മിലേക്ക് ബന്ധിപ്പിക്കപ്പെടുമ്പോള്‍ വൈവിധ്യം കൈവരിക്കുകയാണ് ചെയ്യുന്നത്.
ആദമിലൂടെ മനുഷ്യോല്പത്തിക്ക് തുടക്കം കുറിക്കുമ്പോഴും അന്ത്യനാളില്‍ സര്‍വനാശം സംഭവിക്കുമ്പോഴും ഒരു വ്യത്യാസവുമില്ലാതെ തുടരുന്ന അല്ലാഹുവിന്റെ കലാമാകുന്ന വിശേഷണം വിവിധ സമുദായങ്ങള്‍ക്ക് വ്യത്യസ്ത ശരീഅത്തുകള്‍ സമ്മാനിച്ചത് ഈ വിധത്തില്‍ വേണം ഉള്‍ക്കൊള്ളാന്‍. സാമൂഹ്യ വളര്‍ച്ചയ്ക്കും വിവിധ ചുറ്റുപാടുകള്‍ക്കും യോജിച്ച വിവിധ നിര്‍ദേശങ്ങളായി പരിണമിക്കുന്നത് ഒരേഒരു കേവല ഗുണം മാത്രം.
ഒരൊറ്റ സന്ദേശം പലരോട് പലതായി പരിണമിക്കുന്നതിന് ഒരു ഉദാഹരണം കൂടി പറയാം, മുകളിലും താഴെയും ഇടതും വലതും മുന്നിലും പിന്നിലുമായി പല മുറികളിലായി പലതരം കാര്യങ്ങളില്‍ ഏര്‍പ്പെട്ട മക്കളോടായി നടുവിലെ മുറിയില്‍ നിന്നുകൊണ്ട് മാതാവ് വരിന് മക്കളെ എന്ന് സന്ദേശം കൈമാറിയാല്‍, ചിലരോട് കയറൂ എന്നും ചിലരോട് ഇറങ്ങൂവെന്നും ഇടത്തോട്ട് നടക്കൂ, വലത്തോട്ട് നടക്കൂ, നേരെ നടക്കൂ, തിരിഞ്ഞുനടക്കൂ എന്നെല്ലാം അതിന് അര്‍ഥം ഓരോരുത്തരായി മനസ്സിലാക്കിയെടുക്കുമ്പോഴാണ് മാതാവിന്റെ സന്ദേശം പ്രയോഗവല്‍ക്കരിക്കാന്‍ ആ മക്കള്‍ക്ക് സാധിക്കുന്നത്.
അല്ലാഹുവിന്റെ സത്തയും വിശേഷണവുമെല്ലാം നമുക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധം ഉന്നതവും ശ്രേഷ്ഠവും അപ്രാപ്യവുമായതിനാല് മനുഷ്യപരിമിതികളില്‍ നിന്നുകൊണ്ട് അല്ലാഹുവിനെ ഓര്‍ക്കുകയും സൃഷ്ടിസാമ്യതകള്ക്കതീതമായ വിശുദ്ധിയും പ്രത്യേകതയും അതിനുണ്ട് എന്ന് മനസ്സിലാക്കി എങ്ങനെ എന്ന ചോദ്യത്തെ അകറ്റി നിര്‍ത്താന്‍ പരിശീലിക്കുകയും വേണം. അല്ലാഹു നമുക്ക് ജ്ഞാനം നല്കി അനുഗ്രഹിക്കട്ടെ. സ്വര്‍ഗത്തില്‍ ദര്‍ശനം നല്കി സായൂജ്യം അടയാനും നിര്വൃതികൊള്ളാനും ഭാഗ്യം നല്കട്ടെ. മാതാപിതാക്കള്‍, ഗുരുവര്യര്‍, കൂട്ടുകുടുംബ ബന്ധുമിത്രാതികള്‍ തുടങ്ങി നമ്മുടെ എല്ലാവര്ക്കും ഇതില്‍ പങ്കാളിത്തം നല്കട്ടെ. ആമീന്‍.