ശൈഖുനാ കാളമ്പാടി ഉസ്താദ് കാലത്തെ കാത്തുവെച്ച കര്‍മ്മയോഗി

ഉസ്താദ് സുലൈമാന്‍ ഫൈസി ചുങ്കത്തറ

ശൈഖുനാ കാളമ്പാടി ഉസ്താദ്, കാലത്തിന്റെ അനന്തമായ പ്രയാണവിഥിയില്‍ കര്‍മ്മം കൊണ്ട് കനകം വിരിയിച്ച കര്‍മ്മയോഗി. പാണ്ഡിത്യത്തിന്റെ ഗരിമയും വിനയത്തിന്റെ വിശുദ്ധിയും സമജ്ജസമായി സമ്മേളിച്ചപ്പോഴാണ് കാളമ്പാടി ഉസ്താദെന്ന ഉഖ്‌റവിയായ പണ്ഡിതന്‍ ജന്മമെടുക്കുന്നത്. ആ പക്വപൂര്‍ണ്ണമായ നേതൃത്വം സമുദായം ഇന്നും കൊതിക്കുന്നു. പക്ഷേ, ജഗന്നിയന്താവിന്റെ അലംഘനീയമായ വിധിയെ തടുക്കാന്‍ നമുക്കാവില്ലല്ലോ.
നീണ്ട പതിനാല് വര്‍ഷം റഈസുല്‍ ഉലമാ കാളമ്പാടി ഉസ്താദിനെ അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചു. മുസ്‌ലിം കൈരളിയുടെ പരമോന്നത പണ്ഡിത സഭയുടെ അദ്ധ്യക്ഷത വഹിക്കുന്ന സമയവും അല്ലാത്ത സമയവും ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ഉസ്താദിന്റെ പൊതു ജീവിതത്തിലെന്നപോലെ വൈയക്തിക ജീവിതത്തിലും പലപ്പോഴും കൂടെയുണ്ടായിരുന്നു. അതെല്ലാം മനസ്സിന്റെ ഓളങ്ങളില്‍ മായാത്ത ഓര്‍മ്മകളായി വിളങ്ങി നില്‍ക്കുന്നു. ഉസ്താദിന്റെ ജീവിത ചിത്രങ്ങള്‍ നഗ്ന നേത്രങ്ങളെകൊണ്ട് ദര്‍ശിച്ചപ്പോള്‍ അമ്പിയാഇന്റെ അനന്തരാവകാശികളില്‍ പെട്ടവര്‍ തന്നെയാണെന്ന് കൂടുതല്‍ ബോധ്യമായി പ്രകടനപരതകള്‍ കൊണ്ട് പൊതുജന ശ്രദ്ധ നേടുകയും സ്വകാര്യ ജീവിതത്തില്‍ താന്തോന്നിവാസം നടത്തുകയും ചെയ്യുന്നവര്‍ക്ക് ശൈഖുനായുടെ ജീവിതം വലിയ പാഠങ്ങള്‍ നല്‍കുന്നുണ്ട്. ജീവിതത്തിന്റെ ചലനാതിചലനങ്ങളിലഖിലവും സ്രഷ്ടാവായ നാഥന്റെ വിധിവിലക്കുകള്‍ക്ക് വിധേയമായിരുന്നു.
ഏറെ ക്ലേശപൂര്‍ണ്ണമായിരുന്നു മഹാനവര്‍കളുടെ വിദ്യാര്‍ത്ഥി ജീവിതം എന്ന് ശൈഖുനാ പറയുമായിരുന്നു. തൊട്ടില്‍ മുതല്‍ കട്ടില്‍ വരെയാണ് പഠനസമയമെന്ന് ഉസ്താദിന് ഉത്തമബോധ്യമുണ്ടായിരുന്നു. ശാരീരികാസ്വസ്ഥതകളെ വകവെക്കാതെ ഒരുപാട് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ക്ലേശപൂര്‍ണ്ണമായി ഹൃദ്യസ്ഥമാക്കിയ വിജ്ഞാനങ്ങളെ ജീവിതത്തില്‍ പകര്‍ത്തുക കൂടി ചെയ്തിരുന്നു അല്ലെങ്കിലും പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഒരാള്‍ക്ക് ഉഖ്‌റവിയായ പണ്ഡിതനാവാന്‍ സാധ്യമാവുക. ഉസ്താദിന്റെ സബ്ഖുകള്‍ക്കൊക്കെ സ്വതസിദ്ധമായ അനുകരണീയമായ പ്രത്യേക ശൈലി തന്നെയുണ്ടായിരുന്നു.
തന്റെ ജീവിതത്തിലെ ശൈശവ ഘട്ടം മാറ്റി നിര്‍ത്തിയാല്‍ വിജ്ഞാന സമ്പാദനത്തിനും പ്രസരണത്തിലും മാത്രമായിരുന്നു ഉസ്താദിന്റെ ജീവിതം. പ്രതിസന്ധികളുടെ പേമാരികള്‍ പെയ്തിറങ്ങിയപ്പോള്‍ പഠിച്ചെടുത്ത വിജ്ഞാനത്തിന്റെ പ്രചരണത്തിന് അതീവ തല്‍പരനായിരുന്നു. ഒരു പുരുഷായുസ്സു മുഴുവന്‍ ഉസ്താദ് അതിനു വേണ്ടി ചിലവഴിച്ചു. നാം നിസാരമായി കാണുന്നത് പോലും ഉസ്താദ് അതീവ ജാഗ്രതയോടെയാണ് കണ്ടിരുന്നത്.
മൂത്രമൊഴിക്കാന്‍, പതുക്കെ തുറന്ന പൈപ്പില്‍ നിന്ന് അരക്കൊപ്പ വെള്ളമെടുത്തു നടക്കുന്ന ഉസ്താദിനോട് ഒരാള്‍ പറഞ്ഞു: ‘വെള്ളം ഞാന്‍ കൊണ്ടു വരാം ഉസ്താദെ’ ഇതു തന്നെ എമ്പാടുമുണ്ട് മുസ്‌ലിയാരെ. എന്ന മറുപടി കേട്ട് പ്രസ്തുത പൈപ്പ് തുറന്ന് നോക്കിയപ്പോള്‍ വെള്ളം സുലഭമായിരുന്നു. സമൃദമായി ജലമുള്ള നദിയില്‍ നിന്ന് അങ്ങ് സ്‌നാനം നടത്തുകയാണെങ്കിലും അമിതവ്യയം അരുതെന്ന പ്രവാചകാധ്യാപനത്തിന്റെ പ്രാവര്‍ത്തിക രൂപമായിരുന്നു അത്. അത്രമേല്‍ പരിശുദ്ധമായിരുന്നു ഉസ്താദിന്റെ മഹനീയ ജീവിതം.
നബി(സ്വ) യുടെ പാത പിന്‍പറ്റി മിത ഭക്ഷണം തന്നെയായിരുന്നു ഉസ്താദിന്റെ ശീലം. അമിത ഭോജനം ഗുണത്തേക്കാളേറെ ദോഷമെ വരുത്തൂ അത് പോലെ നബി(സ്വ) ക്ക് ജവാമിഉല്‍ കലിമ് നല്‍കി അനുഗ്രഹിക്കപ്പെട്ടിരുന്നുവെന്ന് പണ്ഡിതന്മാര്‍ നമ്മെ പഠിപ്പിക്കുന്നു.
ഹൃസ്വവും സന്ദര്‍ഭോജിതവുമായിരുന്നു ഉസ്താദിന്റെ സംസാരം. സമുദായ നേതൃത്വത്തിലിരുന്നവരുടെ വാക്കുകളേക്കാള്‍ ജനം നെഞ്ചിലേറ്റുന്നത് അവരുടെ പ്രവര്‍ത്തങ്ങളായിരുന്നു. അഥവാ പ്രബോധകന്റെ ജീവിതമാണ് ഏറ്റവും വലിയ പ്രബോധനം.
ഭൗതിക ലോകത്ത് ഞാന്‍ പരിഗണിക്കപ്പെടരുത് മറിച്ച് പരലോകത്തെ പരിഗണനയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് ഉറച്ചബോധം ഉസ്താദിന് ഉണ്ടായിരുന്നു. അവിടുത്തെ പ്രവര്‍ത്തനങ്ങളിലും നടത്തത്തിലും ഇരുത്തത്തിലും അതായിരുന്നു പ്രകടമായിരുന്നത്.
എന്റെ ജീവിതത്തിലെ അതുല്ല്യവും അവാജ്യവുമായ അനുഗ്രഹമാണ് ഉസ്താദിന്റെ സാനിദ്ധ്യവും സാമീപ്യവും എന്റെ ജീവിതാന്ത്യം വരെ നന്മയുടെ വെളിച്ചം വിതറിത്തരാന്‍ പാകമായിരുന്നു ഉസ്താദിന്റെ ജീവിതം. ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃകാ യോഗ്യമായിരുന്നു ആ ധന്യ ജീവിതം.
ജാമിഅഃ യിലെ പഠനകാലം
വൈവിദ്യമായിരുന്നു ഉസ്താദിന്റെ ക്ലാസുകള്‍. ക്ലാസ് തുടങ്ങുന്നതിലും അവസാനിപ്പിക്കുന്നതിലും കൃത്യനിഷ്ഠ പാലിച്ചിരുന്നു. പീരിയഡിന്റെ മുഴുവന്‍ സമയവും ഉപയോഗപ്പെടുത്തുമായിരുന്നു. ആര്‍ക്കും മനസ്സിലാകുന്ന സരളമായ ഭാഷയിലായിരുന്നു ഉസ്താദിന്റെ വിശദീകരണം. ചോദ്യത്തിനനുസരിച്ചായിരുന്നു വിശദീകരണത്തിന്റെ വ്യാപ്തി. വിശദീകരണം ആവശ്യമുള്ള ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ചോദ്യം പ്രതീക്ഷിച്ച് ശബ്ദം പതുക്കെയാക്കും. സംശയം ചോദിക്കാന്‍ അവസരമൊരുക്കും.
ഒരിക്കല്‍ ഒരു വിഷയസമ്പന്ധിയായ ചോദ്യത്തിനു മറുപടി മുക്കാല്‍ മണിക്കൂര്‍ നീണ്ടു പോയി. അന്ന് രാത്രി റൂമില്‍ ചെന്നു സംശയം ക്ലാസില്‍ നിന്നു ചോദിക്കുമ്പോള്‍ എല്ലാവര്‍ക്കും ഉപകാരപ്രദമാണ് എന്ന് വിചാരിച്ചാണ് ഉസ്താദിന് പ്രയാസമാണെങ്കില്‍ റൂമില്‍ വന്നു ചോദിക്കാം. എന്നു പറഞ്ഞപ്പോള്‍ ഉസ്താദ് പറഞ്ഞു: മുസ്‌ലിയാരെ, ചോദ്യം ഉണ്ടാവണം ഇങ്ങനെ സംശയമൊന്നുമില്ലെങ്കില്‍ ക്ലാസിന് എന്ത് രസമാണ് ? അതിനാണ് വായനക്കിടയില്‍ ഞാന്‍ സൗകര്യപ്പെടുത്തുന്നത്. എന്നാണ് ഉസ്താദ് മറുപടി പറഞ്ഞത്. സംശയം ചോദിക്കലും മറുപടിയും ഉസ്താദിന് വളരെ ഹരമായിരുന്നു. കൗതുകകരമായ ഉദാഹരണത്തിലൂടെയായിരുന്നു ഉസ്താദ് മസ്അല വിശദീകരിച്ചിരുന്നത്.
ഒന്നാം വര്‍ഷം ഉച്ചക്ക് ശേഷമായിരുന്നു അബൂദാവൂദ് ക്ലാസ്. എല്ലാ വ്യാഴാഴ്ച്ചകളിലും ഉച്ചക്ക് ശേഷം ക്ലാസെടുത്തിട്ടെ ഉസ്താദ് പോയിരുന്നുള്ളൂ. ഉസ്താദിന്റെ ക്ലാസ് വലിയ താല്‍പര്യമായിരുന്നത് കൊണ്ട് അത് നഷ്ടപ്പെടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുമായിരുന്നു.
2001 ലാണ് ഞാന്‍ ജാമിഅഃയുടെ ഖാദിമായി മാറുന്നത്. അന്ന് ഉസ്താദ് തന്ന ഉപദേശ നിര്‍ദേശങ്ങള്‍ ഇന്നും കല്ലില്‍ കൊത്തിവെച്ചപോലെ ഹൃദയത്തിലുണ്ട്. ഇതു ജാമിഅഃ നൂരിയ്യഃ യാണ്. ഇവിടെ ശംസുല്‍ ഉലമയും കോട്ടുമല ഉസ്താദും അതുപോലുള്ള വലിയ മഹാന്മാര്‍ ദര്‍സ് നടത്തിയതാണ്. ഇവിടെ ദര്‍സ് നടത്തുക എന്നത് നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ഞങ്ങള്‍ വര്‍ഷങ്ങളായിട്ട് ചെറുപ്പക്കാരായ രണ്ടാളുകളെ ഉസ്താദുമാരായി നിയമിക്കണമെന്നുള്ളത് നോട്ടം ചെയ്തിരുന്നു(ശ്രദ്ധിച്ചിരുന്നു എന്നതിന് നോട്ടം ചെയ്തിരുന്നു എന്നാണ് ഉസ്താദ് ഉപയോഗിച്ചിരുന്നത്) അങ്ങനെയാണ് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. അത് കൊണ്ട് നിങ്ങള്‍ കിതാബ് കര്‍റാത്ത് മര്‍റാത്ത് നോക്കി മുതാലഅ ചെയ്യണം. ഇതിനു ശേഷമെ ചൊല്ലിക്കൊടുക്കാന്‍ പാടുള്ളൂ. വലിയ കിതാബുകള്‍ മുതാലഅ ചെയ്യുന്നതിനു പുറമെ ചെറിയ കിതാബുകള്‍ അല്‍ഫിയ, ഫതഹുല്‍ മുഈന്‍ അതുപോലെ ഒരു ഉസൂലിന്റെ നിരന്തരം മുതാലഅ ചെയ്യണം. ഇതായിരുന്നു ആ സാരസമ്പൂര്‍ണ്ണമായ ഉപദേശം. ഇതു കേവലം ഉപദേശമായിരുന്നില്ല. മറിച്ച് ഉസ്താദിന്റെ ശൈലിയും അങ്ങനെയായിരുന്നു. അല്‍ഫിയയും ഫതഹുല്‍ മുഈനും എപ്പോഴും ഉസ്താദിന്റെ റൂമിലുണ്ടായിരുന്നു.
ഒരു മുസ്‌ലിയാരെ സംബന്ധിച്ചിടത്തോളം അഹമ്മും മുഹിമ്മുമായി വിഷയം കിതാബും മുതാലഅയാണെന്ന് ഉസ്താദ് പറയാറുണ്ടായിരുന്നു. പടിച്ചിറങ്ങിയവര്‍ക്ക് പാഠമായി ഉസ്താദ് പറയുമായിരുന്നു ഒരു ആശാരി ഉളി അന്വേഷിച്ച് മറ്റൊരു ആശാരിയെ തിരഞ്ഞു നടക്കാറില്ല ഒരു ആശാരിയോട് കൈല് കുത്തിത്തരണമെന്ന് പറഞ്ഞാല്‍ അയാള്‍ ഉളിയും മറ്റും തേടി മറ്റൊരാശാരിയെതേടിപ്പോകാറില്ല. അതുപോലെ നമ്മുടെ അടുത്ത് ആരെങ്കിലും മസ്അല ചോദിച്ചാല്‍ ഞാന്‍ വേറൊരു മുസ്‌ലിയാരെ സമീപിക്കട്ടെയെന്ന ഗതികേട് ഉണ്ടാവാന്‍ പാടില്ല. എന്തുകാര്യത്തിലും കിതാബിയ്യായ ഒരടിത്തറ ഉണ്ടാക്കിയെടുക്കണമെന്ന് ഉസ്താദ് പറയുമായിരുന്നു. അതിലും ഉസ്താദ് മാതൃക കാണിച്ചിരുന്നു. ഏത് വിഷയത്തിലും സ്വന്തം നഖ്‌ല് എഴുതിയുണ്ടാക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. പ്രസംഗത്തിനു പോകുമ്പോഴും കുറിപ്പു തയ്യറാക്കും, അത് കണ്ണടയുടെ കവറില്‍ കരുതുമായിരുന്നു.
ഭൗതികതയോട് വിരക്തി
ഏതു വിഷയത്തിലും ഭൗതികമായ ഒരു താല്‍പര്യവും ഉസ്താദിന് ഉണ്ടായിരുന്നില്ല. ആരോടും ഒരു വിഷയത്തിലും പരാതി ഉണ്ടായിരുന്നില്ല. ഉസ്താദിന് ലഭിക്കുന്ന ഭക്ഷണം അരുചികരമായി തോന്നിയപ്പോള്‍ ഞാന്‍ ഒരിക്കല്‍ ചോദിച്ചു: ഇത് കാന്റീനില്‍ പോയി പറഞ്ഞാലോ? ഇതിനുമറുപടിയായി ഉസ്താദ് പറഞ്ഞത് ”മുസ്‌ലിയാരേ.. ഇതു പത്തഞ്ഞൂറ് കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് അവര്‍(കാന്റീന്‍ ജീവനക്കാര്‍) തിജ്ജത്ത് പണി എടുക്കുന്നവരാണ്. അവരെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. കിട്ടുന്നത് തിന്നുക(ഉസ്താദിന് വേണ്ട രീതിയില്‍ ഭക്ഷണം പാകം ചെയ്യാന്‍ തയ്യാറുള്ള ജീവനക്കാരാണ് കാന്റീനില്‍ ഉള്ളത്)”
തനിക്കു വേണ്ട കാര്യങ്ങള്‍ മുഴുവന്‍ സ്വയം ചെയ്തിരുന്നു.പരാശ്രയത്വം ഉസ്താദ് ഇഷ്ട്ടപ്പെട്ടിരുന്നില്ല. നടന്നു വരുമ്പോള്‍ കയ്യിലുള്ള കവര്‍ പോലും മറ്റൊരാളെ ഏല്‍പിക്കുമായിരുന്നില്ല. അവസാനം വരെ അങ്ങനെ തന്നെ തുടര്‍ന്നുപോന്നിരുന്നു. വഫാത്താകുന്നതിന്റെ തലേദിവസം തിങ്കളാഴ്ച്ച ഞാന്‍ ഉസ്താദിനോടു ചോദിച്ചു: ഉസ്താദേ കാലില്‍ വല്ലാത്ത നീരാണല്ലോ? അതുകൊണ്ട് ഇനിയിപ്പോള്‍ വണ്ടി വാങ്ങിയിട്ടില്ലെങ്കില്‍ പ്രയാസമാണല്ലൊ? അതിനു ഉസ്താദിന്റെ മറുപടി ഇങ്ങനെയായിരന്നു:”മുസ് ലിയാരേ, എനിക്ക് എപ്പോഴെങ്കിലും ഒരു യാത്ര പോകണമെന്നു കരുതി ലക്ഷങ്ങള്‍ കൊടുത്ത് ഒരു വണ്ടി, ആയിരങ്ങള്‍ കൊടുത്തൊരു ഡ്രൈവര്‍, അയാള്‍ക്കു താമസ സൗകര്യം, ഭക്ഷണം ഇതൊക്കെ എങ്ങനെയാണ് ശരിയാവുക?”
യഥാര്‍ത്ഥ പാണ്ഡിത്യത്തിന്റെ ഗരിമ
സഈദുബ്‌നു മുസയ്യബ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരമുണ്ട്.ഉഖ്‌റവിയ്യായ പണ്ഡിതന്‍ ആരേയും ഭയപ്പെടില്ല. ഉമറാക്കളെ ഭയപ്പെടുന്ന പണ്ഡിതന്മാര്‍ കള്ളന്മാരാണെന്ന് മനസ്സിലാക്കണം. പരിശുദ്ധമായ ദീനിന്റെ ആദര്‍ശം തുറന്നുപറയാന്‍ എവിടെയും ഉസ്താദ് ആര്‍ജ്ജവം കാണിച്ചിരുന്നു. ചോദ്യകര്‍ത്താവിനനുസരിച്ചായിരുന്നു ഉസ്താദിന്റെ മറുപടി.
ജാമിഅഃ സമ്മേളനത്തിന്റെയന്ന് ഒരു മുതലാളി ഉസ്താദിന്റെ റൂമില്‍ വന്ന് ത്വലാഖിന്റെ മസ്അല ചോദിച്ചു, അപ്പോള്‍ ഉസ്താദ് തിരിച്ചു ചോദിച്ചു: നിങ്ങളുടെ ഭാര്യയെ ത്വലാഖ് ചൊല്ലിയിട്ടുണ്ടോ? ഇല്ല നിങ്ങളുടെ മരുമകളെ ചൊല്ലിയിട്ടുണ്ടോ? ഇല്ല പിന്നെ എന്തിനാണ് നിങ്ങള്‍ ത്വാലാഖിന്റെ മസ്അല ചോദിക്കുന്നത്? അയാള്‍ പറഞ്ഞു: ഞാന്‍ മഹല്ല് പ്രസിഡന്റാണ്. അപ്പോള്‍ ഉസ്താദ് പറഞ്ഞു, നിങ്ങളെ മഹല്ല് പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോള്‍ നാട്ടിലെ മസ്അലകള്‍ പറഞ്ഞുകൊടുക്കാന്‍ ജനറല്‍ ബോഡി നിങ്ങളെ അധികാരപ്പെടുത്തിയിട്ടുണ്ടോ? ഹാജിയാര്‍ വേഗം സ്ഥലം വിട്ടു.
2001 ജാമിഅഃ യുടെ സമ്മേളന വേദിയില്‍ ഒരാള്‍ സമസ്തയുടെ ആദര്‍ശത്തിനു വിരുദ്ധമായി ഇങ്ങനെ പറഞ്ഞു: നിങ്ങളോട് എനിക്കൊരപേക്ഷയുണ്ട്, നിങ്ങള്‍ ആരും സ്ത്രീധനം വാങ്ങരുത്. അത് ഹറാമാണ്. ഇതു കാളമ്പാടി ഉസ്താദിലെ പാണ്ഡിത്ത്യ ബോധം ഉണര്‍ന്നു.മൂന്നാം നിരയില്‍ നിന്നും ശൈഖുന എഴുന്നേറ്റു. ആലിമീങ്ങളുള്ള വേദിയിലാണ് ഓന്‍ ഇങ്ങനെ പറഞ്ഞത്. ഇതിനെതിരെ മൗനം ദീക്ഷിച്ചാല്‍ ദീനിനു വിരുദ്ധമായ ഈ കാര്യം ആലിമീങ്ങള്‍ അംഗീകരിച്ചുവെന്ന് പൊതുജനങ്ങള്‍ മനസ്സിലാക്കും. അതിനു നമ്മള്‍ അവസരം ഉണ്ടാക്കരുത്. ഈ ഘട്ടത്തില്‍ നാട്ടിക ഉസ്താദ് എഴുനേറ്റ് പറഞ്ഞു: മുഹമ്മദ് മുസ്‌ലിയാരേ നിങ്ങളിരിക്കീം… അതൊക്കെ ഞാന്‍ പറഞ്ഞോളാം. അതുകേട്ടപ്പോള്‍ ഉസ്താദ് അടങ്ങിയത്.
ഉസ്താദിന്റെ ഇബാദത്തിന്റെ രീതി ഏറ്റവും അഫ്‌ളലായതായിരുന്നു. സമയമാവുന്നതിന്റെ മുമ്പുതന്നെ വുളൂഅ് ചെയ്തു തയ്യാറായി നില്‍ക്കും ബാങ്ക് വിളിച്ചാല്‍ ഉടനെ പള്ളിയില്‍ പോവും.പുല്‍ച്ചെ നാലു മണിക്ക് റൂമില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തിന്റെ ശബ്ദം റൂമില്‍ നിന്നും കേള്‍ക്കാമായിരുന്നു. കുട്ടികള്‍ ഉണരാനുള്ള ബെല്ലിന്റെ ശബ്ദം കേട്ടാല്‍ ഓത്ത് നിര്‍ത്തും. ആരാധനകളില്‍ ഒരു പ്രകടനപരതയും ഉസ്താദിനുണ്ടായിരുന്നില്ല.
അവസാന നിമിഷം
അവസാന ദിവസം ഉസ്താദ് റൂമില്‍ വന്ന് സുലൈമാന്‍ മുസ് ലിയാര.., എന്ന വിളി ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. ഉസ്താദിന്റെ തൊട്ടടുത്ത റൂമായിരുന്നു എന്റേത്. ഉസ്താദിന്‍ഖെ സൗകര്യാര്‍ത്ഥം വാതില്‍ അടക്കാറില്ല. ഉസ്താദ് വരുന്നത് കാണാന്‍ മുന്‍വശത്തും ബാത്ത്‌റൂമില്‍ പോകുന്നത് അറിയാന്‍ പിന്‍ വശത്തും ജനല്‍ തുറന്നിടാറുണ്ടായിരുന്നു.
വിളികേട്ട് വേഗം ചെന്നപ്പോള്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന ഉസ്താദിനെയാണ് കണാന്‍ കഴിഞ്ഞത്. എന്നെ കാണ്ടയുടനെ രണ്ട് കൈകൊണ്ടും ചുമരില്‍ പിടിച്ച് മെല്ലെ കട്ടിലില്‍ പോയി ഇരുന്നു. ഞാന്‍ ചെന്ന് നെഞ്ച് തടവിക്കൊടുത്തുകൊണ്ടു പറഞ്ഞു: ഉസ്താദേ ആശുപത്രിയിലേക്കു പോവാം, ഇങ്ങനെയിരുന്നാല്‍ പറ്റൂലാ. അപ്പോള്‍ ഉസ്താദ് പറഞ്ഞു: ഇപ്പോഴോ, ഈ സമയം എങ്ങനെ പോവാനാ? ആരേയും ബുദ്ധിമുട്ടിക്കേണ്ട. അവസാനം നിര്‍ബന്ധത്തിന് വഴങ്ങി ഹോസ്പിറ്റലില്‍ പോവാന്‍ സമ്മതിച്ചു. ശേഷം എഴുനേറ്റ് അലമാരയില്‍ നിന്ന് 1000 രൂപ എടുത്തു തന്നു. ”ഇത് കയ്യില്‍ പിടിച്ചോളീം” എന്ന് പറഞ്ഞു. പൈസ എന്റെ കയ്യിലുണ്ടെന്ന് പറഞ്ഞപ്പോള്‍ മുസ് ലിയാരേ, ഇതവിടെ പിടിച്ചോളീം എന്ന് ഒറ്റപ്പറച്ചില്‍. ഇരിക്കുന്നിടത്തു നിന്ന് രണ്ടു കൈയ്യും പിടിച്ച് ജീപ്പില്‍ കയറ്റി. വാഹനത്തില്‍ ഉസ്താദിന്റെ തൊട്ടടുത്തായിരുന്നു ഞാനിരുന്നത്. അപ്പോഴും എനിക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ ഉസ്താദ് വളരെ ശ്രദ്ധിച്ചു. ഞാന്‍ ഇരിക്കുന്ന പ്രയാസം കണ്ട് സ്വയം നീങ്ങിയിരിക്കാന്‍ ബലമില്ലാതിരുന്നിട്ടും ഉസ്താദ് രണ്ടും കൈയ്യും കുത്തിപ്പിടിച്ച് ഡ്രൈവറുടെ ഭാഗത്തേക്ക് നീങ്ങിയിരുന്നു. അപ്പോഴും എന്നെകൊണ്ട് ബുദ്ധിമുട്ടരുതെന്ന നിര്‍ബന്ധമുണ്ടായിരന്നു മഹാന്ന്.
ഉസ്താദിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുകയായിരുന്നു.അല്ലാഹുവിന്റെ ആളുള്‍ക്ക് എപ്പോഴും സഹായത്തിനുണ്ടാവും. എന്റെ മലവും മൂത്രവും ആരും കൊണ്ടുപോയിടാതെ, ഒരു വഖ്ത് നിസ്‌കാരം ഖാളാആക്കാതെ, ഒരാളെയും വിഷമിപ്പിക്കാതെ, ദര്‍സിന് മുടക്കം പറ്റാതെ ഇവിടെനിന്നങ്ങ്ട്ട് പോവണം എന്ന് ഉസ്താദ് ഇടക്കിടെ പറയുമായിരുന്നു. ആ നാലുകാര്യവും ഉസ്താദ് സ്വയം ചെയ്തു. അന്നത്തെ ദര്‍സ് പൂര്‍ണമാക്കി പിറ്റെ ദിവസം ഓതിക്കൊടുക്കാനുള്ളത് മുതാലഅ ചെയ്തു.അതിനിടെ വടകരക്കരന്‍ അബൂബക്കര്‍ വന്നു അദ്ധേഹത്തിന്റെ വിഷമങ്ങള്‍ക്ക് പരിഹാരം പറഞ്ഞുകൊടുത്തു. പള്ളിയില്‍വെച്ച് ഹദ്ദാദ് ചൊല്ലി. ഇശാഅ് നിസ്‌കാരം ജമാഅത്തായി നിസ്‌ക്കരിച്ചു.
അന്ത്യം നന്നാവുക മുത്തഖീങ്ങള്‍ക്കാണ്. ശൈഖുനയുടെ അന്ത്യം പൂര്‍ണ്ണമായും അങ്ങനെയായിരുന്നു. അല്ലാഹ് അല്ലാഹ് എന്ന മധുര മന്ത്രോച്ചാരണം മാത്രമായിരുന്നു. ആദ്യം മൗലാനയിലേക്കും പിന്നെ അല്‍ ശിഫയിലേക്കും കൊണ്ടുപോയി. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഞങ്ങള്‍(റഖീബ് അന്‍വര്‍, ജാമിഅഃയിലെ കുറച്ചു കുട്ടികള്‍) അതിനകത്തു കയറി ഉസ്താദിന്റെ ചാരത്തു നിന്ന് രണ്ട് പ്രാവശ്യം യാസീന്‍ ഓതി. അങ്ങനെ കാളമ്പാടി ഉസ്താദും കാല യവനികക്കുള്ളില്‍ മറഞ്ഞു.
ഭൗതികതയുടെ ജാഡകളില്ലാതെ ആഢംബരത്തിന്റെ കൊട്ടിഘോഷങ്ങളില്ലാതെ വിനയത്തിന്റെ രാജ പാഥയിലൂടെ ഉസ്താദ് നടന്നു നീങ്ങി. പിന്നില്‍ വരുന്നവര്‍ക്കു വഴിവിളക്കുകള്‍ തെളിയിച്ച് കലുശിതമായ ഈ കാലത്ത് അതുല്ല്യമായ ജീവിത ചിത്രം വരച്ചു കാണിച്ചു.
ജ്ഞാനത്തിന്‍ മാണിക്യപ്പൂങ്കുലയേന്തും
ജ്ഞാനിയെപ്പോഴും വിനീതനായേ ചലിക്കൂ
എന്ന കവി വാഖ്യം കാളമ്പാടി ഉസ്താദില്‍ പ്രകടമായിരുന്നു. അല്ലാഹു ഉസ്താദിന്റ കൂടെ നമ്മേയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ.ആമീന്‍.

Leave a Reply

Your email address will not be published. Required fields are marked *