ഹജ്ജും ബലിപെരുന്നാളും: വിശ്വമാനവികതയുടെ വസന്തകാലം

ഉസ്താദ് ഹംസ ഫൈസി അല്‍ ഹൈതമി

ഐക്യം, സമഭാവന, സഹാനുഭൂതി മുതലായ കെട്ടുറപ്പിനെ സഹായിക്കുന്ന കാര്യങ്ങള്‍ക്ക് ഇസ്‌ലാം വളരെ പ്രധാന്യം കല്‍പിക്കുന്നു. ആരാധനാ കര്‍മ്മങ്ങളിലൂടെയും ഇത്തരം ലക്ഷ്യസാക്ഷാത്കാരത്തിന്റെ പരിശീലനവും പ്രോത്സാഹനവും കാണാനാവും. നിസ്‌കാരം ഒറ്റക്ക് നിര്‍വ്വഹിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് സ്ഥാനങ്ങള്‍ മുകളിലാണ് കൂട്ടായ നിസ്‌കാരത്തിനുള്ള മേന്മ. ദൈനം ദിന നിസ്‌കാരങ്ങളിലെല്ലാം ഈ മേന്മ കൈവരുത്താന്‍ പ്രേരിപ്പിക്കുന്നതിനു പുറമെ ആഴ്ച്ചയിലൊരിക്കല്‍ ജുമുഅയിലൂടെ ഒരു പ്രദേശത്തെ മുഴുവന്‍ വിശ്വാസികളും ഒത്തുകൂടി നിര്‍ബന്ധമായും ഈ കൂട്ടായ്മ പ്രാവര്‍ത്തികമാക്കാന്‍ നിസ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവ ദിനങ്ങളായ ഇരു പെരുന്നാളുകളിലും കുറച്ചുകൂടി വിപുലമായ മേഖലാ സംഗമം എന്നോണം പെരുന്നാള്‍ നിസ്‌കാരം നടത്തപ്പെടാനും പ്രോത്സാഹിപ്പിക്കുന്നു.
സകാത്ത് സമ്പ്രദായത്തിലൂടെ സഹാനുഭുതി പ്രകടിപ്പിച്ചു ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം പ്രായോഗികമായി കുറക്കുകയും സമൂഹത്തിന്റെ കെട്ടുറപ്പ് ക്രിയാത്മകമായി ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. നോമ്പിലൂടെ പൈദാഹങ്ങളുടെ നിലയും വിലയും ഒപ്പം ഗുണവും നേടിയെടുക്കാന്‍ ഓരോ പൗരനും അവസരം ഒരുക്കിക്കൊണ്ടുള്ള സാമൂഹ്യ പശ്ചാത്തലം ഒരുക്കപ്പെടുന്നു. ചുരുക്കത്തില്‍ ശഹാദത്തിലൂടെ ആദര്‍ശ ബന്ധം നേടിക്കഴിഞ്ഞ മുഴുവന്‍ സമുദായ മെമ്പര്‍മാരും മറ്റു ഇബാദത്തിലൂടെ കൂട്ടായ്മയുടെ ഒരു ഉദാത്ത നവബോധത്തിലേക്ക് തെളിക്കപ്പെടുകയാണ്. പ്പാദേശിക തലം തൊട്ട് ആഗോളതലം വരെ ഈ പാരസ്പര്യം സൃഷ്ടിക്കപ്പെടുന്നതിന്റെ നേര്‍കാഴ്ച്ചയാണ് ഹജ്ജിലൂടെ രൂപപ്പെടുന്നത്. വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഭാഷ വേഷാദി വൈജാത്യങ്ങള്‍ പോലും ഒഴിവാക്കി ഒരേ മന്ത്രവുമായി ഒരേ യൂണിഫോമില്‍ ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടി വര്‍ഷാവര്‍ഷം ലക്ഷങ്ങളുടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ഹജ്ജ് ആഗോള മുസ്‌ലിം കൂട്ടായ്മയുടെ നിദര്‍ശനമാണ്.
രാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകള്‍ക്കും സംസ്‌കാരിക വൈവിധ്യങ്ങള്‍ക്കും മറ്റുപലതരം സങ്കുചിതത്തങ്ങള്‍ക്കും വിധേയമായി കഴിഞ്ഞുകൂടുന്ന പലതരം മനുഷ്യര്‍ ആദര്‍ശ ബന്ധത്തിന്റെ തീവ്രത ഉള്‍ക്കൊണ്ട് സഹിച്ചും പൊറുത്തും സഹായിച്ചും സഹകരിച്ചും ദിനരാത്രങ്ങള്‍ ഒരുമിച്ചു ജീവിക്കുന്ന ഹൃദ്യമായ കാഴ്ച്ച ഒരു വിസ്മയം തന്നെയാണ്. സെക്‌സും സ്റ്റണ്ടും റൗഡിസവും ഹജ്ജില്‍ പാടില്ല എന്ന ഖുര്‍ആനിന്റെ താക്കീത് ഉള്‍ക്കൊണ്ട്‌കൊണ്ടും പരമാവധി ആത്മ സംയമനം പാലിച്ചുകൊണ്ടുള്ള ലക്ഷങ്ങളുടെ സമാധാനപൂര്‍ണമായ ഈ കൂടിപ്പിരിയല്‍ ചിന്തിക്കുംതോറും അത്ഭുതം ഉളവാക്കുന്നതായി കാണാം. സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗം ഉറപ്പു നല്‍കുകയും മാതാവിന്റെ ഉദരത്തില്‍ നിന്ന് പുറത്തുവന്ന ദിവസത്തെപ്പോലെ പാപരഹിതമായിത്തീര്‍ന്ന് ശുദ്ധീകരിക്കപ്പെടുമെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യുന്നുണ്ട് ഇസ്‌ലാം. ആയതുകൊണ്ടുതന്നെ ഓരോ യഥാര്‍ത്ഥ മുസ്‌ലിമും ജീവിതാഭിലാഷമായി കാണുകയാണ് ഹജ്ജ് കര്‍മ്മം. ഹജ്ജിന്റെ ആന്തരിക ഫലങ്ങളും ലക്ഷ്യവും മേല്‍പറഞ്ഞതില്‍ നിന്ന് നമുക്കു മനസ്സിലാക്കാം. അതിന്റെ ബാഹ്യമായ കര്‍മങ്ങളുടെ രൂപങ്ങളും പൊരുളുകളും നിബന്ധനകളും ചുരുക്കിവിവരിക്കുന്നത് ഉചിതമായിരിക്കുമല്ലൊ.
പ്രധാന ഘടകങ്ങള്‍ ആറാകുന്നു. 1)നിയ്യത്ത്. 2) അറഫയില്‍ നില്‍ക്കല്‍. 3) ത്വവാഫ്. 4) സഅ്‌യ്.5)മുടിനീക്കല്‍. 6)ക്രമം പാലിക്കല്‍ ഇത്രയുമായാല്‍ ഹജ്ജിന്റെ മിനിമം ആയി. അല്ലാഹുവിനു വേണ്ടി ഹജ്ജ് കര്‍മത്തില്‍ ഞാന്‍ പ്രവേശിക്കുന്നു എന്നു കരുതലാണ് നിയ്യത്ത്. ഇതു തന്റെ വീട്ടില്‍ വെച്ചോ വഴിയില്‍ വെച്ചോ അല്ലെങ്കില്‍ നിശ്ചിത സ്ഥലത്ത്(മീഖാത്ത്) വെച്ചോ ആകാവുന്നതാണ്. നിശ്ചയിക്കപ്പെട്ട സ്ഥലത്തുനിന്നും ഈ നിയ്യത്തില്ലാതെ മുന്നോട്ടുപോകാന്‍ പാടുള്ളതല്ല. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് മക്കയിലേക്കു പുറപ്പെടുന്ന വ്യക്തി മീക്കാത്തില്‍ നിന്നെങ്കിലും ഇഹ്‌റാം(നിയ്യത്ത്) ചെയ്തില്ലെങ്കില്‍ അവന്‍ ഒരു ആടിനെ അറുത്ത് ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. അവന്‍ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമാണിത്. ഹജ്ജിന്റെ കര്‍മങ്ങളില്‍ ഏറ്റവും പ്രധാനമര്‍ഹിക്കുന്നത്.
രണ്ടാമത്തെ ഫര്‍ളായ അറഫയിലെ നിറുത്തമാണ്. നില്‍ക്കുക എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇരിക്കുകയോ കിടക്കുകയോ ചെയ്താലും ഇതു കരഗതമാവും. അറഫ ഭൂമിയുടെ അതിര്‍ത്തിക്കുള്ളില്‍ ദുല്‍ഹജ്ജ് ഒന്‍പത് ളുഹ്‌റിന് ശേഷം പിറ്റേന്ന് സുബ്ഹിക്ക് മുന്‍പായി അറഫയില്‍ ഒരു ചെറിയ സമയം(അര്‍ദ്ധ നിമിഷമായാലും മതി) അവന്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഈ ഫര്‍ള് വീടി. ഈ ദിനത്തില്‍ ഹജ്ജിനെത്തിയ ലക്ഷോപലക്ഷം ജനങ്ങള്‍ അറഫ ഭൂമിയില്‍ ഒന്നിച്ചു മേളിക്കുന്നു. ളുഹ്‌റിനു ശേഷം അറഫയില്‍ പ്രവേശിച്ചു മഗ്‌രിബായ ഉടന്‍ മടങ്ങിപ്പോരലാണ് ഏറ്റവും ഉത്തമം. ആ സമയമൊക്കെയും ദിക്‌റ് ദുആയില്‍ മുഴുകുകയാണ് വേണ്ടത്. പകലും രാത്രിയും അറഫയില്‍ ഉണ്ടാകും വിധം മഗ്‌രിബിനു മുന്‍പ് അറഫയിലെത്തി മഗ്‌രിബിനു ശേഷം തിരിച്ചുപോരുന്ന വിധത്തില്‍ രാവും പകലും ഒരുമിച്ചു കൂടല്‍ വളരെ പ്രധാനപ്പെട്ടതാണ്. ശേഷം മുടി നീക്കലും ത്വവാഫും സഅ്‌യും നിര്‍വ്വഹിക്കച്ചു കഴിഞ്ഞാല്‍ ഹജ്ജിന്റെ ഫര്‍ളുകള്‍ പൂര്‍ത്തിയായി. ഫര്‍ളുകള്‍ ഒഴിവായാല്‍ ഹജ്ജ് ശരിയാവുകയില്ല നിര്‍ബന്ധമായ മറ്റുചില കാര്യങ്ങള്‍ കൂടി ഹജ്ജിനുണ്ട്. അവ ഒഴിവായ പകരം അറവ് കൊണ്ട്(ഒരാടിനെ അറുത്ത് ദാനം ചെയ്യുക) പരിഹരിക്കാവുന്നതാണ്. വാജിബാത്തുകള്‍ എന്നാണ് അവക്കു പറയുക. 1) മീക്കാത്തില്‍ വെച്ചോ, അതിനു മുന്‍പോ ഇഹ്‌റാം(നിയ്യത്ത്) ചെയ്യുക. 2)ജംറകളെ എറിയുക. 3)മുസ്ദലിഫയില്‍ രാപാര്‍ക്കുക. 4)മിനായില്‍ രാപാര്‍ക്കുക. 5)വദാഇന്റെ (വിടവാങ്ങല്‍)ത്വവാഫ് എന്നിവയാണവ.
ഹജ്ജിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ ചുരുക്കിപ്പറയാം ഇഹ്‌റാം ചെയ്ത് മക്കയിലെത്തി ഖുദൂമിന്റെ ത്വവാഫും ശേഷം സഅ്‌യും നിര്‍വ്വഹിച്ച് ദുല്‍ഹിജ്ജ എട്ടിന് മിനായിലേക്ക് രാവിലെ പുറപ്പെട്ട് അഞ്ചു നിസ്‌കാരങ്ങളും നിര്‍വ്വഹിച്ച് അറഫായിലേക്ക് പുറപ്പെടുക. ളുഹ്‌റ് മുതല്‍ മഗ് രിബ്‌വരെ അറഫയില്‍ തങ്ങി ദിക്‌റ് ദുആകളില്‍ ഏര്‍പ്പെട്ടു മഗ് രിബിനു ശേഷം മുസ്ദലിഫയിലേക്കു തിരിക്കുക. അവിടെയെത്തി രാപാര്‍ത്തു കല്ലേറിനുള്ള കല്ലുകള്‍ ശേഖരിച്ചു സുബ്ഹി നിസ്‌കരിച്ച ഉടന്‍ മിനയിലേക്ക് പുറപ്പെടുകയും രാവിലെ ജംറത്തുല്‍
അഖബയെ ഏഴ് പ്രാവശ്യം എറിയുകയും ശേഷം മുടിനീക്കി കുളിച്ച് ഹജ്ജിന്റെ വസ്ത്രങ്ങള്‍ മാറ്റി സാദാ വസ്ത്രങ്ങള്‍ അണിഞ്ഞ് മക്കയില്‍ ചെന്ന് ത്വവാഫ് നിര്‍വ്വഹിക്കുക. ശേഷം ളുഹ്‌റാവുമ്പോഴേക്ക് മിനായില്‍ തിരിച്ചെത്തി മൂന്ന് ദിവസം അവിടെ രാപാര്‍ക്കുകയും ഓരോ ദിവസവും മൂന്നു ജംറകളേയും ഏഴു വീതം കല്ലെറിയുകയും ചെയ്യുക. രണ്ടു ദിവസത്തെ രാപാര്‍ക്കലില്‍ ചുരുക്കിയാല്‍ കുഴപ്പമില്ല. ചുരുക്കുകയാണെന്ന നിയ്യത്തോടെ രണ്ടാം ദിവസം കല്ലെറിഞ്ഞു കഴിഞ്ഞാല്‍ മഗ്‌രിബിനു മുമ്പ് മിനായില്‍ നിന്ന് പോരുന്നവര്‍ക്ക് മൂന്നാം ദിവസത്തെ രാപാര്‍ക്കലും ഏറും ഒഴിവാക്കാവുന്നതാണ് എന്നര്‍ത്ഥം. മുമ്പ് ഉംറ നിര്‍വ്വഹിക്കാത്തവര്‍ ഉംറകൂടി നിര്‍വ്വഹിച്ച് വദാഇന്റെ ത്വവാഫ് ചെയ്ത് കഴിഞ്ഞാല്‍ ഹജ്ജും അനുബന്ധ കാര്യങ്ങളും പൂര്‍ത്തിയായി.
മഹാനായ ഇബ്‌റാഹീം നബി(അ) യുടേയും കുടുംബത്തിന്റെയും ത്യാഗേജ്ജ്വലമായി സ്മരണ പുതുക്കുന്ന ഹജ്ജും ബലി പെരുന്നാളും ലോകര്‍ക്ക് വലിയ പാഠങ്ങള്‍ നല്‍കുന്ന ആഗോള മുസ് ലിം പുണ്യ ദിനങ്ങളാണ്. ക്ഷമ, ത്യാഗം, അനുകമ്പ, ഐക്യം, മുതലായവയാണ് ഈ ദിനങ്ങളുടെ സന്ദേശം. ഇതുള്‍കൊണ്ട് ജീവിതം ധന്യമാക്കാന്‍ നാഥന്‍ തുണക്കട്ടെ.ആമീന്‍.

Leave a Reply

Your email address will not be published. Required fields are marked *